തന്റെ തലമുറയിൽ ക്രിസ്തീയ ചരിത്രത്തിന്റെ ഒരു ആധികാരിക വക്താവായി അറിയപ്പെട്ട യെയൽ (Yale) യൂണിവേഴ്സിറ്റിയിൽ ദീർഘകാല പ്രൊഫസറായിരുന്ന ജറോസ്ലാവ് പെലിക്കൻ വിപുലമായ അക്കാദമിക യോഗ്യതകൾക്ക് പേരുകേട്ടയാളായിരുന്നു. അദ്ദേഹം മുപ്പതിലധികം പുസ്തകങ്ങൾ രചിക്കുകയും വിപുലമായ രചനാ സമ്പത്തിന്റെ പേരിൽ വിഖ്യാതമായ ക്ലൂഗ് പുരസ്കാരം നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ വാക്കുകളായി ഒരു ശിഷ്യൻ പറഞ്ഞത്, മരണക്കിടക്കയിൽ വെച്ച് അദ്ദേഹം നടത്തിയ പ്രസ്താവനയാണ്; “ക്രിസ്തു ഉയിർത്തെഴുന്നേറ്റു എങ്കിൽ, മറ്റൊന്നും വിഷയമല്ല. ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലയെങ്കിൽ മറ്റൊന്നു കൊണ്ടും കാര്യമില്ല.”
പൗലോസിന്റെ ബോധ്യവും ഇതു തന്നെയായിരുന്നു: “ക്രിസ്തു ഉയിർത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥം; നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കൊരിന്ത്യർ 15:14). അപ്പസ്തോലൻ ഇത്ര ധൈര്യമായി പ്രസ്താവിക്കുന്നതിന് കാരണം യേശുവിന്റെ ഉയിർപ്പ് കേവലം ഒരിക്കലായി സംഭവിച്ച അത്ഭുതം എന്നതിനപ്പുറം മാനവചരിത്രത്തിൽ ദൈവം ചെയ്ത രക്ഷാകര പ്രവൃത്തിയുടെ ഉത്തുംഗത്തിൽ നിൽക്കുന്ന കാര്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. പുനരുത്ഥാനം എന്ന വാഗ്ദത്തം യേശു മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കും എന്നതിന്റെ ഉറപ്പ് മാത്രമല്ല, മൃതവും ദ്രവത്വം ബാധിച്ചതുമായ എല്ലാറ്റിനെയും (ജീവിതങ്ങൾ, അയൽപക്കങ്ങൾ, ബന്ധങ്ങൾ) ക്രിസ്തുവിലൂടെ ജീവനിലേക്ക് കൊണ്ടുവരും എന്നതിന്റെ സുനിശ്ചിതമായ പ്രഖ്യാപനവും കൂടിയാണ്. പുനരുത്ഥാനം ഇല്ലെങ്കിൽ നാം വലിയ പ്രതിസന്ധിയിലാണ് എന്ന് പൗലോസിനറിയാം. പുനരുത്ഥാനം ഇല്ലെങ്കിൽ മരണവും നാശവും വിജയം വരിക്കും.
“എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തിരിക്കുന്നു” (വാ. 20). ജയാളിയായവൻ മരണത്തെ തകർത്ത് പരാജയപ്പെടുത്തി. ക്രിസ്തു, ഇനിയും ജീവനിലേക്ക് വരാനുള്ളവരുടെ “ആദ്യഫലം “ആണ്. അവൻ മരണത്തെയും തിന്മയെയും പരാജയപ്പെടുത്തിയതിനാൽ നമുക്ക് ധൈര്യമായും സ്വതന്ത്രമായും ജീവിക്കാം. ഇത് സകലത്തെയും വ്യത്യാസപ്പെടുത്തുന്നു.
യേശുവിന്റെ ഉയിർപ്പ് നല്കുന്ന വിപുലമായ പ്രത്യാശയെക്കുറിച്ചുള്ള ധാരണ എന്ത് വ്യത്യാസമാണ് വരുത്തുന്നത്? ജീവിതത്തിൽ ഏതു കാര്യത്തിലാണ് നിങ്ങൾക്ക് ഒരു പുനരുത്ഥാനം ആവശ്യമായിരിക്കുന്നത്?
ദൈവമേ, യേശുവിന്റെ ഉയിർപ്പ് എന്റെ ജീവിതത്തിൽ, ഇപ്പോഴും എന്നേക്കും, സകലവും എങ്ങനെ വ്യത്യാസപ്പെടുത്തുന്നു എന്നത് കാണാൻ സഹായിക്കണമേ.