സാക്ക് ഏകാകിയായിരുന്നു. നഗരവീഥികളിലൂടെ നടക്കുമ്പോൾ ആളുകളുടെ ശത്രുതയോടെയുള്ള നോട്ടം അയാൾക്കനുഭവപ്പെടും. എന്നാൽ പിന്നീട് അയാളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടായി. സാക്ക് പിന്നീട് വളരെ പ്രമുഖനായ ഒരു ക്രിസ്തീയ നേതാവും കൈസര്യയിലെ സഭയുടെ പാസ്റ്ററുമായി മാറിയെന്ന് സഭാ പിതാക്കന്മാരിൽ ഒരാളായ അലക്‌സാണ്ട്രിയയിലെ ക്ലെമന്റ് പറയുന്നു. അതേ, നമ്മൾ സംസാരിക്കുന്നത് യേശുവിനെ കാണാൻ ഒരു കാട്ടത്തിമേൽ കയറിയ ചുങ്കക്കാരനായ സക്കായിയെക്കുറിച്ചാണ് (ലൂക്കൊസ് 19:1-10).

മരത്തിൽ കയറാൻ അവനെ പ്രേരിപ്പിച്ചതെന്താണ്? റോമാ സാമ്രാജ്യത്തെ സേവിക്കുന്നതിനായി സ്വന്തം ജനങ്ങളുടെമേൽ കനത്ത നികുതി ചുമത്തിയതിനാലാണ് ചുങ്കക്കാരെ രാജ്യദ്രോഹികളായി ജനം കണ്ടിരുന്നത്. എന്നിട്ടും അവരെ സ്വീകരിക്കുന്ന കാര്യത്തിൽ യേശു പ്രശസ്തനായിരുന്നു. യേശു തന്നെയും സ്വീകരിക്കുമോ എന്ന് സക്കായി ചിന്തിച്ചിരിക്കാം. എന്നിരുന്നാലും പൊക്കക്കുറവു കാരണം ജനക്കൂട്ടത്തിനു നടുവിലുള്ള യേശുവിനെ കാണാൻ അവനു കഴിഞ്ഞില്ല (വാ. 3). അവനെ കാണുന്നതിനായിരിക്കാം അവൻ മരത്തിൽ കയറിയത്.

യേശു സക്കായിയെയും അന്വേഷിച്ചു. സക്കായി ഇരിക്കുന്ന വൃക്ഷത്തിനു ചുവട്ടിലെത്തിയപ്പോൾ അവൻ തലപൊക്കി നോക്കി പറഞ്ഞു, ”സക്കായിയേ, വേഗം ഇറങ്ങിവാ: ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” (വാ. 5). ഭ്രഷ്ട് കല്പിക്കപ്പെട്ട ഈ വീട്ടിൽ ഒരു അതിഥിയാകേണ്ടത് അത്യാവശ്യമാണെന്ന് യേശു കരുതി. അതു സങ്കൽപ്പിച്ചു നോക്കുക! സമൂഹം തള്ളിക്കളഞ്ഞ ഒരുവനോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ലോക രക്ഷകൻ.

സക്കായിയെപ്പോലെ നമ്മുടെ ഹൃദയങ്ങളോ ബന്ധങ്ങളോ ജീവിതമോ നന്നാക്കേണ്ടതുണ്ടെങ്കിൽ, നമുക്ക് പ്രതീക്ഷയ്ക്കു വകയുണ്ട്. നാം അവനിലേക്ക് തിരിയുമ്പോൾ യേശു ഒരിക്കലും നമ്മെ തള്ളിക്കളയുകയില്ല. നഷ്ടപ്പെട്ടതും തകർന്നതുമായ കാര്യങ്ങൾ പുനഃസ്ഥാപിക്കാനും നമ്മുടെ ജീവിതത്തിന് പുതിയ അർത്ഥവും ലക്ഷ്യവും നൽകാനും അവനു കഴിയും.