ഒരു ബേസ്ബോൾ ഇതിഹാസമായിരുന്ന ഡാരിൽ മയക്കുമരുന്ന് ഉപയോഗത്തിലൂടെ തന്റെ ജീവിതം ഏതാണ്ട് നശിപ്പിച്ചു. എന്നാൽ യേശു അവനെ സ്വതന്ത്രനാക്കി, അവൻ വർഷങ്ങളായി ശുദ്ധനായിരിക്കുന്നു. ഇന്ന് അവൻ ആസക്തിയോട് മല്ലിടുന്ന മറ്റുള്ളവരെ സഹായിക്കുകയും അവരെ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. തിരിഞ്ഞുനോക്കുമ്പോൾ, ദൈവം തന്റെ കുഴപ്പങ്ങളെ ഒരു സന്ദേശമാക്കി മാറ്റി എന്ന് അദ്ദേഹം സ്ഥിരീകരിക്കുന്നു.
ദൈവത്തിന് ഒന്നും പ്രയാസകരമല്ല. ശിഷ്യന്മാരോടൊപ്പം കൊടുങ്കാറ്റുള്ള ഒരു രാത്രി ഗലീല കടലിൽ സഞ്ചരിച്ചതിനുശേഷം യേശു ഒരു സെമിത്തേരിക്ക് സമീപം കരയ്ക്കണഞ്ഞപ്പോൾ, അന്ധകാര ബാധിതനായ ഒരാൾ ഉടനെ അവനെ സമീപിച്ചു. യേശു അവന്റെയുള്ളിലെ പിശാചുക്കളോട് സംസാരിച്ചു, അവയെ പുറത്താക്കി അവനെ സ്വതന്ത്രനാക്കി.
യേശു മടങ്ങിപ്പോയപ്പോൾ, അവനോടൊപ്പം പോകുവാൻ ആ മനുഷ്യൻ അപേക്ഷിച്ചു. എന്നാൽ യേശു അവനെ അനുവദിക്കാതെ, ”നിന്റെ വീട്ടിൽ നിനക്കുള്ളവരുടെ അടുക്കൽ ചെന്ന്, കർത്താവ് നിനക്കു ചെയ്തത് ഒക്കെയും നിന്നോടു കരുണ കാണിച്ചതും പ്രസ്താവിക്ക എന്ന് അവനോടു പറഞ്ഞു” (മർക്കൊസ് 5:19).
നാം ആ മനുഷ്യനെ പിന്നീടൊരിക്കലും കാണുന്നില്ല, പക്ഷേ വേദപുസ്തകം താല്പര്യജനകമായ ചിലത് കാണിച്ചുതരുന്നു. ആ പ്രദേശത്തെ ജനങ്ങൾ ഭയപ്പെട്ട് യേശുവിനോട് ”തങ്ങളുടെ അതിര് വിട്ടുപോകുവാൻ അപേക്ഷിച്ചു” (വാ. 17), എന്നാൽ അടുത്ത തവണ അവൻ അവിടെ തിരിച്ചെത്തിയപ്പോൾ ഒരു വലിയ ജനക്കൂട്ടം തടിച്ചുകൂടി (8:1). യേശു ആ മനുഷ്യനെ അയച്ചതിന്റെ ഫലമായിരുന്നുവോ ആ വലിയ ജനക്കൂട്ടം? ഒരുകാലത്ത് അന്ധകാരത്താൽ പിടിക്കപ്പെട്ടിരുന്ന ആ മനുഷ്യൻ, ആദ്യത്തെ മിഷനറിമാരിൽ ഒരാളായി, രക്ഷിക്കാനുള്ള യേശുവിന്റെ ശക്തിയെ ഫലപ്രദമായി ആശയവിനിമയം ചെയ്തതായിരിക്കുമോ അതിനു കാരണം?
സ്വർഗ്ഗത്തിന്റെ ഈ വശം നാം ഒരിക്കലും അറിയുകയില്ല, പക്ഷേ ഇത് വളരെ വ്യക്തമാണ്. അവനെ സേവിക്കാൻ ദൈവം നമ്മെ സ്വതന്ത്രരാക്കുമ്പോൾ, ഒരു കുഴപ്പംപിടിച്ച ഭൂതകാലത്തെപ്പോലും പ്രത്യാശയുടെയും സ്നേഹത്തിന്റെയും സന്ദേശമാക്കി മാറ്റാൻ അവനു കഴിയും.
യേശു നിങ്ങളെ എന്തിൽനിന്നാണു മോചിപ്പിച്ചത്? അവൻ നിങ്ങൾക്കായി ചെയ്തത് മറ്റുള്ളവരുമായി എങ്ങനെ പങ്കിടാനാകും?
സുന്ദര രക്ഷകാ, അങ്ങയുടെ അത്ഭുതകരമായ ശക്തിക്കായി ഞാൻ അങ്ങയെ സ്തുതിക്കുന്നു! അങ്ങേയ്ക്കെതിരെ നിൽക്കുവാൻ ഒരു ഇരുട്ടിനും കഴികയില്ല! ഇന്ന് അങ്ങയുടെ വെളിച്ചത്തിൽ നടക്കാൻ എന്നെ സഹായിക്കണമേ!