മനോഹരമായി തകർന്നത്
ഞങ്ങളുടെ ബസ്സ് അവസാനം ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേർന്നു – ഇസ്രായേലിലെ ഒരു പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ, ഞങ്ങൾക്കു തന്നെ കുറച്ച് ഖനനം ചെയ്യാവുന്ന സ്ഥലത്ത്. ഞങ്ങളുടേതായി ഖനനം ചെയ്ത് എടുത്തതെല്ലാം ആയിരം വർഷങ്ങളോളമായി ആരും സ്പർശിക്കാത്തതായിരുന്നെന്ന് അവിടുത്തെ ഡയറക്ടർ വിവരിച്ച് തന്നു.കളിമൺ പാത്രങ്ങളുടെ കഷ്ണങ്ങൾ കുഴിച്ചെടുക്കുമ്പോൾ ഞങ്ങളും ചരിത്രത്തെ തൊടുകയാണെന്ന ഒരു വൈകാരികത തോന്നി. കുറേ നീണ്ട സമയത്തിനു ശേഷം ഞങ്ങളെ അവർ വേറൊരു ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി; അവിടെ വളരെയധികം വർഷങ്ങൾക്ക് മുമ്പ് തകർന്നു പോയ വലിയ പൂപ്പാത്രങ്ങളുടെ പൊട്ടി വേർപെട്ട കഷ്ണങ്ങൾ എല്ലാം തിരികെ ഒരുമിച്ചു ചേർത്തുകൊണ്ടിരിക്കുകയായിരുന്നു.
ഇതൊരു പ്രതീകാത്മക കാര്യമായിരിക്കുന്നു! വർഷങ്ങൾക്ക് മുമ്പ് തകർന്ന മൺപാത്രങ്ങളുടെ പുന:സൃഷ്ടി നടത്തുന്ന ആ കരകൗശല വിദഗ്ദർ, തകർന്നതിനെ യഥാസ്ഥാനപ്പെടുത്താൻ ഇഷ്ടപ്പെടുന്ന ദൈവത്തെ ഓർമ്മിപ്പിക്കുന്നു. സങ്കീർത്തനം 31:12ൽ, ദാവീദ് എഴുതി: “മരിച്ചു പോയവനെപ്പോലെ എന്നെ മറന്നു കളഞ്ഞിരിക്കുന്നു. ഞാൻ ഒരു ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നു”. ഈ സങ്കീർത്തനം എഴുതിയ സന്ദർഭം ഇവിടെ സൂചിപ്പിക്കുന്നില്ലെങ്കിലും, ദാവീദിന്റെ ജീവിതത്തിലെ പ്രയാസങ്ങളാണ് പലപ്പോഴും അവന്റെ വിലാപത്തിന്റെ ധ്വനിയായി മാറുന്നത് എന്നത് ഈ സങ്കീർത്തനത്തിന്റെ കാര്യത്തിലും ശരിയാകാം. ഇതിൽ വിവരിക്കുന്നത് അപകടങ്ങളും, ശത്രുക്കളും, നിരാശയും നിമിത്തം അവൻ തകർന്നു പോയിരിക്കുന്നു എന്നാണ്.
അതുകൊണ്ട്, സഹായത്തിനായി എവിടെയ്ക്കാണ് അവൻ ശ്രദ്ധ തിരിച്ചത്? വാക്യം 16 ൽ ദാവീദ് ദൈവത്തോട് കരയുന്നുണ്ട്, “ അടിയന്റെ മേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.”
ദാവീദിന്റെ വിശ്വാസത്തിന്റെ ശരണമായിരുന്ന ആ ദൈവം തന്നെയാണ് ഇന്നും തകർന്ന് പോയതിനെ കൂട്ടിച്ചേർക്കുന്നവൻ. അതിനായി അവനെ വിളിച്ച് അപേക്ഷിക്കുവാനും, അവന്റെ മാറ്റമില്ലാത്ത സ്നേഹത്തിൽ വിശ്വസിക്കുവാനും മാത്രമാണ് അവൻ ആവശ്യപ്പെടുന്നത്.
