തന്റെ മുത്തച്ഛന്റെ കൃതികളെ അനുസ്മരിച്ച് പീറ്റർ ക്രോഫ്റ്റ് എഴുതി, ”തന്റെ ബൈബിൾ എടുക്കുന്ന വ്യക്തിയെക്കുറിച്ച്, അവർ ഏത് പതിപ്പ് ഉപയോഗിച്ചാലും, എന്റെ ആഴമായ ആഗ്രഹം, അവരതിനെ മനസ്സിലാക്കുക മാത്രമല്ല, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ളവർ ചെയ്തതുപോലെ തിരുവെഴുത്തുകളെ പ്രസക്തവും അപകടകരവും ആവേശകരവുമായ ജീവനുള്ള രേഖകളായി അനുഭവിക്കുകയും ചെയ്യുക എന്നതാണ്.” രണ്ടാം ലോകമഹായുദ്ധ സമയത്ത് തന്റെ സഭയിലെ വിദ്യാർത്ഥികൾക്ക് തിരുവെഴുത്തിനെ സജീവമാക്കി നൽകുന്നതിനായി ഇംഗ്ലീഷിൽ ബൈബിളിന്റെ ഒരു പുതിയ പരാവർത്തനം തയ്യാറാക്കിയ യുവശുശ്രൂഷകനായിരുന്ന ജെ.ബി. ഫിലിപ്സ് ആയിരുന്നു പീറ്ററിന്റെ മുത്തച്ഛൻ.
ഫിലിപ്സിന്റെ വിദ്യാർത്ഥികളെപ്പോലെ, തിരുവെഴുത്ത് വായിക്കുന്നതിനും അനുഭവിക്കുന്നതിനും നാമും തടസ്സങ്ങൾ നേരിടുന്നു, പക്ഷേ അതു നമ്മുടെ ബൈബിൾ പരിഭാഷ കാരണം അല്ല. നമുക്ക് സമയമോ അച്ചടക്കമോ മനസ്സിലാക്കാനുള്ള ശരിയായ ഉപകരണങ്ങളോ ഇല്ലായിരിക്കാം. എന്നാൽ സങ്കീർത്തനം 1 നമ്മോട് പറയുന്നത്, ”യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ച് അവന്റെ ന്യായപ്രമാണത്തെ രാപകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ” (വാ. 2) എന്നാണ്. നാം എന്ത് പ്രയാസങ്ങൾ നേരിട്ടാലും ദിവസേന തിരുവെഴുത്തുകളെ ധ്യാനിക്കുന്നത് എല്ലാ കാലത്തും ”അഭിവൃദ്ധി പ്രാപിക്കാൻ” നമ്മെ സഹായിക്കുന്നു.
നിങ്ങളുടെ ബൈബിളിനെ നിങ്ങൾ എങ്ങനെ കാണുന്നു? ഇന്നു ജീവിക്കാനുള്ള ഉൾക്കാഴ്ച നൽകിക്കൊണ്ട് അത് ഇപ്പോഴും പ്രസക്തമാണ്, യേശുവിനെ വിശ്വസിക്കാനും പിന്തുടരാനുമുള്ള ആഹ്വാനത്തിൽ ഇപ്പോഴും അപകടകരമാണ്, ദൈവത്തെയും മനുഷ്യനെയും കുറിച്ചുള്ള അറിവു നൽകുന്നതിലൂടെ അത് ഇപ്പോഴും ആവേശകരമാണ്. ദിനംപ്രതി നമുക്ക് ആവശ്യമായ പോഷണം നൽകുന്ന ഒരു നീരൊഴുക്കു പോലെയാണത് (വാ. 3). ഇന്ന്, നമുക്ക് അതിലേക്കു ചായാം—സമയം ഉണ്ടാക്കുകയും ശരിയായ ഉപകരണങ്ങൾ നേടുകയും ഒരു ജീവനുള്ള രേഖയായി തിരുവെഴുത്ത് അനുഭവിക്കാൻ നമ്മെ സഹായിക്കാൻ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യാം.
ബൈബിൾ വായിക്കുമ്പോൾ നിങ്ങൾ എന്തു തടസ്സങ്ങളാണ് നേരിടുന്നത്? ദൈവത്തിന്റെ ശബ്ദം കേൾക്കുന്നതിനായി നിങ്ങൾക്ക് എങ്ങനെ ഇടം നൽകാനാകും?
ദൈവമേ, ഇന്ന് ജീവനുള്ള ഒരു രേഖയായി തിരുവെഴുത്തിനെ അനുഭവിക്കാൻ എന്നെ സഹായിക്കണമേ.