പുരാതന റോമിൽ പടനായകന്മാർ ഒരു ഇതിഹാസ യുദ്ധത്തിൽ വിജയിച്ചതിനുശേഷം തലസ്ഥാനവീഥികളിലൂടെ രാവിലെ മുതൽ സൂര്യാസ്തമയം വരെ വിജയരഥത്തിൽ വീരഘോഷയാത്ര നടത്തുന്ന കഥകൾ, പുരാതനപണ്ഡിതന്മാരായജെറോമുംതെർത്തുല്യനുംപരാമർശിച്ചിട്ടുണ്ട്. ആൾക്കൂട്ടം ഇരമ്പും; പടത്തലവൻ‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമാനത്തിൽ ആഹ്ലാദിച്ചുകൊണ്ട് ആരാധനയിൽ മുഴുകും. എന്നിരുന്നാലും, ഒരു ദാസൻ ഈസമയം മുഴുവൻ പടത്തലവന്റെ പുറകിൽ നിന്നുകൊണ്ടു,‘മെമെന്റോ മോറി’ (നിങ്ങൾ മരിക്കുമെന്ന് ഓർക്കുക) എന്നു ചെവിയിൽ മന്ത്രിക്കുമെന്നാണ് ഐതിഹ്യം. എല്ലാ പ്രശംസകൾക്കുമിടയിൽ, പടത്തലവന്, താൻ മർത്യനാണെന്ന ഓർമ്മ സൃഷ്ടിക്കുന്ന വിനയം വളരെ ആവശ്യമായിരുന്നു.

ഊതിവീർപ്പിച്ച ആത്മാഭിമാനവും  അഹംഭാവവും ബാധിച്ച ഒരു സമൂഹത്തിന്റെ അഹങ്കാരത്തെ അഭിമുഖീകരിച്ചുകൊണ്ട്, തുളച്ചുകയറുന്ന വാക്കുകളിലൂടെ യാക്കോബ് പറഞ്ഞു: “ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു” (യാക്കോബ് 4: 6). “കർത്താവിന്റെ മുമ്പിൽ [സ്വയം] താഴ്ത്തുക” എന്നതാണ് അവർക്ക് വേണ്ടത്. ഈ എളിമ അവർ എങ്ങനെ സ്വായത്തമാക്കും? റോമൻ പടനായകന്മാരെപ്പോലെ, തങ്ങൾ ഒരുനാൾ മരിക്കുമെന്ന ഓർമ്മ അവർക്കുണ്ടാവേണ്ടതുണ്ട്. “നാളെ എന്ത് സംഭവിക്കുമെന്ന് നിങ്ങൾ അറിയുന്നില്ലല്ലോ;” യാക്കോബ് പറഞ്ഞു. “നിങ്ങളുടെ ജീവൻ എങ്ങനെയുള്ളതു? അല്പനേരത്തേക്കു കാണുന്നതും പിന്നെ മറഞ്ഞുപോകുന്നതുമായ ആവിയല്ലോ.” (4:14). നാം മർത്യരായ മനുഷ്യരാണെന്ന തിരിച്ചറിവ്, നമ്മുടെ ബലഹീന ശ്രമങ്ങളേക്കാൾ “കർത്താവിന്റെ ഉറപ്പുള്ള ഹിതത്തിൽ” ആശ്രയിച്ച് അനുദിനം ജീവിക്കുവാൻ നമ്മെ പ്രാപ്തരാക്കും (4:15).

ഈ ലോകത്തിൽ നമ്മുടെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്നത് നാം മറക്കുമ്പോഴാണ് നാം അഹങ്കാരം നിറഞ്ഞവരാകുന്നത്. എന്നാൽ, നാം മർത്യരാണെന്ന ഓർമ്മയുണ്ടായാൽ,  ഓരോ ശ്വാസവും ഓരോ നിമിഷവും അവന്റെ ദാനമാണെന്ന് നാം ഓർക്കും ;‘മെമെന്റോ മോറി.’