ജിയ ഹൈക്സിയക്ക് 2000-ൽ കാഴ്ച നഷ്ടപ്പെട്ടു. അവന്റെ കൂട്ടുകാരൻ ജിയാ വെൻക്വിക്ക് ബാല്യത്തിൽ തന്നെ അവന്റെ കയ്യുകൾ നഷ്ടപ്പെട്ടിരുന്നു. അവരുടെ പരിമിതികളിൽ നിന്നും കൊണ്ടുതന്നെ അവർ ഒരു വഴി കണ്ടുപിടിച്ചു. – “ഞാൻ അവന്റെ കൈകളും അവൻ എന്റെ കണ്ണുകളും” ആണെന്നായിരുന്നു ഹൈക്സിയ പറയുന്നത്. അവർ രണ്ടുപേരും ചേർന്ന് ചൈനയിലെ അവരുടെ ഗ്രാമത്തെ തന്നെ രൂപാന്തരപ്പെടുത്തി.

2002 മുതൽ, ഈ കൂട്ടുകാർ അവരുടെ അടുത്തുള്ള ഒരു തരിശുനിലം പുനർജീവിപ്പിക്കുന്ന ഒരു ദൗത്യത്തിലായിരുന്നു. ഓരോ ദിവസവും ഹൈക്സിയ, വെൻക്വിയുടെ പുറത്തു കയറി ഒരു നദി കടന്നാണ് ഈ സ്ഥലത്തേക്ക് പോയിരുന്നത്. വെൻക്വിയുടെ തോളിന്റെയും കവിളിന്റെയും ഇടയിൽ വെച്ചിരിക്കുന്ന ഒരു വടിയിൽ ഒരു ബക്കറ്റ് വെച്ച് കെട്ടി കൊടുക്കുന്നതിനു മുൻപ്, വെൻക്വി അവന്റെ കാലുകൊണ്ട് ഒരു ഷവൽ ഹൈക്സിയയുടെ കൈകളിൽ കൊടുക്കും. ഒരാൾ കുഴിക്കും മറ്റേ ആൾ വെള്ളം ഒഴിക്കും, രണ്ടു പേരും ചേർന്ന് – 10000-ൽ അധികം ചെടികൾ നട്ടു പിടിപ്പിച്ചു. “ഒരുമിച്ച് ജോലി ചെയ്യുമ്പോൾ, ഞങ്ങൾ കുറവുള്ളവരാണെന്ന് തോന്നുകയേയില്ല” എന്നും “ഞങ്ങൾ ഒരു ടീം ആണ്” എന്നും ഹൈക്സിയ പറഞ്ഞു.

അപ്പോസ്തലനായ പൗലോസ് സഭയെ ഒരു ശരീരമായാണ് കാണുന്നത്. ഓരോ ഭാഗവും പ്രവർത്തിക്കുന്നതിന് മറ്റൊന്നിനെ ആവശ്യമുണ്ട്. സഭ മുഴുവൻ കണ്ണ് ആണെങ്കിൽ, ആരും കേൾക്കില്ല. എല്ലാം ചെവി ആണെങ്കിൽ മണമെന്തെന്ന് മനസ്സിലാവുകയില്ല (1 കൊരിന്ത്യർ 12:14-17). “കണ്ണിന് കൈയോടു: നിന്നെകൊണ്ടു എനിക്ക് ആവശ്യമില്ല എന്ന് പറഞ്ഞു കൂടാ” എന്ന് പൗലോസ് പറയുന്നു (വാ. 21). നാം ഓരോരുത്തരും അവരവരുടെ ആത്മീയ വരങ്ങൾക്കനുസരിച്ച് ഓരോ കർത്തവ്യം ചെയ്യുന്നു(വാ.7-11, 18 ). ജിയ ഹൈക്സിയുടേയും ജിയ വെൻക്വിയുടേയും പോലെ നാം നമ്മുടെ ശക്തികളെ സംയോജിപ്പിച്ചാൽ ഈ ലോകത്തിൻ മാറ്റങ്ങൾ കൊണ്ടു വരുവാൻ കഴിയും. 

രണ്ടു പേർ അവരുടെ കഴിവുകളെ സംയോജിപ്പിച്ചപ്പോൾ ഒരു തരിശുഭൂമി പുനർജീവിച്ചു. ഒരു സഭ മുഴുവനായി പ്രവർത്തിച്ചാൽ എന്തെല്ലാം ചെയ്യുവാൻ സാധിക്കും!