ദൈവത്തിന്റെ മക്കൾ
എസ്തേർ , കഠിനമായ ശാരീരിക വൈകല്യമുള്ള തന്റെ മകളുമായി ഒരു തുണിക്കടയിൽ കയറി ചെന്നു. കൗണ്ടറിന്റെ പുറകിലിരുന്ന മനുഷ്യൻ അവരെ ദ്വേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു, അയാളുടെ കണ്ണുകളിൽ ആ കുട്ടിയുടെ സാന്നിദ്ധ്യത്തോടുള്ള നിശബ്ദ പ്രതിഷേധം പ്രകടമായിരുന്നു – അതിന്റെ കാരണം അവൾ ഒരു ഓട്ടിസം ബാധിച്ച കുട്ടിയായിരുന്നു.
ഇത്തരം കഠിനമായ തുറിച്ചു നോട്ടങ്ങൾ എസ്തേറിന് വളരെ പരിചിതമായിരുന്നു. തന്റെ മകളുടെ ഈ അവസ്ഥമൂലം അടുത്ത ബന്ധുക്കളിൽ നിന്നും കൂട്ടുകാരിൽ നിന്നുപോലുമുള്ള പെരുമാറ്റം അവളിൽ ദ്വേഷ്യവും മനോവ്യഥയും ഉണ്ടാക്കിയിട്ടുണ്ട്; ആളുകൾക്ക് ഈ പെരുമാറ്റമൊന്നും ഉൾക്കൊള്ളാൻ കഴിയില്ല എന്നത് ഒരു അമ്മ എന്ന നിലയിലുള്ള തന്റെ സ്ഥിതിയിൽ അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്. തന്റെ മകളെ ബലമായി പിടിച്ച് നിർത്തി, വിൽപ്പനക്കാരനെ രൂക്ഷമായി നോക്കിക്കൊണ്ട് , സാധനങ്ങൾ വാങ്ങി രോഷത്തോടെ കാറിന്റെ അടുത്തേക്ക് പോയി.
കാറിൽ ഇരിക്കുമ്പോൾ തനിക്ക് തോന്നിയ വിദ്വേഷത്തെ കുറിച്ച് കുറ്റബോധം തോന്നി. മകളുടെ കുറവുകളെ കണ്ട് അവരെ മാറ്റി നിർത്താൻ ശ്രമിക്കുന്നവരോടു ക്ഷമിക്കുവാൻ കഴിയുന്ന മനസ്സ് നൽകേണമേ, എന്ന് അവൾ ദൈവത്തോട് പ്രാർത്ഥിച്ചു. ഒരു അമ്മ എന്ന നിലക്ക് ഒന്നിനും കൊള്ളാത്തവൾ എന്ന് തോന്നുന്ന അവസ്ഥയെ മറികടക്കാൻ അവളെ സഹായിക്കണമേ എന്നും ദൈവത്തിന്റെ പ്രിയ മകളാണെന്ന അവളുടെ ശരിയായ വ്യക്തിത്വത്തെ അംഗീകരിക്കുവാൻ സഹായിക്കേണമേ എന്നും ദൈവത്തോട് പ്രാർത്ഥിച്ചു.
അപ്പോസ്തലനായ പൗലോസ് പ്രഖ്യാപിക്കുന്നത് യേശുവിൽ വിശ്വസിക്കുന്നവർ എല്ലാം “ വിശ്വാസത്താൽ ദൈവത്തിന്റെ മക്കൾ ആകുന്നു”, എന്നും ഒരുപോലെ വിലയുള്ളവരും മനോഹരമായി വിഭിന്നരുമാണെന്നാണ്. ഒന്നിച്ച് പ്രയത്നിക്കുവാനായി ദൃഢമായി ബന്ധിപ്പിക്കപ്പെട്ടവരും മനപ്പൂർവ്വമായി രൂപകല്പന ചെയ്യപ്പെട്ടവരുമാണ് നാം. (ഗലാത്യർ3:26-29). ദൈവം സ്വന്തം പുത്രനെ നമ്മെ വീണ്ടെടുക്കുന്നതിനായിട്ടാണ് അയച്ചിരിക്കുന്നത്, നമ്മുടെ പാപമോചനത്തിനായി ക്രൂശിൽ ചിന്തപ്പെട്ട രക്തത്താൽ നാം ഏവരും ഒരു കുടുംബമായി തീർന്നു (4 : 4-7). ദൈവത്തിന്റെ പ്രതിച്ഛായയുള്ള നമ്മുടെ വില നിർണ്ണയിക്കുന്നത് മറ്റുള്ളവരുടെ അഭിപ്രായങ്ങളോ, പ്രതീക്ഷകളോ, മുൻ വിധികളോ ഒന്നുമല്ല.
നമ്മൾ എന്താകുന്നു ? നാം ദൈവത്തിന്റെ മക്കളാകുന്നു.
