ഒരു ദേശീയ വനത്തിൽ, തേൻ കൂൺ എന്നറിയപ്പെടുന്ന ഒരു ഫംഗസ് മരത്തിന്റെ വേരുകളിലൂടെ 2,200 ഏക്കറോളം വ്യാപിക്കുകയുണ്ടായി. കണ്ടെത്തിയിട്ടുള്ളതിലേക്കും വലിയ ജീവവസ്തു ആയിരുന്നു അത്. അത് രണ്ടു സഹസ്രാബ്ദത്തിലേറെയായി വനത്തിലൂടെ അതിന്റെ ”ഷൂസിന്റെ കറുത്ത ചരടുമാതിരിയുള്ള ഫിലമെന്റുകൾ നെയ്തുകൊണ്ട്” വളർന്ന് മരങ്ങളെ നശിപ്പിച്ച് പെരുകുകയായിരുന്നു. ”റൈസോമോർഫ്‌സ്” എന്നറിയപ്പെടുന്ന അതിന്റെ ഷൂസിന്റെ ചരടുമാതിരിയുള്ള ഫിലമെന്റുകൾ മണ്ണിലേക്ക് പത്ത് അടി വരെ ആഴത്തിൽ തുരന്നു ചെന്നിരുന്നു. ഈ ജീവി അവിശ്വസനീയമാംവിധം വലുതാണെങ്കിലും, അത് ആരംഭിച്ചത് ഒരൊറ്റ സൂക്ഷ്മ ബീജകോശത്തിൽ നിന്നാണ്!

വ്യാപകമായ ശിക്ഷാവിധിക്കു കാരണമായി അനുസരണക്കേടിന്റെ ഒരു പ്രവൃത്തിയെക്കുറിച്ചും അതിനു പരിഹാരം വരുത്തിയ അനുസരണത്തിന്റെ ഒരു പ്രവൃത്തിയെക്കുറിച്ചും ബൈബിൾ പറയുന്നു. അപ്പൊസ്തലനായ പൗലൊസ് രണ്ടു വ്യക്തികളെ താരതമ്യപ്പെടുത്തുന്നു—ആദാമും യേശുവും (റോമർ 5:14-15). ആദാമിന്റെ പാപം ”സകല മനുഷ്യരിലും” ശിക്ഷയും മരണവും കൊണ്ടുവന്നു (വാ. 12). അനുസരണക്കേടിന്റെ ഒരു പ്രവൃത്തിയിലൂടെ എല്ലാവരും പാപികളാകുകയും ദൈവമുമ്പാകെ ശിക്ഷായോഗ്യരാകുകയും ചെയ്തു (വാ. 17). എന്നാൽ മനുഷ്യരാശിയുടെ പാപപ്രശ്‌നം കൈകാര്യം ചെയ്യാനുള്ള മാർഗ്ഗം ദൈവത്തിന്റെ പക്കലുണ്ടായിരുന്നു. ക്രൂശിൽ യേശുവിന്റെ നീതിനിഷ്ഠമായ പ്രവൃത്തിയിലൂടെ ദൈവം നിത്യജീവനും അവന്റെ മുമ്പിലുള്ള ശരിയായ നിലയും നൽകുന്നു. ക്രിസ്തുവിന്റെ സ്‌നേഹപ്രവൃത്തിയും അനുസരണവും—”സകല മനുഷ്യർക്കും ജീവൻ” നൽകിക്കൊണ്ട് (വാ. 18)—ആദാമിന്റെ അനുസരണക്കേടിന്റെ പ്രവൃത്തിയെ മറികടക്കാൻ ശക്തമായിരുന്നു.

ക്രൂശിലെ തന്റെ മരണത്തിലൂടെ, തന്നിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും യേശു നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു. അവന്റെ പാപമോചനവും രക്ഷയും നിങ്ങൾക്ക് ലഭിച്ചിട്ടില്ലെങ്കിൽ, ഇന്ന് നിങ്ങൾക്കതു പ്രാപിക്കാൻ കഴിയും. നിങ്ങൾ ഇതിനകം ഒരു വിശ്വാസിയാണെങ്കിൽ, അവന്റെ മഹത്തായ സ്നേഹപ്രവൃത്തിയിലൂടെ അവൻ ചെയ്തതിന് അവനെ സ്തുതിക്കുക!