എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും, എന്റെ കുടുംബം കാണുന്ന ദേശീയ വാർത്തകൾ പ്രോത്സാഹജനകമായ ഒരു മികച്ച കഥ ഉയർത്തിക്കാട്ടിയാണ് പ്രക്ഷേപണം അവസാനിപ്പിക്കുന്നത്. ബാക്കി വാർത്തകളിൽ നിന്ന് വ്യത്യസ്തമായി, ഇത് എല്ലായ്പ്പോഴും ശുദ്ധവായു ശ്വസിക്കുന്നതുപോലെയാണ്. അടുത്ത കാലത്തെ ”ദുഃഖ”വെള്ളിയാഴ്ചത്തെ കഥ, കോവിഡ് ബാധിച്ചശേഷം പൂർണ്ണമായി സുഖം പ്രാപിച്ചശേഷം വൈറസിനെതിരായ പോരാട്ടത്തിൽ മറ്റുള്ളവരെ സഹായിക്കാൻ പ്ലാസ്മ ദാനം ചെയ്യാൻ തീരുമാനിച്ച ഒരു റിപ്പോർട്ടറെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ആ സമയത്ത്, ആന്റിബോഡികൾ എത്രത്തോളം ഫലപ്രദമാകുമെന്ന് തെളിയിക്കപ്പെട്ടിരുന്നില്ല. എന്നാൽ നമ്മിൽ പലരും നിസ്സഹായരായി നിൽക്കുകയും പ്ലാസ്മ ദാനം ചെയ്യുന്നതിന്റെ (സൂചിയിലൂടെ) അസ്വസ്ഥതയുടെ വെളിച്ചത്തിൽ അതിനു തുനിയാതിരിക്കുകയും ചെയ്യുമ്പോൾ, അവൾക്ക് തോന്നിയത് ”തനിക്കു ലഭിച്ചതിന് പ്രതിഫലം നൽകാനുള്ള ഒരു ചെറിയ ശ്രമം മാത്രമായിരുന്നു.”
ആ വെള്ളിയാഴ്ച സംപ്രേഷണത്തിനുശേഷം, എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രോത്സാഹനം ലഭിച്ചു—പ്രതീക്ഷയാൽ നിറയപ്പെട്ടു എന്നു പറയാൻ ഞാൻ ധൈര്യപ്പെടുന്നു. ഫിലിപ്പിയർ 4 ൽ പൗലൊസ് വിവരിച്ച ”അത് ഒക്കെയും” എന്നതിന്റെ ശക്തിയാണത്: ”സത്യമായത് ഒക്കെയും ഘനമായത് ഒക്കെയും നീതിയായത് ഒക്കെയും നിർമ്മലമായത് ഒക്കെയും രമ്യമായത് ഒക്കെയും സത്ക്കീർത്തിയായത് ഒക്കെയും സത്ഗുണമോ പുകഴ്ചയോ അത് ഒക്കെയും” (വാ. 8). പ്ലാസ്മ സംഭാവന പൗലൊസിന്റെ മനസ്സിൽ ഉണ്ടായിരുന്നോ? തീർച്ചയായും ഇല്ല. എന്നാൽ, ആവശ്യമുള്ള ഒരാൾക്കുവേണ്ടി ത്യാഗപരമായി നൽകുന്നതിനെക്കുറിച്ച് അവൻ മനസ്സിൽ കരുതിയിരുന്നോ—മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ക്രിസ്തുതുല്യമായ പെരുമാറ്റം? ഉത്തരം അതേ എന്നതിൽ എനിക്ക് സംശയമില്ല.
എന്നാൽ ആ പ്രത്യാശയുള്ള വാർത്ത പ്രക്ഷേപണം ചെയ്തിരുന്നില്ലെങ്കിൽ അതിന്റെ പൂർണ്ണ ഫലം ഉണ്ടാകുമായിരുന്നില്ല. നമുക്ക് ചുറ്റുമുള്ള ”അതൊക്കെയും” ശ്രദ്ധിക്കുകയും കേൾക്കുകയും തുടർന്ന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരുമായി ആ സുവാർത്ത പങ്കുവയ്ക്കുകയും ചെയ്യുന്നത് ദൈവത്തിന്റെ നന്മയുടെ സാക്ഷികളെന്ന നിലയിൽ നമ്മുടെ പദവിയാണ്.
അടുത്തിടെ നിങ്ങളെ പ്രോത്സാഹിപ്പിച്ച ''അത് ഒക്കെയും'' കഥ എന്താണ്? നിങ്ങളുടെ കഥ കേൾക്കാൻ അല്ലെങ്കിൽ അറിയാൻ ആർക്കാണ് ആവശ്യമായിരിക്കുന്നത്?
പിതാവേ, സത്ഗുണമോ പുകഴ്ചയോ ആയവയുടെ ഒക്കെയും പിന്നിൽ അങ്ങ് ഉണ്ടെന്ന് എനിക്കറിയാം. ഞാൻ അങ്ങയെ സ്നേഹിക്കുന്നു.