യുദ്ധസമയത്ത് ലൂയിസ് സാംപെരിനിയുടെ സൈനിക വിമാനം കടലിൽ തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന പതിനൊന്നു പേരിൽ എട്ടു പേരും മരിച്ചു. ”ലൂയി”യും മറ്റു രണ്ടു പേരും രക്ഷാബോട്ടുകളിൽ കയറി. അവർ സ്രാവുകളെ പ്രതിരോധിച്ചും, കൊടുങ്കാറ്റിൽ ശക്തിയായി തുഴഞ്ഞും, ശത്രു വിമാനത്തിൽ നിന്നുള്ള വെടിയുണ്ടകളെ ഒഴിഞ്ഞുമാറിയും, മത്സ്യങ്ങളെയും പക്ഷികളെയും പിടിച്ച് പച്ചയ്ക്കു തിന്നു വിശപ്പടക്കിയും രണ്ടുമാസക്കാലം കടലിൽ അലഞ്ഞു. ഒടുവിൽ അവർ ഒരു ദ്വീപിലെത്തി, കരയിലെത്തിയ ഉടനെ അവർ പിടിക്കപ്പെട്ടു. രണ്ടുവർഷത്തോളം ലൂയിയെ അടിക്കുകയും പീഡിപ്പിക്കുകയും യുദ്ധത്തടവുകാരനെന്ന നിലയിൽ അവനോടു നിഷ്‌കരുണം പെരുമാറുകയും ചെയ്തു. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കഥ അൺബ്രോക്കൺ എന്ന പുസ്തകത്തിൽ പറയുന്നു. 

ബൈബിളിലെ തകർക്കപ്പെടാത്ത കഥാപാത്രങ്ങളിലൊരുവനാണ് യിരെമ്യാവ്. അവൻ ശത്രുക്കളുടെ ഗൂഢാലോചനക്കിരയായി (യിരെമ്യാവ് 11:18), അവനെ ചാട്ടവാറിനടിക്കുകയും ആമത്തിൽ ഇടുകയും ചെയ്തു (20:2). അവനെ അടിക്കുകയും തടവറയിൽ ബന്ധിക്കുകയും ചെയ്തു (37:15-16), പിന്നീട് കയറുകൊണ്ട് ഒരു കുഴിയിലെ ആഴത്തിലുള്ള ചെളിയിലേക്ക് താഴ്ത്തി (38:6). അവനോടൊപ്പമിരുന്ന് അവനെ രക്ഷിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തതുകൊണ്ടാണ് അവൻ രക്ഷപ്പെട്ടത് (1:8). ദൈവം നമ്മോട് സമാനമായ ഒരു വാഗ്ദത്തം ചെയ്യുന്നു: ”ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കുകയുമില്ല” (എബ്രായർ 13:5). ദൈവം യിരെമ്യാവിനെയോ നമ്മെയോ പ്രശ്‌നങ്ങളിൽനിന്നു രക്ഷിക്കാമെന്നു വാഗ്ദത്തം ചെയ്തിട്ടില്ല, മറിച്ച് പ്രശ്‌നത്തിലൂടെ നമ്മെ വഹിച്ചുകൊള്ളാമെന്ന് അവൻ വാഗ്ദത്തം ചെയ്തിരിക്കുന്നു. 

ദൈവത്തിന്റെ സംരക്ഷണം ലൂയി തിരിച്ചറിഞ്ഞു, യുദ്ധാനന്തരം അദ്ദേഹം തന്റെ ജീവിതത്തെ യേശുവിനു നൽകി. തന്റെ ബന്ദിയാക്കിയവരോടു ക്ഷമിക്കുകയും ചിലരെ ക്രിസ്തുവിലേക്കു നയിക്കുകയും ചെയ്തു. നമുക്ക് എല്ലാ പ്രശ്‌നങ്ങളെയും ഒഴിവാക്കാനാവില്ലെങ്കിലും നാം തനിയെ അവയെ അനുഭവിക്കേണ്ടതില്ലെന്ന് ലൂയി മനസ്സിലാക്കി. യേശുവിനോടൊപ്പം നാം അവയെ അഭിമുഖീകരിക്കുമ്പോൾ, നാം തകർക്കപ്പെടാൻ കഴിയാത്തവരായിത്തീരുന്നു.