സംഭ്രമജനകമായ മുപ്പത് കോഴ്സ് റേഡിയേഷന്റെയൊടുവിൽ റീമ ക്യാൻസർ മുക്തയായി പ്രഖ്യാപിക്കപ്പെട്ടു. പൂർണ്ണ ആരോഗ്യം വീണ്ടെടുത്ത് ചികിത്സ പൂർത്തിയാക്കിയ ക്യാൻസർ രോഗികൾ അവിടെയുള്ള ” ക്യാൻസർ മുക്ത മണി” മുഴക്കണമെന്നത് ആ ആശുപത്രിയിലെ ഒരു രീതിയായിരുന്നു. ഈ ആഘോഷത്തിന്റെ മണി മുഴക്കാനുള്ള ഉദ്വേഗവും അത്യുത്സാഹവും മൂലം റീമ കുറച്ച് ശക്തിയായിട്ടാണ് ചരടിൽ പിടിച്ച് വലിച്ചത്. ചരട് പൊട്ടി താഴെ വീണു ! കൂടി നിന്നവരെല്ലാം പൊട്ടിച്ചിരിച്ചു പോയി.

റീമയുടെ ഈ കഥ എന്റെ മുഖത്തു ഒരു പുഞ്ചിരി കൊണ്ടുവന്നതോടൊപ്പം തങ്ങളുടെ ജീവിതത്തിൽ ദൈവം ചെയ്ത പ്രവൃത്തികളെ ആഘോഷിക്കുവാൻ യിസ്രായേലിനെ ആഹ്വാനം ചെയ്തപ്പോൾ സങ്കീർത്തനക്കാരൻ വിഭാവന ചെയ്തത് എന്താണെന്നത് ചിന്തിപ്പിക്കുകയും ചെയ്തു. “കൈകൊട്ടുവാനും”, “ദൈവത്തെ അത്യുച്ചത്തിൽ സ്തുതിക്കുവാനും”, “സ്തുതിപാടുവാനും”  എഴുത്തുകാരൻ അവരെ ഉദ്ബോധിപ്പിക്കുന്നു; കാരണം, ദൈവം അവരുടെ ശത്രുക്കളെ തകർക്കുകയും യിസ്രായേലിനെ തന്റെ പ്രിയജനമായി തെഞ്ഞെടുക്കുകയും ചെയ്തു. (സങ്കീ. 47: 1,6)

ആരോഗ്യപരമോ സാമ്പത്തികമോ ബന്ധങ്ങളിലുള്ള പ്രശ്നമോ മുതലായ നമ്മുടെ ജീവിത സംഘർഷങ്ങളിൽ -ദൈവം എപ്പോഴും വിജയം നൽകണമെന്നില്ല. എന്നാൽ ഈ പ്രശ്നങ്ങളിലും നമുക്ക് ദൈവത്തെ ആരാധിക്കാനും സ്തുതിക്കാനും കഴിയണം; കാരണം, എപ്പോഴും “വിശുദ്ധ സിംഹാസനത്തിൽ ഇരിക്കുന്ന ” (സങ്കീ.47:8) ദൈവം തന്നെയാണ് നമ്മുടെ ശരണം. എപ്പോഴൊക്കെ നാം ആഗ്രഹിക്കുന്നതുപോലെ ഒരു വിടുതൽ ദൈവം നമുക്ക് നൽകുന്നുവോ അപ്പോഴൊക്കെ നാം അത് ആഘോഷിക്കേണ്ടതുമാണ്. മുഴക്കാനായി ഒരു മണി കെട്ടിയിട്ടില്ലെങ്കിലും, റീമയെപ്പോലെ ആവേശഭരിതരായി, ദൈവത്തിന്റെ നമ്മോടുള്ള നന്മയെ സന്തോഷത്തോടെ നാം ആഘോഷിക്കണം.