കുറച്ചു നാൾ മുമ്പ് ഞങ്ങൾക്ക് തൊട്ടടുത്ത് തന്നെയുള്ള ഒരു പുതിയ വീട്ടിലേക്ക് താമസം മാറേണ്ടി വന്നു. വില്പനയും വാങ്ങലും സംബന്ധിച്ച പണമിടപാടുകളിൽ വന്ന താമസം മൂലം സാധനങ്ങളെല്ലാം ഒരു ട്രക്കിലേക്ക് മാറ്റേണ്ടിവന്നു; ഞങ്ങൾ ഒരു തല്ക്കാലികസ്ഥലത്തും താമസിച്ചു. വീട്ടിൽ അല്ല എങ്കിലും വീട്ടുസാധനങ്ങൾ എല്ലാം ട്രക്കിൽ ആയിട്ടും എനിക്ക് വീട്ടിൽ തന്നെ താമസിക്കുന്നതു പോലെ തോന്നി-കാരണം ഞാൻ ഏറ്റവും സ്നേഹിക്കുന്ന എന്റെ കുടുംബത്തോടൊപ്പമായിരുന്നു.
ജീവിതത്തിന്റെ ഒരു കാലഘട്ടം ദാവീദിന് ഭവനമില്ലാതെ കഴിയേണ്ടി വന്നു. ശൗൽ രാജാവിൽ നിന്ന് ഒളിച്ച് താമസിച്ച കാലം. ദാവീദിനെ തന്റെ പിൻഗാമിയായി ദൈവം അഭിഷേകം ചെയ്തു എന്ന് മനസ്സിലാക്കിയ ശൗൽ ദാവീദിനെ തനിക്ക് ഭീഷണിയായി കണ്ട് കൊല്ലാൻ ശ്രമിച്ചു. ദാവീദ് വീട് വിട്ട് ഓടിപ്പോയി ഒളിവിടങ്ങളിൽ പാർത്തു. തന്റെ കൂട്ടാളികൾ എല്ലാം കൂടെയുണ്ടായിട്ടും ദാവീദിന്റെ ഹൃദയത്തിന്റെ താല്പര്യം “ആയുഷ്കാലമൊക്കെയും യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നേ” ആയിരുന്നു (സങ്കീ.27:4) ദൈവവുമായുള്ള ഒരു സ്ഥിരമായ കൂട്ടായ്മാബന്ധം ദാവീദ് ആഗ്രഹിച്ചിരുന്നു.
യേശുവാണ് നമ്മുടെ സ്ഥിരമായ സഹചാരി. അതുകൊണ്ട് നാം എവിടെയായിരുന്നാലും അസ്വസ്ഥത വേണ്ട. നമ്മുടെ പ്രശ്നങ്ങളിലെല്ലാം അവൻ കൂടെ ആയിരിക്കുകയും അവനോടൊപ്പം നിത്യവുമായിരിക്കുവാൻ നമുക്കായി സ്ഥലമൊരുക്കുകയും ചെയ്യുന്നു (യോഹന്നാൻ 14:3). ഈ ഭൂമിയിലെ പൗരന്മാർ എന്ന നിലയിൽ നാം അസ്ഥിരതയും മാറ്റങ്ങളും അഭിമുഖീകരിക്കേണ്ടതുണ്ടെങ്കിലും ദൈവവുമായുള്ള കൂട്ടായ്മാബന്ധത്തിൽ നമുക്ക് സ്ഥിരവാസമനുഭവിക്കാനാകും; എവിടെയും എല്ലാ ദിവസവും.
ദൈവസാന്നിധ്യത്തിൽ ഏറ്റവും സ്വസ്ഥത തോന്നിയത് എപ്പോൾ? എവിടെയായാലും ഏത് സാഹചര്യത്തിലായാലും നമ്മോടുകൂടെ എപ്പോഴുമുള്ള സന്തത സഹചാരിയാണ് യേശു എന്ന് മനസ്സിലായിട്ടുണ്ടോ?
സ്നേഹമുളള ദൈവമേ, അങ്ങയിലാണ് എനിക്ക് സ്ഥിരമായ ഒരു മേൽവിലാസമുള്ളത്. ഞാൻ എവിടെയായിരുന്നാലും എന്റെ ഏറ്റവും വിശ്വസ്തനായ സഹചാരി അവിടുന്നാണെന്നത് ബോധ്യപ്പെടുവാൻ എന്നെ സഹായിക്കണമേ.