നമ്മുടെ വീടുകളിലെ സ്മാർട്ട് ഉപകരണങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള അലക്സാ, സിരി, മറ്റ് വോയ്സ് അസിസ്റ്റന്റുകൾ നാം പറയുന്നതിനെ ഇടയ്ക്കിടെ തെറ്റിദ്ധരിക്കാറുണ്ട്. ഒരു ആറു വയസ്സുകാരി തന്റെ കുടുംബത്തിന്റെ പുതിയ ഉപകരണത്തോട് കുക്കികളെയും ഒരു ഡോൾഹൗസിനെയും കുറിച്ച് സംസാരിച്ചു. പിന്നീട് അവളുടെ അമ്മയ്ക്ക് ഒരു ഇമെയിൽ ലഭിച്ചു, ഏഴ് പൗണ്ട് കുക്കികളും 170 ഡോളറിന്റെ ഡോൾഹൗസും അവളുടെ വീട്ടിലേക്ക് അയച്ചിട്ടുണ്ടത്രേ. ഒരിക്കലും ഓൺലൈനിൽ ഒന്നും വാങ്ങിയിട്ടില്ലാത്ത ഒരു ലണ്ടൻ നിവാസിയുടെ സംസാരിക്കുന്ന തത്ത, അവളുടെ അറിവില്ലാതെ സ്വർണ്ണ സമ്മാന ബോക്സുകളുടെ ഒരു പാക്കേജിന് ഓർഡർ കൊടുത്തു. ഒരു വ്യക്തി അവരുടെ ഉപകരണത്തോട് ”ലിവിംഗ് റൂം ലൈറ്റുകൾ ഓണാക്കാൻ” ആവശ്യപ്പെട്ടു, ”ഇവിടെ പുഡ്ഡിംഗ് റൂം ഇല്ല” എന്നത് മറുപടി നൽകി.
നാം ദൈവവുമായി സംസാരിക്കുമ്പോൾ അവന്റെ ഭാഗത്തുനിന്ന് അത്തരം തെറ്റിദ്ധാരണകളൊന്നുമില്ല. അവന് ഒരിക്കലും ആശയക്കുഴപ്പമുണ്ടാകുന്നില്ല, കാരണം നമ്മുടെ ഹൃദയങ്ങളെ നമ്മേക്കാൾ നന്നായി അവനറിയാം. ആത്മാവ് ഒരേസമയം നമ്മുടെ ഹൃദയത്തെ ശോധനചെയ്യുകയും ദൈവേഷ്ടം മനസ്സിലാക്കുകയും ചെയ്യുന്നു. നമ്മെ പക്വതയുള്ളവരാക്കുന്നതിനും നമ്മെ തന്റെ പുത്രനെപ്പോലെയാക്കുന്നതിനുമുള്ള തന്റെ നല്ല ഉദ്ദേശ്യത്തെ ദൈവം നിറവേറ്റുമെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നുവെന്ന് അപ്പൊസ്തലനായ പൗലൊസ് റോമിലെ സഭകളോട് പറഞ്ഞു (റോമർ 8:28). ”നമ്മുടെ ബലഹീനത” നിമിത്തം വളരാൻ നമുക്ക് എന്താണ് വേണ്ടതെന്ന് നമുക്കറിയില്ലെങ്കിലും, ആത്മാവ് നമുക്കുവേണ്ടി ദൈവഹിതമനുസരിച്ച് പ്രാർത്ഥിക്കുന്നു (വാ. 26-27).
ദൈവത്തോട് എങ്ങനെ സ്വയം പ്രകടിപ്പിക്കുമെന്നതിനെക്കുറിച്ചു പ്രയാസപ്പെടുന്നുണ്ടോ? എന്ത് അല്ലെങ്കിൽ എങ്ങനെ പ്രാർത്ഥിക്കണം എന്ന് മനസ്സിലാകുന്നില്ലേ? ഹൃദയത്തിൽ നിന്ന് നിങ്ങൾക്ക് കഴിയുന്നത് പറയുക. ദൈവാത്മാവ് ദൈവഹിതം മനസ്സിലാക്കുകയും നിറവേറ്റുകയും ചെയ്യും.
ദൈവവുമായി പങ്കിടാൻ ഇപ്പോൾ നിങ്ങളുടെ മനസ്സിലുള്ളത് എന്താണ്? നിങ്ങൾ അഭിമുഖീകരിക്കുന്ന കാര്യങ്ങൾ അവിടുന്ന് അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്ന സത്യം നിങ്ങളെ എങ്ങനെയാണു പ്രോത്സാഹിപ്പിക്കുന്നത്?
ദൈവമേ, അങ്ങ് എന്റെ ഹൃദയത്തെ അറിയുന്നതിനു നന്ദി പറയുന്നു. അതിനാലും മറ്റു പല കാരണങ്ങളാലും ഞാൻ അങ്ങയെ സ്നേഹിക്കുന്നു. എന്റെ ചിന്തകൾ അങ്ങയോട് പ്രകടിപ്പിക്കാനും അങ്ങവ മനസ്സിലാക്കുന്നു എന്ന് അങ്ങയെ വിശ്വസിക്കാനും എന്നെ സഹായിക്കണമേ.