അവരുടെ പ്രാർഥനകളിൽ ആ അഗ്നിശമന ഉദ്യോഗസ്ഥൻ ആശ്ചര്യപ്പെട്ടു, കിഴക്കൻ കൊളറാഡോ പർവതങ്ങളിൽ 2020 ശരത്കാലത്തിൽ ആളിപ്പടർന്ന ഭയാനകമായ തീയിൽ നിന്ന് രക്ഷനേടാൻ ദൈവസഹായം തേടി “പതിനായിരക്കണക്കിന് അല്ലെങ്കിൽ ദശലക്ഷക്കണക്കിന് പ്രാർത്ഥനകൾ” സ്വർഗ്ഗത്തിലേക്കുയർന്നു. അതിഭയങ്കരമായി ആളിപ്പടർന്ന തീ പന്ത്രണ്ട് മണിക്കൂറിനുള്ളിൽ 100,000 ഏക്കർ ഉണങ്ങിയ വനങ്ങളിലൂടെ കത്തിപ്പടർന്നു. അതിന്റെ പാതയിലെ മുന്നൂറ് വീടുകൾ ചാമ്പലായി. അവിടെയുള്ള സകല പട്ടണങ്ങളും അപകടാവസ്ഥയിലായി. ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത ആ സമയത്ത്, ഒരു കാലാവസ്ഥാ ശാസ്ത്രജ്ഞൻ വിളിച്ചതുപോലെ ” ദൈവസഹായം” വന്നു. അല്ല, മഴയല്ല, തക്കസമയത്തുണ്ടായ ഒരു മഞ്ഞുവീഴ്ചയായിരുന്നു അത്. അത് അഗ്നിമേഖലയിലുടനീളം വീണു. പതിവിനു വിരുദ്ധമായി ആ വർഷം അതു നേരത്തെ എത്തി. ഒരു അടി അല്ലെങ്കിൽ അതിൽ കൂടുതൽ നനഞ്ഞ മഞ്ഞ് വീണ്, തീ കുറയ്ക്കുകയും ചില സ്ഥലങ്ങളിൽ അത് നിർത്തുകയും ചെയ്തു.
ഇത്തരം സ്വർഗ്ഗീയ സഹായം വിശദീകരിക്കുവാൻ പ്രയാസമാണ്. മഞ്ഞിനും മഴയ്ക്കുമുള്ള നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നുണ്ടോ? ദൈവം പ്രാർത്ഥനയ്കുത്തരം നല്കുന്നത് ബൈബിളിൽ പലയിടത്തും രേഖപ്പെടുത്തിയിട്ടുണ്ട്. മഴയ്ക്കുവേണ്ടിയുള്ള ഏലിയാവിന്റെ പ്രാർത്ഥന അതിലൊന്നാണ് (1 രാജാക്കന്മാർ 18: 41-46). ദൈവത്തിന്റെ ദാസനായ ഏലിയാവ്, കാലാവസ്ഥ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും ദൈവം പരമാധികാരിയാണെന്ന് അടിയുറച്ചു വിശ്വസിച്ചിരുന്നു. സങ്കീർത്തനം 147-ൽ ദൈവത്തെക്കുറിച്ച് പറയുന്നു, “അവൻ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു, ഭൂമിക്കായി മഴ ഒരുക്കുന്നു” (147:8). അവൻ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു. . . നീർക്കട്ട കഷണംകഷണമായി എറിയുന്നു; (147:16-17).
മേഘങ്ങൾ ഉണ്ടാകുന്നതിനുമുമ്പുതന്നെ “കനത്ത മഴയുടെ ശബ്ദം” ഏലിയാവിനു കേൾക്കാനായി (1 രാജാക്കന്മാർ 18:41). ദൈവത്തിന്റെ ശക്തിയിൽ നമുക്ക് എത്രമാത്രം വിശ്വാസമുണ്ട്? അവൻ ഉത്തരം തന്നാലും ഇല്ലെങ്കിലും നമ്മുടെ വിശ്വാസത്തെയാണ് ദൈവം മാനിക്കുന്നത്. ഏതവസ്ഥയിലും അവന്റെ അത്ഭുതകരമായ സഹായത്തിനായി നമുക്ക് അവനിലേക്ക് നോക്കാം.
ഏതെങ്കിലും ഭയങ്കരമായ അവസ്ഥയിൽ ദൈവം ചെയ്ത അത്ഭുതകരമായ സഹായം നിങ്ങൾ കണ്ടിട്ടുണ്ടോ? അവന്റെ സഹായം നിങ്ങളുടെ വിശ്വാസത്തെ എങ്ങനെ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്?
അത്ഭുതവാനായ ദൈവമേ, നീ ചെയ്ത കാരുണ്യസഹായം നിമിത്തം വിനീതനായി ഞാൻ നിന്റെ കാൽക്കൽ നമിക്കുന്നു. ഭൂമിയിലുടനീളം നിന്റെ പരമാധികാരശക്തി വിളങ്ങുന്നതു ദർശിക്കുവാനും തൻമൂലം ഞങ്ങളുടെ വിശ്വാസം വർദ്ധിക്കുവാനും നീ സഹായിച്ചതിനാൽ നന്ദി.