ആമോസ് ഏറ്റവും കൂടുതൽ സമൂഹജീവിതം ഇഷ്ടപ്പെടുന്ന ആളും, ഡാനി ഒട്ടും ആത്മവിശ്വാസമില്ലാത്ത ഒരു ഏകാന്തനുമായിരുന്നു. എങ്ങനെയോ ഈ വിചിത്ര പ്രതിഭകൾ മികച്ച സുഹൃത്തുക്കളായി. ഒരു ദശാബ്ദക്കാലം അവർക്കു ഒരുമിച്ച് ചിരിക്കുവാനും ഒരുമിച്ച് പഠിക്കുവാനും കഴിഞ്ഞു എന്ന കാര്യത്തിനു ഒരു നോബൽ സമ്മാനം കൊടുക്കണം! പക്ഷേ, ഒരു ദിവസം ആമോസിന്റെ രീതികളിൽ മടുത്ത ഡാനി അവനോടു പറഞ്ഞു, “നാം ഇനി മുതൽ സുഹൃത്തുക്കളല്ല!”
മൂന്ന് ദിവസങ്ങൾക്ക് ശേഷം, ആമോസ് ഭയങ്കരമായ ഒരു വാർത്തയുമായി ഡാനിയെ വിളിച്ചു. ഡോക്ടർമാർ അവനു ക്യാൻസർ ആണെന്ന് കണ്ടെത്തി, മാത്രമല്ല താൻ ആറുമാസം കൂടിയേ ജീവിക്കുവാൻ സാദ്ധ്യത ഉള്ളു എന്ന് പറഞ്ഞു. ഡാനിയുടെ ഹൃദയം തകർന്നു. “എന്തു സംഭവിച്ചാലും ഞാൻ കൂടെയുണ്ട്” അദ്ദേഹം പറഞ്ഞു, “നാം സുഹൃത്തുക്കളാണ്.”
പൗലോസ് കണിശക്കാരനായ ദാർശനികനും ബർണബാസ് മൃദുലഹൃദയമുള്ള പ്രോത്സാഹകനുമായിരുന്നു. ദൈവാത്മാവ് അവരെ ഒരുമിച്ച് ഒരു മിഷനറി യാത്രയ്ക്ക് അയച്ചു (പ്രവൃത്തികൾ 13: 2-3). മർക്കോസിന്റെ കാര്യത്തിൽ വിയോജിപ്പുണ്ടാകുന്നതുവരെ അവർ ഒരുമിച്ചു പ്രസംഗിക്കുകയും സഭകൾ സ്ഥാപിക്കുകയും ചെയ്തു. അവരെ ഇടയ്ക്ക് വിട്ടുപോയ മർക്കോസിനു രണ്ടാമത് ഒരു അവസരം നൽകുവാൻ ബർണബാസ് ആഗ്രഹിച്ചു. അവനെ ഇനി വിശ്വസിക്കാനാവില്ലെന്ന് പൗലോസ് തീർത്തു പറഞ്ഞു. അങ്ങനെ അവർ വേർപിരിഞ്ഞു (15: 36-41).
എന്നാൽ ഒടുവിൽ പൗലോസ് മാർക്കോസിനോട് ക്ഷമിച്ചു. പിന്നീടുള്ള തന്റെ മൂന്ന് കത്തുകൾ അവസാനിക്കുന്നത് മാർക്കോസിൽ നിന്നുള്ള അഭിവന്ദനങ്ങളോടുകൂടിയോ അദ്ദേഹത്തെ അഭിനന്ദിച്ചോ ആണ് (കൊലൊസ്സ്യർ 4:10; 2 തിമോത്തി 4:11; ഫിലേമോൻ 1:24). ബർണബാസിന് എന്ത് സംഭവിച്ചുവെന്ന് നമ്മൾക്കറിയില്ല. എന്നാൽ, പൗലോസുമായി തീർച്ചയായും അനുരഞ്ജനപ്പെട്ടു എന്നു ഞാൻ കരുതുന്നു.
ഇന്നത്തെ അവസ്ഥ എന്തുതന്നെയായാലും, നിങ്ങളുമായി അഭിപ്രായവ്യത്യാസം ഉണ്ടായിട്ടുള്ള ആളുകളുമായി ബന്ധപ്പെടുവാൻ ശ്രമിക്കുക. നിങ്ങൾ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്നു കാണിക്കുവാനും പറയാനുമുള്ള സമയമാണിത്.
നിങ്ങൾക്കിന്നു ആരുമായെങ്കിലും പൊരുത്തപ്പെടേണ്ട ആവശ്യമുണ്ടോ?ഒരുപക്ഷേ ആ വ്യക്തി ഇന്നു ജീവിച്ചിരുപ്പില്ലെങ്കിൽ നിങ്ങളുടെ വേദന നിങ്ങൾക്ക് എങ്ങനെ പരിഹരിക്കുവാൻ കഴിയും?
പിതാവേ, എന്റെ ചുറ്റുമുള്ളവരെ സ്നേഹിക്കുക എന്നത് എന്റെ ജീവിതത്തിന്റെ ഒരു പ്രാഥമിക ലക്ഷ്യമാണെന്ന് എപ്പോഴും ഓർമിക്കുവാൻ എന്നെ സഹായിക്കേണമേ.