പുരാതന റോമിലെ പ്രശസ്ത തത്വചിന്തകനായിരുന്ന സെനെക്കയുടെ മേൽ (4 Bc- AD 65) ചക്രവർത്തിനി മെസ്സാലിന ഒരിക്കൽ വ്യഭിചാരക്കുറ്റം ആരോപിച്ചു. സെനറ്റ് അദ്ദേഹത്തെ വധശിക്ഷക്ക് വിധിച്ചെങ്കിലും ചക്രവർത്തിയായ ക്ലൌദ്യോസ് അത് കോർസിക്കയിലേക്ക് നാടുകടത്തൽ ആക്കി കുറച്ചു; കാരണം ഒരുപക്ഷെ അതൊരു വ്യാജമായ ആരോപണമാകാമെന്ന് അദ്ദേഹം സംശയിച്ചിരിക്കാം. ഈ ശിക്ഷയിളവ് സെനെക്കയിൽ കൃതജ്ഞതയെക്കുറിച്ച് പുതിയ കാഴ്ചപ്പാട് രൂപപ്പെടുത്തിയെന്ന് അദ്ദേഹത്തിന്റെ എഴുത്തിൽ കാണാം: “നരഘാതകർ , സ്വേച്ഛാധിപതികൾ, കള്ളന്മാർ, കൊള്ളക്കാർ, ദൈവനിന്ദകർ , രാജ്യദ്രോഹികൾ എന്നിവരെക്കാളെല്ലാം കുറ്റക്കാരാണ് നന്ദിയില്ലാത്തവർ ” എന്ന് അദ്ദേഹം എഴുതി.
സെനെക്കയുടെ സമകാലികനായ അപ്പൊസ്തലനായ പൗലോസ് ഇത് ശരിവെക്കുന്നു. റോമർ 1:21 ൽ പൗലോസ് എഴുതിയത് മനുഷ്യകുലത്തിന്റെ അധപതനത്തിന് ആക്കം കൂട്ടിയ കാരണങ്ങളിലൊന്ന് മനുഷ്യൻ ദൈവത്തോട് നന്ദി കാണിക്കാൻ തയ്യാറായില്ല എന്നതാണ്. കൊലോസ്യയിലുള്ള സഭക്ക് എഴുതുമ്പോൾ വിശ്വാസികളോട് നന്ദിയുള്ളവരായിരിക്കണമെന്ന് 3 തവണ ആഹ്വാനം ചെയ്യുന്നുണ്ട്. നാം “സ്തോത്രത്തിൽ കവിഞ്ഞിരിക്കണം” (കൊലോ.2:7) എന്ന് എഴുതിയിരിക്കുന്നു. “ക്രിസ്തുവിന്റെ സമാധാനം” നമ്മുടെ ഹൃദയങ്ങളിൽ വാഴുമ്പോൾ നാം ” നന്ദിയുള്ളവരായും “ഇരിക്കണം. (3:15) യഥാർത്ഥത്തിൽ നമ്മുടെ പ്രാർത്ഥനയുടെ പ്രത്യേകതയായിരിക്കണം കൃതജ്ഞത . (4:2)
നമ്മോടുള്ള ദൈവത്തിന്റെ മഹാദയ നമ്മുടെ ജീവിത്തിന്റെ അടിസ്ഥാനം തന്നെയാണ്. അതുകൊണ്ട് അവിടുന്ന് നമ്മുടെ സ്നേഹവും ആരാധനയും മാത്രമല്ല, കൃതജ്ഞതയുള്ള ഹൃദയവും സ്വീകരിക്കുവാൻ യോഗ്യനാണ്. എല്ലാ നല്ല ദാനവും ദൈവത്തിൽ നിന്നല്ലോ വരുന്നത്. (യാക്കോ.1:17)
ക്രിസ്തുവിൽ നമുക്ക് ലഭിച്ചിരിക്കുന്നതെല്ലാം വിചാരിച്ചാൽ നന്ദിയെന്നത് നമ്മുടെ ശ്വാസം പോലെ സ്വാഭാവികമായി ഉണ്ടാകണം. ദൈവത്തിന്റെ കൃപാദാനങ്ങളോട് നന്ദിയോടെ നമുക്ക് പ്രതികരിക്കാം.
നിങ്ങൾ ജീവിതത്തിൽ പ്രാപിച്ചിട്ടുള്ളതും ഇന്നും നിലനില്ക്കുന്നതുമായ ഏറ്റവും വലിയ അനുഗ്രഹം എന്താണ്? അനുദിനവും നാം പ്രാപിക്കുന്നതും പെട്ടെന്ന് മറന്ന് പോകുന്നതുമായ അനുഗ്രഹങ്ങൾ എന്തൊക്കെയാണ്
സ്നേഹമുള്ള പിതാവേ, അങ്ങയെയും അവിടുത്തെ അനുഗ്രഹങ്ങളെയും നിസ്സാരമായി കണക്കാക്കിയ സമയങ്ങളെ എന്നോട് ക്ഷമിക്കണമേ. അവിടുന്ന് ചെയ്തതും ചെയ്യുന്നതുമായ സകലതും ഓർത്ത് നിന്നെ മഹത്വപ്പെടുത്തി സ്തുതിക്കാനായി നന്ദിയുള്ള ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കേണമേ.