സംഭ്രമജനകമായ മുപ്പത് കോഴ്സ് റേഡിയേഷന്റെയൊടുവിൽ റീമ ക്യാൻസർ മുക്തയായി പ്രഖ്യാപിക്കപ്പെട്ടു. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് ചികിത്സ പൂർത്തിയാക്കിയ ക്യാൻസർ രോഗികൾ അവിടെയുള്ള ” ക്യാൻസർ മുക്ത മണി” മുഴക്കണമെന്നത് ആ ആശുപത്രിയിലെ ഒരു രീതിയായിരുന്നു. ഈ ആഘോഷത്തിന്റെ മണി മുഴക്കാനുള്ള ഉദ്വേഗവും അത്യുത്സാഹവും മൂലം റീമ കുറച്ച് ശക്തിയായിട്ടാണ് ചരടിൽ പിടിച്ച് വലിച്ചത്. ചരട് പൊട്ടി താഴെ വീണു ! കൂടി നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു പോയി.
റീമയുടെ ഈ കഥ എന്റെ മുഖത്തു ഒരു പുഞ്ചിരി കൊണ്ടുവന്നതോടൊപ്പം തങ്ങളുടെ ജീവിതത്തിൽ ദൈവം ചെയ്ത പ്രവൃത്തികളെ ആഘോഷിക്കുവാൻ യിസ്രായേലിനെ ആഹ്വാനം ചെയ്തപ്പോൾ സങ്കീർത്തനക്കാരൻ വിഭാവന ചെയ്തത് എന്താണെന്നത് ചിന്തിപ്പിക്കുകയും ചെയ്തു. “കൈകൊട്ടുവാനും”, “ദൈവത്തെ അത്യുച്ചത്തിൽ സ്തുതിക്കുവാനും”, “സ്തുതിപാടുവാനും” എഴുത്തുകാരൻ അവരെ ഉദ്ബോധിപ്പിക്കുന്നു; കാരണം, ദൈവം അവരുടെ ശത്രുക്കളെ തകർക്കുകയും യിസ്രായേലിനെ തന്റെ പ്രിയജനമായി തെഞ്ഞെടുക്കുകയും ചെയ്തു. (സങ്കീ. 47: 1,6)
ആരോഗ്യപരമോ സാമ്പത്തികമോ ബന്ധങ്ങളിലുള്ള പ്രശ്നമോ മുതലായ നമ്മുടെ ജീവിത സംഘർഷങ്ങളിൽ -ദൈവം എപ്പോഴും വിജയം നൽകണമെന്നില്ല. എന്നാൽ ഈ പ്രശ്നങ്ങളിലും നമുക്ക് ദൈവത്തെ ആരാധിക്കാനും സ്തുതിക്കാനും കഴിയണം; കാരണം, എപ്പോഴും “വിശുദ്ധ സിംഹാസനത്തിൽ ഇരിക്കുന്ന ” (സങ്കീ.47:8) ദൈവം തന്നെയാണ് നമ്മുടെ ശരണം. എപ്പോഴൊക്കെ നാം ആഗ്രഹിക്കുന്നതുപോലെ ഒരു വിടുതൽ ദൈവം നമുക്ക് നൽകുന്നുവോ അപ്പോഴൊക്കെ നാം അത് ആഘോഷിക്കേണ്ടതുമാണ്. മുഴക്കാനായി ഒരു മണി കെട്ടിയിട്ടില്ലെങ്കിലും, റീമയെപ്പോലെ ആവേശഭരിതരായി, ദൈവത്തിന്റെ നമ്മോടുള്ള നന്മയെ സന്തോഷത്തോടെ നാം ആഘോഷിക്കണം.
ദൈവത്തോടുള്ള കൃതജ്ഞത നിങ്ങൾ എങ്ങനെ പ്രകടിപ്പിക്കും? ആഘോഷിക്കുവാൻ തക്കതായ എന്ത് നന്മയാണ് ഈയിടെ നിങ്ങളുടെ ജീവിതത്തിൽ ദൈവം ചെയ്തത്?
ദൈവമേ, നിരവധിയായ നന്മകൾക്ക് നന്ദി. എന്റെ ജീവിതത്തിൽ അവിടുന്ന് ചെയ്ത പ്രവൃത്തികൾ ഓർത്ത് ഞാൻ ആർത്ത് ഘോഷിക്കുകയും കൈ കൊട്ടുകയും ചെയ്യുന്നു.