ഭക്ഷണമേശയ്ക്കരികിലിരുന്ന്, എനിക്കു ചുറ്റുമുള്ള സന്തോഷമുളവാക്കുന്ന അലങ്കോലങ്ങൾ ഞാൻ നോക്കി. അമ്മായിമാർ, അമ്മാവന്മാർ, കസിനുകൾ, അനന്തരവർ, മരുമക്കൾ എന്നിവർ ഭക്ഷണം ആസ്വദിക്കുകയും ഞങ്ങളുടെ കുടുംബ പുനഃസമാഗമത്തെ ഒരുമിച്ച് സന്തോഷിക്കുകയും ചെയ്തു. ഞാനും അതെല്ലാം ആസ്വദിക്കുകയായിരുന്നു. എന്നാൽ ഒരു ചിന്ത എന്റെ ഹൃദയത്തെ തുളച്ചു: കുട്ടികളില്ലാത്ത, സ്വന്തമെന്നു വിളിക്കാൻ കുടുംബമില്ലാത്ത ഒരേയൊരു സ്ത്രീ നീ മാത്രമാണ്.
എന്നെപ്പോലെ അവിവാഹിതരായ പല സ്ത്രീകൾക്കും സമാനമായ അനുഭവങ്ങളുണ്ട്. എന്റെ സംസ്കാരത്തിൽ, വിവാഹത്തെയും കുട്ടികളെയും വളരെയധികം വിലമതിക്കുന്ന ഒരു ഏഷ്യൻ സംസ്കാരത്തിൽ, സ്വന്തമായി ഒരു കുടുംബം ഇല്ലാത്തത് അപൂർണ്ണതയുടെ ഒരു പരിവേഷമാണു നൽകുന്നത്. നിങ്ങൾ ആരാണെന്ന് നിർവചിക്കുകയും നിങ്ങളെ സമ്പൂർണ്ണമാക്കുകയും ചെയ്യുന്ന ഒന്ന് നിങ്ങൾക്കില്ലെന്നാണതിനർത്ഥം.
അതുകൊണ്ടാണ് ദൈവം എന്റെ ”ഓഹരി” എന്ന സത്യം എന്നെ ആശ്വസിപ്പിക്കുന്നത് (സങ്കീർത്തനം 73:26). യിസ്രായേൽ ഗോത്രങ്ങൾക്ക് അവരുടെ ഭൂമി അനുവദിച്ചു നൽകിയപ്പോൾ, പുരോഹിത ഗോത്രമായ ലേവിക്ക് ഒന്നും ലഭിച്ചില്ല. പകരം, ദൈവം അവരുടെ ഓഹരിയും അവകാശവും ആയിരിക്കുമെന്ന് ദൈവം വാഗ്ദത്തം ചെയ്തു (ആവർത്തനം 10:9). അവർക്ക് അവനിൽ പൂർണ്ണ സംതൃപ്തി കണ്ടെത്താനും അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ അവനിൽ ആശ്രയിക്കാനും കഴിഞ്ഞു.
നമ്മിൽ ചിലരെ സംബന്ധിച്ചിടത്തോളം, ഇല്ലായ്മ എന്ന ബോധത്തിന് കുടുംബവുമായി യാതൊരു ബന്ധവുമില്ലായിരിക്കാം. ഒരുപക്ഷേ ഒരു മികച്ച ജോലിക്കോ ഉയർന്ന വിദ്യാഭ്യാസ നേട്ടത്തിനോ വേണ്ടി നാം ആഗ്രഹിക്കുന്നു. നമ്മുടെ സാഹചര്യങ്ങൾ എന്തുതന്നെയായാലും, ദൈവത്തെ നമ്മുടെ ഓഹരിയായി സ്വീകരിക്കാൻ നമുക്കു കഴിയും. അവൻ നമ്മെ സമ്പൂർണ്ണരാക്കുന്നു. അവനിൽ നമുക്ക് ഒന്നിനും കുറവില്ല.
നിങ്ങളുടെ ജീവിതത്തിൽ, നിങ്ങളെ പൂർണ്ണരാക്കുമെന്നു നിങ്ങൾ കരുതുന്ന എന്തു കാര്യമാണ് കുറവുള്ളത്? നിങ്ങൾക്ക് അത് എങ്ങനെ ദൈവത്തിന് സമർപ്പിക്കാനും നിങ്ങളുടെ ഓഹരിയായി അവനിൽ സംതൃപ്തി കണ്ടെത്താനും കഴിയും?
പിതാവേ, എന്നെ ക്രിസ്തുവിൽ പൂർണ്ണതയുള്ളവൻ/യുള്ളവൾ ആക്കിയതിനു നന്ദി പറയുന്നു. സങ്കീർത്തനക്കാരനോടൊപ്പം ''ദൈവത്തോട് അടുത്തിരിക്കുന്നത് എനിക്കു നല്ലത്'' എന്നു പറയാൻ എന്നെ സഹായിക്കണമേ (സങ്കീർത്തനം 73:28).