2018 ലെ ബേസ്ബോൾ സീസണിൽ, ഒരു പരിശീലകൻ ഡഗൗട്ടിൽ ഇരിക്കുന്ന ഒരു പയ്യന് പന്തു നൽകാൻ ആഗ്രഹിച്ചു. എന്നാൽ കോച്ച് അവന്റെ നേർക്ക് എറിഞ്ഞ പന്ത് ഒരു മനുഷ്യൻ തട്ടിയെടുത്തു. ഇതിന്റെ വീഡിയോ വൈറലായി. വാർത്താ ഏജൻസികളും സോഷ്യൽ മീഡിയയും ഒരു മനുഷ്യന്റെ ഈ ക്രൂരതയെ അപലപിച്ചു. അതല്ലാതെ കാഴ്ചക്കാർക്ക് മുഴുവൻ കഥയും അറിയില്ലായിരുന്നു. നേരത്തെ, ആ കുട്ടിയെ ഒരു പന്തെടുക്കാൻ ആ മനുഷ്യൻ സഹായിച്ചിരുന്നു; അവരുടെ നേർക്കു വരുന്ന അധിക പന്തുകൾ പങ്കിടാൻ അവർ സമ്മതിച്ചിരുന്നു. നിർഭാഗ്യവശാൽ, യഥാർത്ഥ കഥ പുറത്തുവരാൻ ഇരുപത്തിനാലു മണിക്കൂർ എടുത്തു. നിരപരാധിയായ ഒരു മനുഷ്യനെ പൈശാചികവൽക്കരിച്ചുകൊണ്ട് ആൾക്കൂട്ടം അതിന്റെ നാശനഷ്ടങ്ങൾ ഇതിനകം നടത്തിയിരുന്നു.
പലപ്പോഴും, ഭാഗങ്ങൾ മാത്രം ഉള്ളപ്പോഴും നമുക്ക് മുഴുവൻ വസ്തുതകളും കൈയിലുണ്ടെന്ന് നാം കരുതുന്നു. നമ്മുടെ ആധുനിക എനിക്കെല്ലാം മനസ്സിലായി സംസ്കാരത്തിൽ, മുഴുവൻ കഥയും കേൾക്കാതെ നാടകീയമായ വീഡിയോകളുടെ ശകലങ്ങളും പ്രകോപിപ്പിക്കുന്ന ട്വീറ്റുകളും ഉപയോഗിച്ച്, ആളുകളെ അപലപിക്കുന്നത് എളുപ്പമാണ്. എന്നിരുന്നാലും, ”വ്യാജവർത്തമാനം പരത്തരുത്” എന്നു തിരുവെഴുത്ത് മുന്നറിയിപ്പ് നൽകുന്നു (പുറപ്പാട് 23:1). ആരോപണങ്ങൾ ഉന്നയിക്കുന്നതിന് മുമ്പ് നുണപ്രചാരണത്തിൽ പങ്കെടുക്കില്ലെന്ന് ഉറപ്പാക്കി സത്യം സ്ഥിരീകരിക്കാൻ സാധ്യമായതെല്ലാം നാം ചെയ്യണം. ജാഗ്രത പുലർത്തുന്ന ഒരു ആത്മാവ് പിടിമുറുക്കുമ്പോഴും വികാരങ്ങൾ ആളിക്കത്തിക്കുമ്പോഴും ന്യായവിധിയുടെ തിരമാലകൾ ഉയരുമ്പോഴും നാം ജാഗ്രത പാലിക്കണം. ”ന്യായം മറിച്ചുകളയുവാൻ ബഹുജനപക്ഷം ചേരുന്നതിൽനിന്ന്” നാം നമ്മെത്തന്നെ സൂക്ഷിക്കണം (വാ. 2).
യേശുവിലുള്ള വിശ്വാസികളെന്ന നിലയിൽ, അസത്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ. ജ്ഞാനം പ്രകടിപ്പിക്കാനും നമ്മുടെ വാക്കുകൾ സത്യമാണെന്ന് ഉറപ്പാക്കാനും നമുക്ക് ആവശ്യമുള്ളത് അവിടുന്ന് നൽകട്ടെ.
ഒരാൾ വ്യാജ ആരോപണത്തിനിരയായ ഒരു സമയം ഓർമ്മിക്കുവാൻ ഒരു നിമിഷം എടുക്കുക. എന്തു നാശമാണതുണ്ടാക്കിയത്? തെറ്റ് എങ്ങനെയാണ് പരിഹരിച്ചത്?
ദൈവമേ, ഈ ദിവസങ്ങളിൽ കാര്യങ്ങൾ വളരെ വേഗത്തിൽ നീങ്ങുമ്പോൾ, യഥാർത്ഥമായത് എന്താണെന്ന് അറിയാൻ പലപ്പോഴും പ്രയാസമാണ്. കേൾക്കുവാനും ശ്രദ്ധ കൊടുക്കുവാനും സത്യം മാത്രം സംസാരിക്കാനും എന്നെ സഹായിക്കണമേ.