തന്റെ സൈനീക ക്യാമ്പിന്റെ പ്രതിരോധം ശക്തിപ്പെടുത്തുവാനായി മരുഭൂമിയിൽ കുഴിയെടുത്തുകൊണ്ടിരുന്ന ആ ഫ്രഞ്ച് സൈനികന് താനൊരു സുപ്രധാനമായ കണ്ടുപിടുത്തമാണ് നടത്തുവാൻ പോകുന്നതെന്ന് യാതൊരു അറിവുമില്ലായിരുന്നു. അടുത്ത തവണ മണ്ണ് നീക്കിയപ്പോൾ അയാളൊരു കല്ല് കണ്ടു. ഏതെങ്കിലുമൊരു കല്ലായിരുന്നില്ല അത്. അത് റോസേറ്റാ സ്റ്റോൺ ആയിരുന്നു. ടോളെമി അഞ്ചാമൻ രാജാവിന്റെ കാലത്തെ നിയമങ്ങളും ഭരണവും 3 ഭാഷകളിലായി അതിൽ രേഖപ്പെടുത്തിയിരുന്നു. ആ കല്ല് (ഇപ്പോൾ ബ്രിട്ടീഷ് മ്യുസിയത്തിലാണ്) പുരാതന ഈജിപ്ത്യൻ ലിപിയായ ഹൈറോഗ്ലിഫിക്സിന്റെ നിഗൂഡതകൾ തുറക്കാൻ സഹായിക്കുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ പ്രധാനപ്പെട്ട ഒരു പുരാവസ്തു കണ്ടെത്തലായിരുന്നു.

നമ്മിൽ പലർക്കും വചനത്തിലെ പലഭാഗങ്ങളും ആഴത്തിലുള്ള നിഗൂഢതകളാണ്. ക്രൂശിക്കപ്പെടുന്നതിന്റെ തലേ രാത്രിയിൽ, അവിടുന്ന് പരിശുദ്ധാത്മാവിനെ അയക്കും എന്ന് യേശു അനുയായികളോട് വാഗ്ദത്തം ചെയ്തു. അവിടുന്ന് അവരോടു പറഞ്ഞു “സത്യത്തിന്റെ ആത്മാവു വരുമ്പോഴോ അവൻ നിങ്ങളെ സകല സത്യത്തിലും വഴിനടത്തും; അവൻ സ്വയമായി സംസാരിക്കാതെ താൻ കേൾക്കുന്നതു സംസാരിക്കയും വരുവാനുള്ളതു നിങ്ങൾക്കു അറിയിച്ചുതരികയും ചെയ്യും” (യോഹ.16: 13). ഒരു തരത്തിൽ പറഞ്ഞാൽ പരിശുദ്ധാത്മാവ് ബൈബിളിന്റെ ഗൂഢ സത്യത്തിലേക്ക് വെളിച്ചം വീശുന്ന ദൈവീക റോസെറ്റ സ്റ്റോണാണ്.

വേദപുസ്തകത്തിൽ പറഞ്ഞിരിക്കുന്ന മുഴുവൻ കാര്യങ്ങളെക്കുറിച്ചുമുള്ള പൂർണ്ണമായ അറിവ് നമുക്ക് വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, യേശുവിനെ അനുഗമിക്കുന്നതിന് ആവശ്യമായതെല്ലാം മനസ്സിലാക്കുവാൻ പരിശുദ്ധാത്മാവിനാൽ സാധിക്കും എന്ന ഉറപ്പ് നമുക്കുണ്ട്. അവിടുന്ന് നമ്മെ ആ അടിസ്ഥാന സത്യങ്ങളിലേക്ക് വഴി നടത്തും.