രണ്ടാം ലോക മഹായുദ്ധത്തിനിടയിൽ, പ്രേം പ്രധാമിന്റെ (1924 – 1998 ) വിമാനത്തിന് വെടിയേറ്റു; പാരച്യൂട്ടിൽ ഇറങ്ങിയ സമയത്ത് അദ്ദേഹത്തിന് മുറിവേറ്റു. തത്ഫലമായി ജീവിതകാലം മുഴുവൻ അദ്ദേഹം മുടന്തിയാണ് നടന്നത്. അദ്ദേഹം തന്നെ ഒരിക്കൽ പറഞ്ഞു: “എന്റെ കാല് മുടന്തുള്ളതാണ്; എന്നാൽ ദൈവം എന്നെ ഹിമാലയ മലനിരകളിൽ സുവിശേഷം പ്രസംഗിക്കാനായി വിളിച്ചിരിക്കുന്നു എന്നത് എത്ര വിചിത്രമാണ്”? നേപ്പാളിൽ അദ്ദേഹം സുവിശേഷം അറിയിച്ചത് നിരവധി എതിർപ്പുകളെ നേരിട്ടു കൊണ്ടാണ്; അസാധാരണമായ അവസ്ഥകളുള്ള “മരണത്തിന്റെ കിടങ്ങുകളിൽ “അദ്ദേഹം അടയ്ക്കപ്പെട്ടു. പതിനഞ്ചുവർഷത്തിനിടയിൽ പത്തുവർഷം പതിനാല് വ്യത്യസ്ത ജയിലുകളിലായി പ്രേം കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലെല്ലാം അദ്ദേഹം സുധീരമായി സാക്ഷ്യം വഹിച്ചതിന്റെ ഫലമായി നിരവധി തടവുകാരും പാറാവുകാരും ക്രിസ്തുവിൽ വിശ്വസിച്ച് ജീവിത രൂപാന്തരം വരികയും യേശുവിന്റെ സന്ദേശം തങ്ങളുടെ ജനങ്ങളിൽ എത്തിക്കുകയും ചെയ്തു.
യേശുവിൽ വിശ്വസിക്കുകയും ഒരു മുടന്തനായ മനുഷ്യനെ സൗഖ്യമാക്കുവാൻ ദൈവം ഉപയോഗിക്കുകയും ചെയ്തതിന്റെ പേരിൽ അപ്പസ്തോലനായ പത്രോസിന് എതിർപ്പുകൾ നേരിടേണ്ടി വന്നു (അപ്പ.പ്രവൃത്തി.4:9). എന്നാൽ ഈ അവസരം അദ്ദേഹം ക്രിസ്തുവിനെക്കുറിച്ച് ധൈര്യമായി പ്രസംഗിച്ചു (വാ.8-13).
പത്രോസിനെപ്പോലെ (വാ.10, 11) ഇന്ന് നമുക്കും എതിർപ്പുകൾ നേരിടേണ്ടി വരാം; എന്നാൽ നമ്മുടെ കുടുംബാംഗങ്ങളും സഹപ്രവർത്തകരും സഹപാഠികളും ആയി അനേകർ “രക്ഷ നൽകുന്നവനെ” (വാ.12) അറിയാത്തവരായി നമുക്കു ചുററുമുണ്ട്. ഈ രക്ഷകൻ നമ്മുടെ പാപങ്ങളുടെ ശിക്ഷയേറ്റ് മരിക്കുകയും മരിച്ചവരിൽ നിന്നുയിർത്ത് പാപം മോചിക്കാൻ അധികാരമുള്ളവനെന്ന് തെളിയിക്കുകയും ചെയ്തവനാണ് (വാ.10). നാം പ്രാർത്ഥനാപൂർവ്വം സധൈര്യം യേശുവിലുള്ള രക്ഷയുടെ ഈ സുവിശേഷം പ്രഘോഷിക്കുമ്പോൾ അവരെല്ലാവരും അംഗീകരിക്കാൻ ഇടയാകട്ടെ.
ഇന്ന് നിങ്ങൾ ധൈര്യത്തോടെ യേശുവിനെപ്പറ്റി പറയുമോ ? അവനെപ്പറ്റി മറ്റുള്ളവരോട് പറയുന്നതിൽ നിന്നും നിങ്ങളെ തടയുന്നത് എന്താണ്? സാക്ഷ്യം വഹിക്കുന്നതിനായി ഇനിയും എങ്ങനെ തയ്യാറാകാം?
പിതാവേ, അങ്ങ് എനിക്കായി ചെയ്തതിനെല്ലാം നന്ദി. യേശുവിന്റെ നാമത്തിലുള്ള എന്റെ വിശ്വാസം മററുള്ളവരുമായി ധൈര്യത്തോടെ പങ്കിടുവാൻ എന്നെ സഹായിക്കണമേ .