ആ ‘ഇടുക്കുവാതിൽ കഫെ’ കണ്ടെത്തി പ്രവേശിക്കുന്നവരെ എല്ലാത്തരം രുചികരമായ ഭക്ഷണങ്ങളും കാത്തിരിക്കുന്നു. തായ്വാൻ നഗരമായ തായ്നാനിൽ സ്ഥിതിചെയ്യുന്ന ഈ കഫെ അക്ഷരാർത്ഥത്തിൽ മതിലിലെ ഒരു ദ്വാരമാണ്. അതിന്റെ പ്രവേശന കവാടത്തിന് കഷ്ടിച്ച് നാല്പത് സെന്റിമീറ്റർ വീതിയാണ് (പതിനാറ് ഇഞ്ചിൽ താഴെ). ഒരു ശരാശരി വ്യക്തിക്ക് ഇതിൽ കൂടി ഞെരുങ്ങി മാത്രമേ അകത്തു കടക്കുവാൻ കഴിയൂ! ഇത്രത്തോളം വെല്ലുവിളി ഉണ്ടായിരുന്നിട്ടും, ഈ പ്രത്യേക കഫെ വലിയ ജനക്കൂട്ടത്തെ ആകർഷിച്ചു.
ലൂക്കോസ് 13: 22-30 ൽ വിവരിച്ചിരിക്കുന്ന ഇടുങ്ങിയ വാതിലിന്റെ കാര്യത്തിൽ ഇത് സത്യമായിരിക്കുമോ? ആരോ യേശുവിനോട് ചോദിച്ചു, “കർത്താവേ, രക്ഷിക്കപ്പെടുന്നവർ ചുരുക്കമോ?” (വാ. 23). അതിനു മറുപടിയായി, ദൈവരാജ്യത്തിലേക്കുള്ള “ഇടുക്കുവാതിലിലൂടെ കടക്കാൻ പോരാടുവിൻ” എന്ന് യേശു ആ വ്യക്തിയോട് ആഹ്വാനം ചെയ്തു (വാ. 24). യേശു യഥാർത്ഥത്തിൽ ചോദിക്കുകയായിരുന്നു, “രക്ഷിക്കപ്പെട്ടവരിൽ നീയും ഉൾപ്പെടുമോ?” എന്ന് . യഹൂദന്മാർ അഹങ്കരിക്കേണ്ട ആവശ്യമില്ലെന്നു പറയാൻ യേശു ഈ സാദൃശ്യം ഉപയോഗിച്ചു. അബ്രഹാമിന്റെ സന്തതികളായതിനാലോ അല്ലെങ്കിൽ നിയമം പാലിച്ചതിനാലോ ദൈവരാജ്യത്തിൽ ഉൾപ്പെടുമെന്ന് അവരിൽ പലരും വിശ്വസിച്ചു. പക്ഷേ, “വീട്ടുടയവൻ എഴുന്നേറ്റു വാതിൽ അടയ്ക്കുന്നത്തിന് മുമ്പായി” മാനസാന്തരപ്പെടുവാൻ യേശു അവരെ ആഹ്വാനം ചെയ്തു.
നമ്മുടെ കുടുംബ പശ്ചാത്തലത്തിനോ പ്രവൃത്തികൾക്കോ നമ്മെ ദൈവവുമായി അടുപ്പിക്കുവാൻ കഴിയില്ല. യേശുവിലുള്ള വിശ്വാസത്തിന് മാത്രമേ നമ്മെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കുവാൻ കഴിയൂ (എഫെസ്യർ 2: 8-9; തീത്തൊസ് 3: 5-7). വാതിൽ ഇടുങ്ങിയതാണ്, എന്നാൽ യേശുവിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടി അത് വിശാലമായി തുറന്നിട്ടിരിക്കുന്നു. തന്റെ രാജ്യത്തിലേക്കുള്ള ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ഇന്ന് അവൻ നമ്മെ ക്ഷണിക്കുന്നു.
ഇടുങ്ങിയ വാതിലിലൂടെ നിങ്ങൾ പ്രവേശിക്കുകയും യേശുവിനൊപ്പം നിത്യജീവൻ ഉറപ്പാക്കുകയും ചെയ്യുന്നത് എങ്ങനെ? എന്തുകൊണ്ടാണ് ഈ തീരുമാനം വളരെ പ്രധാനമായിരിക്കുന്നത്?
യേശുവേ, നിന്റെ രാജ്യത്തിലേക്ക് എന്നെ ക്ഷണിച്ചതിന് നന്ദി. നീ എനിക്കുവേണ്ടി മരിക്കുവാൻ വന്നുവെന്നും, മരിച്ചവരിൽനിന്നും ഉയിർത്തെഴുന്നേറ്റുവെന്നും ഞാൻ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലേക്കു വന്ന് എന്റെ രക്ഷകനായി തീരേണമെ.