ഗ്രാമത്തിലെ വികാരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രണ്ടാം ലോകമഹായുദ്ധം രൂക്ഷമായപ്പോൾ, ഒരു ചെറിയ കൂട്ടം അമേരിക്കൻ സൈനികരോട്, അവരുടെ കൊല്ലപ്പെട്ട സഹസൈനികനെ തന്റെ പള്ളിയുടെ അടുത്തുള്ള വേലികെട്ടിയ സെമിത്തേരിയിൽ അടക്കം ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. സഭാംഗങ്ങൾക്കു മാത്രമേ ശ്മശാനം അനുവദിക്കപ്പെട്ടിരുന്നുള്ളൂ. അതിനാൽ അവർ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ വേലിക്ക് പുറത്ത് അടക്കം ചെയ്തു.

എന്നാൽ പിറ്റേന്ന് രാവിലെ, സൈനികർക്ക് ശവക്കുഴി കണ്ടെത്താനായില്ല. ”എന്ത് സംഭവിച്ചു? ശവക്കുഴി പോയി,” ഒരു സൈനികൻ വികാരിയോടു പറഞ്ഞു. ”ഓ, അത് ഇപ്പോഴും അവിടെയുണ്ട്,” അദ്ദേഹം പറഞ്ഞു. പട്ടാളക്കാരൻ ആശയക്കുഴപ്പത്തിലായപ്പോൾ വികാരി വിശദീകരിച്ചു. ”പറ്റില്ലെന്ന് നിങ്ങളോടു പറഞ്ഞതിൽ ഞാൻ ഖേദിച്ചു. അതുകൊണ്ട്, ഇന്നലെ രാത്രി ഞാൻ എഴുന്നേറ്റു വേലി നീക്കി.”

നമ്മുടെ ജീവിത വെല്ലുവിളികൾക്കും ദൈവം പുതിയ വീക്ഷണം നൽകിയേക്കാം—നാം അതിനായി അന്വേഷിക്കുകയാണെങ്കിൽ. അതാണ് അടിച്ചമർത്തപ്പെട്ട യിസ്രായേൽ ജനത്തിന് യെശയ്യാ പ്രവാചകൻ നൽകിയ സന്ദേശം. അവരുടെ ചെങ്കടലിലെ രക്ഷയിലേക്ക് ആകാംക്ഷയോടെ തിരിഞ്ഞുനോക്കുന്നതിനുപകരം, ദൈവം പുതിയ അത്ഭുതങ്ങൾ ചെയ്യുന്നതും പുതിയ പാതകൾ നിർമ്മിക്കുന്നതും കാണത്തക്കവിധം അവരുടെ നോട്ടം മാറ്റേണ്ടതുണ്ട്. ”ഭൂതകാലത്തിൽ വസിക്കരുത്” എന്ന് അവൻ അവരെ ഉദ്‌ബോധിപ്പിച്ചു. ”ഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു!” (യെശയ്യാവ് 43:18-19). സംശയങ്ങളുടെയും യുദ്ധങ്ങളുടെയും വേളകളിൽ അവൻ നമ്മുടെ പ്രതീക്ഷയുടെ ഉറവിടമാണ്. ”ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിനു കുടിക്കുവാൻ കൊടുക്കേണ്ടതിനു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നു” (വാ. 20). 

പുതിയ ദർശനം കൊണ്ട് ഉന്മേഷം പ്രാപിച്ച നമുക്കും നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ പുതിയ ദിശ കാണാൻ കഴിയും. അവിടുത്തെ പുതിയ വഴികൾ കാണാൻ നമുക്ക് പുതിയ കണ്ണുകളോടെ നോക്കാം. പിന്നെ, ധൈര്യത്തോടെ, അവനെ അനുഗമിച്ച് പുതിയ മേഖലയിലേക്ക് കടക്കാം.