മാതാപിതാക്കളിലും മക്കളിലും ഒരുപോലെ ഉത്കണ്ഠ ഉളവാക്കുന്ന ഒരു കാലഘട്ടമാണ് കൗമാരപ്രായം. എന്റെ കൗമാര പ്രായത്തിൽ എന്റെ മാതാവിൽ നിന്നും “വിഭിന്നയായ ഒരു വ്യക്തിയാകുവാൻ” ഞാൻ അവർ പറഞ്ഞ മൂല്യങ്ങളെയും നിയമങ്ങളെയും പൂർണ്ണമായും തള്ളിക്കളഞ്ഞു. അവയെല്ലാം എന്റെ ജീവിതം ദുരിതപൂർണ്ണമാക്കും എന്നാണ് ഞാൻ കരുതിയത്. പിന്നീട് ഈ കാര്യങ്ങളൊക്കെ അംഗീകരിക്കേണ്ടി വന്നെങ്കിലും ആ പ്രത്യേക സമയം ഞങ്ങളിൽ പിരിമുറുക്കം ഉളവാക്കി. എന്നിലെ നിഷേധ സ്വഭാവം എന്നിൽ മാനസികവും ശാരീരികവുമായ വേദന ഉളവാക്കും എന്നറിയാവുന്നതിനാൽ എന്റെ മാതാവ് എന്നെയോർത്തു വിലപിക്കുമായിരുന്നു.

ദൈവത്തിനും അവിടുത്തെ മക്കളായ ഇസ്രയേലിനോട് ഇതേ ഹൃദയമാണുള്ളത്. പത്തു കല്പനകളിലൂടെ ജീവിക്കുവാനാവശ്യമായ ജ്ഞാനം ദൈവം അവർക്ക് പകർന്ന് നൽകി ( ആവർത്തനം 5:7-21). ഇതിനെ ഒരു കൂട്ടം നിയമങ്ങളായി കാണാമെങ്കിലും “അവർക്കും അവരുടെ മക്കൾക്കും എന്നേക്കും നന്നായിരിപ്പാൻ” എന്ന് ദൈവം മോശെയോടു സംസാരിച്ചതിലൂടെ അവിടുത്തെ ഉദ്ദേശം വ്യക്തമാകുന്നു. ദൈവത്തിന്റെ ആഗ്രഹം തിരിച്ചറിഞ്ഞ മോശെ, ദൈവകല്പന അനുസരിക്കുന്നതിലൂടെ  അവരുടെ വാഗ്ദത്ത ദേശത്തു ദൈവസാന്നിധ്യം ആസ്വദിക്കുവാൻ കഴിയും എന്ന് പറയുന്നു ( വാ.33).

നമ്മുടെ നന്മക്കായുള്ള അവിടെത്തെ നിർദ്ദേശങ്ങളെ ആശ്രയിക്കാതെ നാമെല്ലാവരും ദൈവത്തോടൊപ്പം ഒരു “കൗമാരകാലത്തിലൂടെ” പോയിട്ടുണ്ട്. നമുക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ചത് എന്താണ് എന്ന്  അവിടുന്ന് അറിയുന്നതിനാൽ അവിടുന്നു നൽകുന്ന ജ്ഞാനത്തിൽ ആശ്രയിക്കുവാൻ നമുക്ക് വളരാം. നാം യേശുവിനെപ്പോലെ ആയിത്തീരുന്ന ഒരു ആത്മീയ പക്വതയിലേക്കാണ് അവിടുത്തെ നിർദ്ദേശങ്ങൾ നമ്മെ നയിക്കുന്നത് ( സങ്കീർത്തനം 119:97-104;എഫെസ്യർ 4:15, 2 പത്രോസ് 3:18).