1964ൽ ചെറുപ്പക്കാരനും പരിസ്ഥിതി പ്രവർത്തകനുമായ ജാക്ക് വെയ്ൻ ബെർഗ് പറഞ്ഞു, “മുപ്പത് വയസ്സിനു മുകളിലുള്ള ആരേയും ഒരിക്കലും വിശ്വസിക്കരുത്. ” അദ്ദേഹത്തിന്റെ ഈ പ്രസ്താവന, ഒരു മുഴുവൻ തലമുറയും ഏറ്റു പാടി. “പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ , ഞാൻ കൂടുതൽ ചിന്തിക്കാതെ പറഞ്ഞു പോയതു മുഴുവനോടെ തലതിരിഞ്ഞ് തെറ്റിദ്ധരിക്കപ്പെട്ടു പോയി” എന്ന് വെയ്ൻ ബെർഗ് പിന്നീട് പശ്ചാത്തപിച്ചു.
മിലേനിയൽസിനെ (1981 നും 1996 നും ഇടയിൽ ജനിച്ചവർ) കുറിച്ച് തരം താഴ്ത്തി പറയുന്ന പരാമർശങ്ങളോ, നേരെ മറിച്ചോ നിങ്ങൾ കേട്ടിട്ടുണ്ടോ ? ഓരു തലമുറക്ക് മറ്റൊന്നിനെക്കുറിച്ചുള്ള മോശമായ ചിന്തകൾ അവർ തമ്മിലുള്ള ബന്ധം മുറിയുവാൻ ഇടവരും. ഏതിനാണെങ്കിലും തീർച്ചയായും അതിന്റേതായ ഒരു മികച്ച വഴി ഉണ്ട്.
ഹിസ്കീയാവു നല്ലൊരു രാജാവായിരുന്നുവെങ്കിലും അടുത്ത തലമുറയെ കുറിച്ച് വേണ്ടത്ര താല്പര്യം ഉണ്ടായിരുന്നില്ല. ഹിസ്കീയാവിന് ചെറുപ്പത്തിൽ തന്നെ മാരകമായ രോഗം പിടിച്ചു (2 രാജാക്കന്മാർ 20: 1), അവൻ യഹോവയോടു അവന്റെ ജീവനായി പ്രാർത്ഥിച്ചു (വാ. 2 – 3). ദൈവം അവന് പതിനഞ്ച് സംവത്സരങ്ങൾ കൂട്ടിക്കൊടുത്തു (വാ. 6).
എന്നാൽ, തന്റെ പുത്രന്മാരിൽ ചിലരെ ഒരു ദിവസം തടവുകാരാക്കി പിടിച്ചു കൊണ്ടു പോകുമെന്ന ഭയാനക വാർത്ത അറിഞ്ഞിട്ടും ഹിസ്കിയാവ് രാജാവിന് പ്രകടമായ കണ്ണുനീർ ഉണ്ടായിയില്ല (വാ. 16 – 18). അവൻ വിചാരിച്ചു, “എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ”(വാ. 19). ഹിസ്കിയാവിന് സ്വന്തം സുഖ സൗകര്യങ്ങളിൽ ഉണ്ടായിരുന്ന ഉത്കണ്ഠയൊന്നും അടുത്ത തലമുറയോട് ഉണ്ടായിരുന്നില്ല.
ദൈവം നമ്മെ വിളിച്ചിരിക്കുന്നത് നമ്മെ വേർതിരിക്കുന്ന വരമ്പുകളെ സ്നേഹംകൊണ്ട് മറികടക്കാനാണ്. പഴയ തലമുറക്ക് യുവതലമുറയുടെ പുതിയ ആദർശങ്ങളും ക്രിയാത്മകതയും ആവശ്യമാണെന്നിരിക്കെ, തിരിച്ച് മുൻ തലമുറയുടെ അറിവും പരിചയസമ്പത്തും യുവതലമുറക്കും ഉപകരിക്കും. കളിയാക്കലുകളുടെയോ മുദ്രാവാക്യങ്ങളുടേയോ സമയമല്ല ഇത് ; ചിന്തനീയമായ ആശയങ്ങളുടെ കൈമാറ്റമാണ് ആവശ്യം. ഇതിൽ നമ്മൾ ഒന്നിച്ചാണ്.
എങ്ങനെയെല്ലാമാണ് നിങ്ങൾ സമപ്രായക്കാരല്ലാത്തവരെ അവഗണിക്കുകയോ, അവഹേളിക്കുകയോ ചെയ്തിട്ടുള്ളതായി തോന്നിയിട്ടുള്ളത്? മറ്റുള്ളവരെ സഹായിക്കാൻ ദൈവം നല്കിയ ദാനങ്ങൾ നിങ്ങൾ എങ്ങിനെയാണ് ഉപയോഗിക്കുന്നത് ?
പിതാവേ, എന്റേതല്ലാത്ത ജീവിതസാഹചര്യങ്ങളിലുള്ളവരെ അംഗീകരിക്കാൻ കഴിയാത്തതിന് എന്നോടു ക്ഷമിക്കേണമേ.