ഞാൻ അവന്റെ കൈകളാകുന്നു
ജിയ ഹൈക്സിയക്ക് 2000-ൽ കാഴ്ച നഷ്ടപ്പെട്ടു. അവന്റെ കൂട്ടുകാരൻ ജിയാ വെൻക്വിക്ക് ബാല്യത്തിൽ തന്നെ അവന്റെ കയ്യുകൾ നഷ്ടപ്പെട്ടിരുന്നു. അവരുടെ പരിമിതികളിൽ നിന്നും കൊണ്ടുതന്നെ അവർ ഒരു വഴി കണ്ടുപിടിച്ചു. – “ഞാൻ അവന്റെ കൈകളും അവൻ എന്റെ കണ്ണുകളും” ആണെന്നായിരുന്നു ഹൈക്സിയ പറയുന്നത്. അവർ രണ്ടുപേരും ചേർന്ന് ചൈനയിലെ അവരുടെ ഗ്രാമത്തെ തന്നെ രൂപാന്തരപ്പെടുത്തി.
2002 മുതൽ, ഈ കൂട്ടുകാർ അവരുടെ അടുത്തുള്ള ഒരു തരിശുനിലം പുനർജീവിപ്പിക്കുന്ന ഒരു ദൗത്യത്തിലായിരുന്നു. ഓരോ ദിവസവും ഹൈക്സിയ, വെൻക്വിയുടെ പുറത്തു കയറി ഒരു നദി കടന്നാണ് ഈ സ്ഥലത്തേക്ക് പോയിരുന്നത്. വെൻക്വിയുടെ തോളിന്റെയും കവിളിന്റെയും ഇടയിൽ വെച്ചിരിക്കുന്ന ഒരു വടിയിൽ ഒരു ബക്കറ്റ് വെച്ച് കെട്ടി കൊടുക്കുന്നതിനു മുൻപ്, വെൻക്വി അവന്റെ കാലുകൊണ്ട് ഒരു ഷവൽ ഹൈക്സിയയുടെ കൈകളിൽ കൊടുക്കും. ഒരാൾ കുഴിക്കും മറ്റേ ആൾ വെള്ളം ഒഴിക്കും, രണ്ടു പേരും ചേർന്ന് – 10000-ൽ അധികം ചെടികൾ നട്ടു പിടിപ്പിച്ചു. “ഒരുമിച്ച് ജോലി ചെയ്യുമ്പോൾ, ഞങ്ങൾ കുറവുള്ളവരാണെന്ന് തോന്നുകയേയില്ല” എന്നും “ഞങ്ങൾ ഒരു ടീം ആണ്” എന്നും ഹൈക്സിയ പറഞ്ഞു.
അപ്പോസ്തലനായ പൗലോസ് സഭയെ ഒരു ശരീരമായാണ് കാണുന്നത്. ഓരോ ഭാഗവും പ്രവർത്തിക്കുന്നതിന് മറ്റൊന്നിനെ ആവശ്യമുണ്ട്. സഭ മുഴുവൻ കണ്ണ് ആണെങ്കിൽ, ആരും കേൾക്കില്ല. എല്ലാം ചെവി ആണെങ്കിൽ മണമെന്തെന്ന് മനസ്സിലാവുകയില്ല (1 കൊരിന്ത്യർ 12:14-17). “കണ്ണിന് കൈയോടു: നിന്നെകൊണ്ടു എനിക്ക് ആവശ്യമില്ല എന്ന് പറഞ്ഞു കൂടാ” എന്ന് പൗലോസ് പറയുന്നു (വാ. 21). നാം ഓരോരുത്തരും അവരവരുടെ ആത്മീയ വരങ്ങൾക്കനുസരിച്ച് ഓരോ കർത്തവ്യം ചെയ്യുന്നു(വാ.7-11, 18 ). ജിയ ഹൈക്സിയുടേയും ജിയ വെൻക്വിയുടേയും പോലെ നാം നമ്മുടെ ശക്തികളെ സംയോജിപ്പിച്ചാൽ ഈ ലോകത്തിൻ മാറ്റങ്ങൾ കൊണ്ടു വരുവാൻ കഴിയും.
രണ്ടു പേർ അവരുടെ കഴിവുകളെ സംയോജിപ്പിച്ചപ്പോൾ ഒരു തരിശുഭൂമി പുനർജീവിച്ചു. ഒരു സഭ മുഴുവനായി പ്രവർത്തിച്ചാൽ എന്തെല്ലാം ചെയ്യുവാൻ സാധിക്കും!
