പരിഭ്രാന്തയായ സിമ്രാ, തന്റെ മകന്റെ ആസക്തിയോടുള്ള പോരാട്ടത്തെക്കുറിച്ചു വ്യസനിച്ചു. ”എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു,” അവൾ പറഞ്ഞു. ”പ്രാർത്ഥിക്കുമ്പോൾ എനിക്കു കരച്ചിൽ നിർത്താൻ കഴിയാത്തതിനാൽ എനിക്ക് വിശ്വാസമില്ലെന്ന് ദൈവം കരുതുന്നുണ്ടോ?”
”ദൈവം എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല,” ഞാൻ പറഞ്ഞു. ”എന്നാൽ യഥാർത്ഥ വികാരങ്ങൾ കൈകാര്യം ചെയ്യാൻ അവനു കഴിയുമെന്ന് എനിക്കറിയാം. നമുക്ക് തോന്നുന്നത് എന്താണെന്ന് അവനറിയാത്തതുപോലെയല്ല അത്.” മകന്റെ വിടുതലിനായി ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഞാൻ സിമ്രയോടൊപ്പം പ്രാർത്ഥിക്കുകയും കണ്ണുനീർ ഒഴുക്കുകയും ചെയ്തു.
കഷ്ടതയനുഭവിക്കുന്ന ആളുകൾ ദൈവവുമായി മല്ലടിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ തിരുവെഴുത്തിൽ അടങ്ങിയിരിക്കുന്നു. 42-ാം സങ്കീർത്തനത്തിന്റെ രചയിതാവ് ദൈവത്തിന്റെ സ്ഥിരവും ശക്തവുമായ സാന്നിധ്യത്തിന്റെ സമാധാനം അനുഭവിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിക്കുന്നു. താൻ സഹിച്ച ദുഃഖത്തെക്കുറിച്ചുള്ള കണ്ണീരും വിഷാദവും അവൻ അംഗീകരിക്കുന്നു. ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് അവൻ സ്വയം ഓർമ്മിപ്പിച്ചുകൊണ്ട്, അവന്റെ ആന്തരിക സംഘർഷങ്ങൾ ആത്മവിശ്വാസത്തോടെയുള്ള സ്തുതിയിലേക്കു നയിക്കുന്നു. തന്റെ ”ആത്മാവിനെ” പ്രോത്സാഹിപ്പിച്ച് സങ്കീർത്തനക്കാരൻ എഴുതുന്നു, ”ദൈവത്തിൽ പ്രത്യാശവയ്ക്കുക; അവൻ എന്റെ മുഖപ്രകാശരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാൻ ഇനിയും അവനെ സ്തുതിക്കും” (വാ. 11). ദൈവത്തെക്കുറിച്ച് സത്യമെന്ന് അവനറിയുന്ന കാര്യങ്ങളും അവന്റെ അമിതമായ വികാരങ്ങളുടെ നിഷേധിക്കാനാവാത്ത യാഥാർത്ഥ്യവും തമ്മിൽ വലിയ വടംവലി നടക്കുന്നു.
ദൈവം നമ്മെ വികാരങ്ങളോടുകൂടി തന്റെ സ്വരൂപത്തിൽ സൃഷ്ടിച്ചു. മറ്റുള്ളവർക്കുവേണ്ടിയുള്ള നമ്മുടെ കണ്ണുനീർ വിശ്വാസത്തിന്റെ അഭാവത്തെയല്ല, ആഴത്തിലുള്ള സ്നേഹവും അനുകമ്പയും ആണു വെളിപ്പെടുത്തുന്നത്. കരിയാത്ത മുറിവുകളോ, പഴയ മുറിപ്പാടുകളോ കൊണ്ട് നമുക്ക് ദൈവത്തെ സമീപിക്കാം. ഓരോ പ്രാർത്ഥനയും, നിശ്ശബ്ദമോ, ഏങ്ങലടിച്ചുള്ളതോ, ആത്മവിശ്വാസത്തോടെയുള്ള ആർപ്പോ, ആയിരുന്നാലും നമ്മെ കേൾക്കാമെന്നും പരിപാലിക്കാമെന്നുമുള്ള അവന്റെ വാഗ്ദത്തത്തിലുള്ള നമ്മുടെ വിശ്വാസത്തെ പ്രകടമാക്കുന്നു.
ഏത് വികാരമാണ് നിങ്ങൾ ദൈവത്തിൽ നിന്ന് മറയ്ക്കാൻ ശ്രമിച്ചിട്ടുള്ളത്? ബുദ്ധിമുട്ടുള്ളതോ അമിതമായതോ ആയ വികാരങ്ങളെക്കുറിച്ച് ദൈവത്തോട് സത്യസന്ധത പുലർത്തുന്നത് പലപ്പോഴും ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ടാണ്?
മാറ്റമില്ലാത്ത പിതാവേ, എന്റെ മാറിക്കൊണ്ടിരിക്കുന്ന വികാരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നുള്ള എന്റെ തോന്നലും ആവശ്യകതയും അങ്ങറിയുന്നുവെന്ന് എനിക്കുറപ്പുനൽകിയതിന് നന്ദി പറയുന്നു.