ഒരു അവധിക്കാലത്ത് ഞാൻ ഒരു തടാകത്തിന്റെ അരികിൽ ഇരുന്ന് എന്റെ ബൈബിൾ വായിക്കുകയും ഭർത്താവ് മീൻ പിടിക്കുന്നത് കാണുകയും ചെയ്തു കൊണ്ടിരുന്നു. മീൻ പിടിക്കുവാൻ ഒരു വ്യത്യസ്ത ഇര ഉപയോഗിക്കുവാൻ നിർദ്ദേശിച്ചുകൊണ്ട് ഒരു യുവാവ് ഞങ്ങളുടെ അടുത്തു വന്നു. വളരെ അസ്വസ്ഥനായി കാണപ്പെട്ട അയാൾ പറഞ്ഞു, “ഞാൻ ജയിലിലായിരുന്നു”. അവൻ എന്റെ ബൈബിൾ നോക്കി നെടുവീർപ്പിട്ടു, “എന്നെപ്പോലുള്ളവരുടെ കാര്യത്തിൽ യഥാർത്ഥത്തിൽദൈവത്തിന്പരിഗണനയുണ്ടെന്ന് നിങ്ങൾ കരുതുന്നുണ്ടോ?”
ഞാൻ മത്തായി 25 എടുത്തു, യേശു തന്റെ അനുയായികൾ ജയിലിൽ കഴിയുന്നവരെ സന്ദർശിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത് ഉറക്കെ വായിച്ചു.
“അങ്ങനെ പറയുന്നുണ്ടോ? ജയിലിലായിരിക്കുന്നവരെക്കുറിച്ച്? “തടവിൽ കഴിയുന്ന തന്റെ മക്കളോടു കാണിക്കുന്ന ദയയെ, ദൈവത്തോടുള്ള വ്യക്തിപരമായ സ്നേഹമായി അവൻ കണക്കാക്കും (25:31-40) എന്നു ഞാൻ പങ്കുവച്ചപ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞു.
“എന്റെ മാതാപിതാക്കൾ എന്നോട് ക്ഷമിക്കുമെന്ന് ഞാൻ കരുതുന്നു.” അവൻ തല താഴ്ത്തി. “ഞാൻ ഉടനെ വരാം.” അവൻ പോയി പെട്ടെന്ന് തിരിച്ചെത്തി. അവന്റെ കീറിപ്പറിഞ്ഞ ബൈബിൾ എന്റെ കയ്യിൽ തന്നിട്ടു പറഞ്ഞു, “ആ വാക്യങ്ങൾ എവിടെയാണെന്ന് എന്നെ കാണിക്കുമോ?”
ഞാൻ അതു കാണിച്ചു കൊടുത്തു. അവനും മാതാപിതാക്കൾക്കും വേണ്ടി പ്രാർത്ഥിക്കുമ്പോൾ ഞാനും എന്റെ ഭർത്താവും അവനെ കെട്ടിപ്പിടിച്ചു. തമ്മിൽ ബന്ധപ്പെടാനുള്ള വിവരങ്ങൾ ഞങ്ങൾ പരസ്പരം കൈമാറി. ഞങ്ങൾ അവനുവേണ്ടി തുടർച്ചയായിപ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ചിലപ്പോൾ, നമ്മൾ ആരാലും സ്നേഹിക്കപ്പെടാത്തവരായി, സ്വീകരിക്കപ്പെടാത്തവരായി, ശാരീരികമായും മാനസികമായും തടവിലാക്കപ്പെട്ടവരെ പോലെ അനുഭവപ്പെടും (25:35-36). ആ സമയത്ത്, ദൈവത്തിന്റെ സ്നേഹപൂർണ്ണമായ അനുകമ്പയുടെയും ക്ഷമയുടെയും ഓർമ്മപ്പെടുത്തലുകൾ നമുക്ക് ആവശ്യമാണ്. ഇത്തരത്തിലുള്ള വികാരങ്ങളുമായി പോരാടുന്നവരെ താങ്ങുവാനുള്ളഅവസരങ്ങൾ നമുക്കുണ്ട്.നാം പോകുന്നിടത്തെല്ലാം അവന്റെ സ്നേഹവും സത്യവും പകർന്നുകൊണ്ട് നമുക്കും ദൈവത്തിന്റെ വീണ്ടെടുപ്പ് പദ്ധതിയുടെ ഭാഗമാകാം.
മറ്റുള്ളവരോട് സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് നിങ്ങൾക്കിന്നെങ്ങനെദൈവത്തെ സ്നേഹിക്കാൻ കഴിയും? മറ്റുള്ളവരിൽകൂടെ ദൈവം നിങ്ങളോടു തന്റെ സ്നേഹം പ്രകടിപ്പിച്ചത് എങ്ങനെയാണ്?
പിതാവേ, നീ എന്നെ സ്നേഹിച്ചതിനാലും, എന്നോടു ക്ഷമിച്ചതിനാലും,ഞാൻ നിന്നെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് നിന്റെ സത്യം പങ്കിടാൻ എനിക്ക് അവസരങ്ങൾ നൽകുന്നതിനാലും നന്ദി.
യഥാർത്ഥ സ്നേഹം എന്താണെന്ന് മനസ്സിലാക്കുവാൻ DiscoverySeries.org/Q0714 സന്ദർശിക്കുക.