ഞങ്ങളുടെ ബസ്സ് അവസാനം ഞങ്ങൾ വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ലക്ഷ്യ സ്ഥാനത്ത് എത്തിച്ചേർന്നു – ഇസ്രായേലിലെ ഒരു പുരാവസ്തു ഗവേഷണ കേന്ദ്രത്തിൽ, ഞങ്ങൾക്കു തന്നെ കുറച്ച് ഖനനം ചെയ്യാവുന്ന സ്ഥലത്ത്. ഞങ്ങളുടേതായി ഖനനം ചെയ്ത് എടുത്തതെല്ലാം ആയിരം വർഷങ്ങളോളമായി ആരും സ്പർശിക്കാത്തതായിരുന്നെന്ന് അവിടുത്തെ ഡയറക്ടർ വിവരിച്ച് തന്നു.കളിമൺ പാത്രങ്ങളുടെ കഷ്ണങ്ങൾ കുഴിച്ചെടുക്കുമ്പോൾ ഞങ്ങളും ചരിത്രത്തെ തൊടുകയാണെന്ന ഒരു വൈകാരികത തോന്നി. കുറേ നീണ്ട സമയത്തിനു ശേഷം ഞങ്ങളെ അവർ വേറൊരു ജോലി സ്ഥലത്തേക്ക് കൊണ്ടുപോയി; അവിടെ വളരെയധികം വർഷങ്ങൾക്ക് മുമ്പ് തകർന്നു പോയ വലിയ പൂപ്പാത്രങ്ങളുടെ പൊട്ടി വേർപെട്ട കഷ്ണങ്ങൾ എല്ലാം തിരികെ ഒരുമിച്ചു ചേർത്തുകൊണ്ടിരിക്കുകയായിരുന്നു.

ഇതൊരു പ്രതീകാത്മക കാര്യമായിരിക്കുന്നു! വർഷങ്ങൾക്ക് മുമ്പ് തകർന്ന മൺപാത്രങ്ങളുടെ പുന:സൃഷ്ടി നടത്തുന്ന ആ കരകൗശല വിദഗ്ദർ, തകർന്നതിനെ യഥാസ്ഥാനപ്പെടുത്താൻ ഇഷ്ടപ്പെടുന്ന ദൈവത്തെ ഓർമ്മിപ്പിക്കുന്നു.  സങ്കീർത്തനം 31:12ൽ, ദാവീദ് എഴുതി: “മരിച്ചു പോയവനെപ്പോലെ എന്നെ മറന്നു കളഞ്ഞിരിക്കുന്നു. ഞാൻ ഒരു ഉടഞ്ഞ പാത്രം പോലെ ആയിരിക്കുന്നു”. ഈ സങ്കീർത്തനം എഴുതിയ സന്ദർഭം ഇവിടെ സൂചിപ്പിക്കുന്നില്ലെങ്കിലും,  ദാവീദിന്റെ ജീവിതത്തിലെ പ്രയാസങ്ങളാണ് പലപ്പോഴും അവന്റെ വിലാപത്തിന്റെ ധ്വനിയായി മാറുന്നത് എന്നത്  ഈ സങ്കീർത്തനത്തിന്റെ കാര്യത്തിലും ശരിയാകാം. ഇതിൽ വിവരിക്കുന്നത് അപകടങ്ങളും, ശത്രുക്കളും, നിരാശയും നിമിത്തം അവൻ തകർന്നു പോയിരിക്കുന്നു എന്നാണ്.

അതുകൊണ്ട്, സഹായത്തിനായി എവിടെയ്ക്കാണ് അവൻ ശ്രദ്ധ തിരിച്ചത്? വാക്യം 16 ൽ ദാവീദ് ദൈവത്തോട്  കരയുന്നുണ്ട്, “ അടിയന്റെ മേൽ തിരുമുഖം പ്രകാശിപ്പിക്കേണമേ ; നിന്റെ ദയയാൽ എന്നെ രക്ഷിക്കേണമേ.”

ദാവീദിന്റെ വിശ്വാസത്തിന്റെ ശരണമായിരുന്ന ആ ദൈവം തന്നെയാണ്  ഇന്നും തകർന്ന് പോയതിനെ കൂട്ടിച്ചേർക്കുന്നവൻ. അതിനായി അവനെ വിളിച്ച് അപേക്ഷിക്കുവാനും, അവന്റെ മാറ്റമില്ലാത്ത സ്നേഹത്തിൽ വിശ്വസിക്കുവാനും മാത്രമാണ് അവൻ ആവശ്യപ്പെടുന്നത്.