മൂന്നാം തലമുറ കർഷകനായ ബാല, ”എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങൾക്കോ … നിങ്ങളും പുറപ്പെട്ട് തൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും” (മലാഖി 4:2) എന്ന ഭാഗം വായിച്ചപ്പോൾ വളരെ ആവേശഭരിതനായി. തന്റെ പശുക്കിടാക്കളെ തൊഴുത്തിൽനിന്ന് അഴിച്ചുവിടുമ്പോൾ അവ ആവേശപൂർവ്വം തുള്ളിച്ചാടുന്നത് ഓർമ്മിച്ചുകൊണ്ട്, യഥാർത്ഥ സ്വാതന്ത്ര്യം ദൈവം വാഗ്ദാനം ചെയ്യുന്നത് ബാല ശരിക്കും മനസ്സിലാക്കി.

ഞങ്ങൾ മലാഖി 4 ലെ ഈ ഉദാഹരണത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ബാലയുടെ മകൾ എന്നോട് ഈ കഥ പറഞ്ഞു. അവിടെ പ്രവാചകൻ ദൈവത്തിന്റെ നാമത്തെ ബഹുമാനിക്കുന്നവരോ അവനോട് വിശ്വസ്തത പുലർത്തുന്നവരോ ആയവരും തങ്ങളിൽതന്നേ ആശ്രയിക്കുന്നവരും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു (4:1-2). മതനേതാക്കൾ ഉൾപ്പെടെ അനേകർ ദൈവത്തെയും വിശ്വസ്ത ജീവിതത്തിനായുള്ള അവന്റെ മാനദണ്ഡങ്ങളെയും അവഗണിച്ച ഒരു സമയത്ത്, ദൈവത്തെ അനുഗമിക്കാൻ പ്രവാചകൻ യിസ്രായേല്യരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു (1:12-14; 3:5-9). ഈ രണ്ടു വിഭാഗങ്ങളും തമ്മിൽ ദൈവം അന്തിമമായി ഒരു വ്യത്യാസം വെളിപ്പെടുത്താൻ പോകുന്നതിനാൽ വിശ്വസ്തതയോടെ ജീവിക്കാൻ മലാഖി ജനങ്ങളെ ആഹ്വാനം ചെയ്തു. ഈ സന്ദർഭത്തിൽ, ”നീതിസൂര്യൻ തന്റെ ചിറകിൻ കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കുമ്പോൾ” വിശ്വസ്ത സമൂഹം അനുഭവിക്കുന്ന പറഞ്ഞറിയിക്കാനാവാത്ത സന്തോഷത്തെ വിവരിക്കാൻ തുള്ളിച്ചാടുന്ന പശുക്കിടാവിന്റെ ചിത്രം ഉപയോഗിച്ചു (4:2).

ഈ വാഗ്ദത്തത്തിന്റെ ആത്യന്തിക നിവൃത്തിയായ യേശു, യഥാർത്ഥ സ്വാതന്ത്ര്യം എല്ലാ ആളുകൾക്കും ലഭ്യമാണെന്ന സുവാർത്ത എത്തിക്കുന്നു (ലൂക്കൊസ് 4:16-21). ഒരു ദിവസം, ദൈവത്തിന്റെ പുതുക്കിയതും പുനഃസ്ഥാപിച്ചതുമായ സൃഷ്ടിയിൽ, ഈ സ്വാതന്ത്ര്യം നാം പൂർണ്ണമായി അനുഭവിക്കും. അവിടെ ഉല്ലസിച്ചു തുള്ളിച്ചാടുന്നത് എത്ര അവർണ്ണനീയമായ സന്തോഷമായിരിക്കും!