കുട്ടിയെന്ന  നിലയിൽ ടെന്നിക്ക് ഒരു അരക്ഷിതാവസ്ഥ തോന്നി. പിതാവിൽ നിന്നും അവൻ അംഗീകാരം പ്രതീക്ഷിച്ചു എങ്കിലും അത് അവന് ഒരിക്കലും ലഭിച്ചില്ല. വീട്ടിലാണെങ്കിലും സ്കൂളിലാണെങ്കിലും  ചെയ്യുന്ന കാര്യങ്ങളൊന്നും ശരിയാകുന്നില്ല എന്നാണ് അവന് തോന്നിയത്. പ്രായപൂർത്തിയായിട്ടും ഈ അരക്ഷിതത്വം അവനെ വിട്ടു മാറിയില്ല. ഞാൻ ഒന്നിനും കൊള്ളാത്തവനാണോ എന്ന ചിന്ത അവനെ നിരന്തരം അലട്ടിയിരുന്നു.

യേശുവിനെ രക്ഷകനായി സ്വീകരിച്ചപ്പോഴാണ് ടെന്നി നാളിതുവരെ ആഗ്രഹിച്ചിരുന്ന അംഗീകാരവും സുരക്ഷിതത്വവും അയാൾ കണ്ടെത്തിയത്. തന്നെ സൃഷ്ടിച്ച ദൈവം, തന്നെ സ്നേഹിക്കുകയും സ്വന്തം മകനായി സ്വീകരിക്കുകയും ചെയ്യുന്നു എന്നത് അവന് ബോധ്യമായി. താൻ ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്ത ആത്മവിശ്വാസത്തോടെ ജീവിക്കാൻ ഇപ്പോൾ അയാൾക്ക് കഴിയുന്നു.

യെശയ്യാവ് 43: 1-4 ൽ ദൈവം തന്റെ തെരഞ്ഞടുക്കപ്പെട്ട ജനത്തോട് പറയുന്നത് , താൻ അവരെ സൃഷ്ടിച്ചു; അവരെ തന്റെ ശക്തിയാൽ വിടുവിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു എന്നാണ്. ” നീ എനിക്കു വിലയേറിയവനും മാന്യനും ആണ് ” എന്ന് ദൈവം പ്രസ്താവിച്ചു; അവരെ സ്നേഹിക്കുന്നതു കൊണ്ട് അവർക്കു വേണ്ടി ഇടപെടുകയും ചെയ്യുന്നു. ( വാ. 4)

ദൈവം സ്നേഹിക്കുന്നവർക്ക് അവിടുന്ന് കല്പിക്കുന്ന വില അവർ ചെയ്യുന്ന എന്തെങ്കിലും കാര്യത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച്, ദൈവം അവരെ തെരഞ്ഞെടുത്ത് അവരെ തന്റെ സ്വന്ത ജനമാക്കി എന്ന ലളിതവും ശക്തവുമായ സത്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.

യെശെയ്യാവ് 43 ലെ ഈ വാക്കുകൾ ടെന്നിക്ക് വലിയ സുരക്ഷിതത്വബോധം നൽകി എന്ന് മാത്രമല്ല, ദൈവം തന്നെ ഭരമേല്പിച്ച ഏതു കാര്യവും ഏറ്റവും നന്നായി ചെയ്യുവാനുള്ള  വലിയ ആത്മ വിശ്വാസവും നല്കി. ഇന്ന് അദ്ദേഹം ഒരു പാസ്റ്ററായി, യേശുവിൽ നാം സ്വീകാരവും അംഗീകാരവും പ്രാപിച്ചിരിക്കുന്നു എന്ന ജീവദായക സത്യം മററുള്ളവരോട് പങ്കുവെക്കാനുള്ള എല്ലാ പരിശ്രമവും ചെയ്തുവരുന്നു. ഈ യാഥാർത്ഥ്യമുൾക്കൊണ്ട് ധൈര്യപൂർവ്വം നിലനില്ക്കാൻ നമുക്കുമാകട്ടെ.