ഞാൻ വളർന്ന ഉൾനാടൻ പട്ടണത്തിൽ വെള്ളിയാഴ്ച ചന്ത ദിവസമായിരുന്നു. ഇത്രയും വർഷങ്ങൾക്കുശേഷവും, ഒരു പ്രത്യേക കച്ചവടക്കാരിയെ ഞാൻ ഇപ്പോഴും ഓർക്കുന്നു. അവളുടെ കൈവിരലുകളും കാൽവിരലുകളും ഹാൻസെൻസ് രോഗം (കുഷ്ഠരോഗം) മൂലം ദ്രവിച്ചുപോയിരുന്നു. അവൾ തന്റെ പായയിൽ ഇരുന്നുകൊണ്ട് പൊള്ളയായ ചുരയ്ക്കാ തോട് ഉപയോഗിച്ച് തന്റെ ഉല്പന്നങ്ങൾ കൂട്ടിവയ്ക്കും. ചിലർ അവളെ ഒഴിവാക്കി. അവളിൽ നിന്ന് പതിവായി വാങ്ങുന്നത് എന്റെ അമ്മ ഗൗരവമായെടുത്തു. മാർക്കറ്റ് ദിവസങ്ങളിൽ മാത്രമാണ് ഞാൻ അവളെ കണ്ടത്. അതിനുശേഷം അവൾ പട്ടണത്തിനു പുറത്ത് അപ്രത്യക്ഷമാകും.

പുരാതന യിസ്രായേല്യരുടെ കാലത്ത്, കുഷ്ഠം പോലുള്ള രോഗങ്ങൾ അർത്ഥമാക്കുന്നത് ”പാളയത്തിനുപുറത്ത്” ജീവിക്കുക എന്നതാണ്. അതൊരു നിരാലംബ അസ്തിത്വമായിരുന്നു. അത്തരം ആളുകളെക്കുറിച്ച് യിസ്രായേൽ നിയമം പറയുന്നത്, ”അവൻ തനിച്ചു പാർക്കണം” (ലേവ്യപുസ്തകം 13:46) എന്നാണ്. പാളയത്തിനു പുറത്തുവെച്ചായിരുന്നു യാഗമർപ്പിച്ച കാളകളുടെ ശരീരങ്ങൾ ദഹിപ്പിക്കുന്നതും (4:12). നിങ്ങൾ ആയിരിക്കാൻ ഇഷ്ടപ്പെടുന്ന സ്ഥലമല്ല പാളയത്തിനു പുറത്തുള്ള സ്ഥലം.

ഈ പരുഷമായ യാഥാർത്ഥ്യം എബ്രായർ 13 ലെ യേശുവിനെക്കുറിച്ചുള്ള പ്രസ്താവനയ്ക്കു ജീവൻ പകരുന്നു: ”ആകയാൽ നാം അവന്റെ നിന്ദ ചുമന്നുകൊണ്ടു പാളയത്തിനു പുറത്ത് അവന്റെ അടുക്കൽ ചെല്ലുക” (വാ. 13). യേശുവിനെ യെരൂശലേമിനു പുറത്താണു ക്രൂശിച്ചത് എന്ന വസ്തുത, എബ്രായ യാഗസമ്പ്രദായത്തെക്കുറിച്ച് പഠിക്കുമ്പോൾ അതീവ പ്രാധാന്യമർഹിക്കുന്നതാണ്.

നമുക്കു ശ്രദ്ധേയരാകണം, ആദരിക്കപ്പെടണം, സുഖകരമായ ജീവിതം നയിക്കണം. എന്നാൽ നിന്ദയുടെ ഇടമായ ”പാളയത്തിനു പുറത്തേക്കു” പോകാൻ ദൈവം നമ്മെ വിളിക്കുന്നു. അവിടെയാണ് ഹാൻസെൻസ് രോഗമുള്ള കച്ചവടക്കാരിയെ നാം കണ്ടെത്തുന്നത്. ലോകം ഉപേക്ഷിച്ച ആളുകളെ നാം അവിടെയാണു കണ്ടെത്തുന്നത്. അവിടെയാണ് നാം യേശുവിനെ കണ്ടെത്തുന്നത്.