ദൈവത്തിന്റെ ഇഷ്ടം പ്രവർത്തിക്കുന്നത് ചിലപ്പോൾ പ്രയാസകരമാണ്. ശരിയായ കാര്യങ്ങൾ ചെയ്യാൻ ദൈവം ആവശ്യപ്പെടുന്നു.പിറുപിറുക്കാതെ കഷ്ടത സഹിക്കുവാൻ; കുഴപ്പം പിടിച്ചവരെ സ്നേഹിക്കാൻ. നിങ്ങൾ ചെയ്യാൻ പാടില്ല എന്ന് പറയുന്ന ഉള്ളിലെ ശബ്ദം ശ്രവിക്കാൻ; നാം എടുക്കാൻ സാധ്യതയില്ലാത്ത ചുവടുകൾ എടുക്കാൻ, അവിടുന്ന് നമ്മെ വിളിക്കുന്നു.അതുകൊണ്ട് നാം നമ്മുടെ ഉള്ളങ്ങളോട് നിരന്തരം പറയണം : ” ആത്മാവേ, കേൾക്കുക . നിശബ്ദനായിരിക്കുക: യേശു നിന്നോട് ആവശ്യപ്പെടുന്നത് ചെയ്യുക. “
“എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു. ” ( സങ്കീ.62:1) “എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക ” ( സങ്കീ.62:5) ഈ വാക്യങ്ങൾ ഒരു പോലെ തോന്നുമെങ്കിലും വ്യത്യസ്തമാണ്. ദാവീദ് തന്റെ ഉള്ളത്തെക്കുറിച്ചും ഉള്ളത്തോടും പറയുന്ന കാര്യങ്ങളാണ്. “നോക്കി മൗനമായിരിക്കുന്നു” എന്നത് ഒരു തീരുമാനമാണ്, ശാന്തമായിരിക്കുക എന്ന മനസ്സിന്റെ അവസ്ഥയാണ്. “നോക്കി മൗനമായിരിക്കുക” എന്നത് ആ തീരുമാനത്തെ ഓർക്കുവാനായിട്ട് ദാവീദ് തന്റെ ഉള്ളത്തെ തയാറാക്കുന്നതാണ്.
നിശബ്ദനായിരിക്കാൻ ദാവീദ് തീരുമാനിക്കുന്നു – ദൈവഹിതത്തിന് നിശബ്ദമായ കീഴടങ്ങൽ. നമ്മെയും വിളിച്ചതും നിർമ്മിച്ചിട്ടുള്ളതും ഇതിനായിട്ടാണ്. നാമത് അംഗീകരിച്ചാൽ നമുക്ക് സമാധാനമുണ്ടാകും. “എന്റെ ഇഷ്ടമല്ല, നിന്റെ ഇഷ്ടം തന്നെ ആകട്ടെ” (ലൂക്കൊ.22: 42). ഇതാണ് നാം അവനെ കർത്താവും ജീവിതത്തിന്റെ അടിസ്ഥാന സന്തോഷവുമായി തെരഞ്ഞെടുക്കുമ്പോൾ നമ്മുടെ മേലുള്ള പ്രഥമവും പ്രധാനവുമായ ഉത്തരവാദിത്വം. “നിന്റെ ഇഷ്ടം ചെയ്യുവാൻ ഞാൻ പ്രിയപ്പെടുന്നു ” എന്നാണ് സങ്കീർത്തനക്കാരൻ പറയുന്നത്. (40:8)
നാം എപ്പോഴും ദൈവത്തിന്റെ സഹായം തേടണം, തീർച്ചയായും, നമ്മുടെ “പ്രത്യാശ അവനിൽ നിന്ന് വരുന്നു” ( 62:5). നാം അവന്റെ സഹായം ചോദിക്കുമ്പോൾ അവൻ സഹായം അയക്കും. ദൈവത്തിന് ചെയ്യാത്തതോ ചെയ്യാൻ കഴിയാത്തതോ ആയതൊന്നും നമ്മോടും ചെയ്യാൻ പറയുകയില്ല.
നിങ്ങളെ സംബന്ധിച്ച ദൈവത്തിന്റെ ഹിതം പ്രയാസകരമാണെന്ന് എപ്പോഴാണ് തോന്നിയിട്ടുള്ളത്? നിശബ്ദമായ സമർപ്പണത്തിൽ ജീവിക്കുവാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
പിതാവേ, അങ്ങയുടെ ഹിതം മനസ്സിലാക്കാൻ എനിക്ക് എപ്പോഴും കഴിയില്ലായിരിക്കാം; എന്നാൽ അതിന് വിധേയപ്പെടാൻ എന്നെ സഹായിക്കണമേ. അവിടുത്തെ നന്മയും വിശ്വസ്തതയുമുള്ള സ്വഭാവഗുണത്തിൽ ശരണപ്പെടുവാൻ എന്നെ സഹായിക്കണമെ.സമർപ്പണമുള്ള ഒരു ഹൃദയം എനിക്ക് നൽകേണമേ.