ഞാൻ എന്താണ് പറയേണ്ടത്?
പഴയ പുസ്തകങ്ങൾ വിൽക്കുന്ന കടയിൽ ചെന്ന് ഞാൻ പെട്ടിയിലുള്ള പുസ്തകങ്ങൾ തിരയുന്നതിനിടയിൽ കടയുടമ അടുക്കൽ വന്നു. ലഭ്യമായ പുസ്തകങ്ങളുടെ പേരുകളെ കുറിച്ച് സംസാരിക്കുമ്പോൾ, അദ്ദേഹം വിശ്വാസത്തിൽ തല്പരനായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു. ദൈവത്തിന്റെ ഇടപെടലിനായി നിശബ്ദമായി പ്രാർത്ഥിച്ചു. ഒരു ക്രൈസ്തവ എഴുത്തുകാരന്റെ ആത്മകഥ കണ്ടു , അതിനെക്കുറിച്ച് ആരംഭിച്ച ചർച്ച പതിയെ ദൈവത്തിലേക്ക് എത്തിച്ചേർന്നു. ദൈവീകമായ കാര്യങ്ങളിലേക്ക് ഞങ്ങളുടെ സംസാരത്തെ തിരിച്ചു വിടുവാൻ എന്റെ പെട്ടെന്നുള്ള പ്രാർത്ഥനക്ക് കഴിഞ്ഞു എന്നത് അവസാനം ഞാൻ നന്ദിയോടെ ഓർത്തു.
പേർഷ്യയിലെ അർത്ഥഹ്ശഷ്ടാരാജാവുമായി സംസാരിക്കുന്നതിനിടയിൽ ഒരു നിർണ്ണായക വിഷയത്തിൽ, നെഹെമ്യാവു പെട്ടെന്ന് സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു. യെരുശലേമിന്റെ നാശത്തിൽ ദുഃഖിതനായ നെഹെമ്യാവിനോട് താൻ എങ്ങിനെയാണ് സഹായിക്കേണ്ടത് എന്ന് രാജാവ് ചോദിച്ചു.നെഹെമ്യാവു രാജാവിന്റെ സേവകൻ മാത്രമാകയാൽ, യാതൊരു ആനുകൂല്യവും ചോദിക്കുവാൻ അർഹനല്ലായിരുന്നെങ്കിലും , അവന് ഒരു വലിയ ആനുകൂല്യം ആവശ്യമായിരുന്നു. അവൻ യെരുശലേമിനെ പുനർനിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നു. പട്ടണം പുനർനിർമ്മിക്കുന്നതിനായി രാജാവിനോട് അവധി ചോദിക്കുന്നതിനു മുമ്പ് "അവൻ സ്വർഗ്ഗത്തിലെ ദൈവത്തോട് പ്രാർത്ഥിച്ചു. " (നെഹമ്യാവു 2:4-5) രാജാവ് നെഹെമ്യാവിന് സമ്മതം കൊടുക്കുക മാത്രമല്ല, യാത്രക്കു വേണ്ട എല്ലാ സൗകര്യങ്ങളും, പണിയുന്നതിനു ആവശ്യമായ മരങ്ങളും ഏർപ്പെടുത്തി കൊടുത്തു.
“ സകല പ്രാർത്ഥനയാലും യാചനയാലും ഏതു നേരത്തും.. ” (എഫെസ്യർ 6:18)- എന്നാണ് പ്രാർത്ഥനയിൽ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത്. ധൈര്യവും, ആത്മനിയന്ത്രണവും, അവബോധവും വേണ്ട നിമിഷങ്ങളെല്ലാം നാം പ്രാർത്ഥിക്കേണ്ടതാണ്. നാം ദൈവത്തോട് പ്രാർത്ഥിച്ചതിനു ശേഷം സംസാരിക്കുമ്പോൾ, നമ്മുടെ മനോഭാവവും, വാക്കുകളും നിയന്ത്രിക്കുവാൻ ദൈവം നമ്മെ സഹായിക്കും.
ഇന്ന് നിങ്ങളുടെ വാക്കുകളെ നിയന്ത്രിക്കുവാൻ, ദൈവം ആഗ്രഹിക്കുന്നത് എങ്ങിനെയാണ്? അവനോടു തന്നെ ചോദിച്ച് കണ്ടുപിടിക്കൂ.