നമ്മുടെ ജീവിതത്തിൽ നമുക്ക് മൂന്ന് പേരുകൾ ഉണ്ടാകുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്: നമ്മുടെ മാതാപിതാക്കൾ നൽകിയ പേര്, മറ്റുള്ളവർ നമുക്ക് നൽകിയ പേര് ( നമ്മുടെ സൽപ്പേര്), നാം നമുക്ക് തന്നെ നൽകിയ പേര് (നമ്മുടെ വ്യക്തിത്വം). മറ്റുള്ളവർ നമുക്ക് നൽകുന്ന പേര് പ്രധാനപ്പെട്ടതാണ് കാരണം, “അനവധി സമ്പത്തിലും സൽകീർത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്” (സദൃശവാക്യങ്ങൾ 22:1). എന്നാൽ സൽപ്പേര് പ്രധാനമായിരിക്കുന്നതുപോലെ തന്നെ വ്യക്തിത്വവും സുപ്രധാനമാണ്.

ഇതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന മറ്റൊരു പേരുണ്ട്. പെർഗമോസിലെ  ക്രിസ്ത്യാനികളോട് യേശു പറഞ്ഞു നിങ്ങളുടെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന കാര്യങ്ങൾ സംഭവിച്ചു എങ്കിലും, എതിർത്ത് നിൽക്കുകയും വിജയ്ക്കുകയും ചെയ്യുന്നവർക്കായി അവിടുന്ന് സ്വർഗത്തിൽ ഒരു പുതിയ പേര് സൂക്ഷിച്ചിരിക്കുന്നു. “ജയിക്കുന്നവനു  ………. ഞാൻ അവനു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.” (വെളിപ്പാട്  2:17)  

യേശു എന്തിനാണ് നമുക്ക് ഒരു വെള്ളക്കല്ല് വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നറിയില്ല. അത് ജയിക്കുന്നവർക്ക് നൽകുന്ന ഒരു സമ്മാനമാണോ? മിശിഹായുടെ കല്യാണ വിരുന്നിൽ പ്രവേശനത്തിനുള്ള ഒരു അടയാളമാണോ?  ഒരു പക്ഷെ കുറ്റവിമോചനത്തിനായി വിധികർത്താക്കൾ ഉപയോഗിച്ചിരുന്ന മാർഗ്ഗത്തിന് സമാനമാകാം അത്.  നമുക്കറിയില്ല. അതെന്തുതന്നെ ആയിരുന്നാലും, നമ്മുടെ പുതിയ പേര് നമ്മുടെ നിന്ദയെ കഴുകിക്കളയുമെന്ന്  ദൈവം വാഗ്ദാനം ചെയ്യുന്നു (യെശയ്യാവ് 62:1 -5 കാണുക).

നമ്മുടെ സൽപ്പേര് ജീർണിക്കയും നമ്മുടെ വ്യക്തിത്വം പുനർനിർമ്മിക്കുവാൻ കഴിയാത്തതുപോലെയും ആകാം. എന്നാൽ ഈ പേരുകളൊന്നുമല്ല നമ്മെ നിർവചിക്കുന്നത്. മറ്റുള്ളവർ നിങ്ങളെ വിളിക്കുന്നതോ നിങ്ങൾ സ്വയം വിളിക്കുന്നതോ പ്രധാനമല്ല. യേശു നിങ്ങളെക്കുറിച്ചു  എന്ത് പറയുന്നോ അതാണ് നിങ്ങൾ. നിങ്ങളുടെ പേരിനെ അന്വർത്ഥമാക്കുക.