സുഹൃത്തുക്കളായ മെലാനിയും ട്രെവറും ഒരുമിച്ച് അനേക മൈൽ ദുർഘടപാതകൾ താണ്ടിയിട്ടുണ്ട്. ഒരുമിച്ചല്ലാതെ ഇവരിലാർക്കും ഒറ്റക്കത് കഴിയില്ല. നട്ടെല്ലിന് ബലമില്ലാതെ ജനിച്ച മെലാനി വീൽ ചെയറിലാണ്. ഗ്ലൂക്കോമ മൂലം കാഴ്ച നഷ്ടപ്പെട്ടയാളാണ് ട്രെവർ. കൊളറാഡോയിലെ വനപാതകൾ ആസ്വദിക്കുന്നതിന് അവരന്യോന്യം പരസ്പര പൂരകങ്ങളാണെന്ന് ഈ ജോടി തിരിച്ചറിഞ്ഞു. വനപഥങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ട്രെവർ മെലാനിയെ ചുമലിലേറ്റുന്നു; മെലാനി അവന് വഴി പറഞ്ഞു കൊടുക്കുന്നു. അവർ തങ്ങളെ ഒരു “സ്വപ്ന സംഘം” എന്ന് സ്വയം വിശേഷിപ്പിക്കുന്നു.

പൗലോസ്, യേശുവിൽ വിശ്വസിക്കുന്നവരെ – ക്രിസ്തുവിന്റെ ശരീരം ആയവരെ – ഇതുപോലൊരു “സ്വപ്ന സംഘ” മെന്ന് വിശേഷിപ്പിക്കുന്നു. തങ്ങളുടെ വ്യക്തിപരമായ കൃപാവരങ്ങൾ എല്ലാവർക്കും പ്രയോജനകരമാക്കണമെന്ന് അദ്ദേഹം റോമൻ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ശരീരം വിവിധ അവയവങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്നതുപോലെ, വിവിധ ദൗത്യങ്ങൾ ഉള്ള നാമെല്ലാം ചേർന്ന് ഒരു “ആത്മീയ ശരീരം” ആയിരിക്കുകയും, സഭയുടെ പൊതുപ്രയോജനത്തിനായി ആത്മവരങ്ങൾ നല്കപ്പെട്ടിരിക്കുകയും ചെയ്യുന്നു (റോമർ 12:5). ദാനം ചെയ്യുവാനുള്ള വരം, പ്രോത്സാഹിപ്പിക്കാനുള്ള വരം, പഠിപ്പിക്കാനുള്ള വരം എന്നിങ്ങനെ ഏതു ആത്മവരമായാലും അതൊക്കെയും മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടുള്ളതാണെന്ന് കണക്കാക്കണമെന്ന് പൗലോസ് നിർദ്ദേശിക്കുന്നു (വാ. 5-8).

മെലാനിയും ട്രെവറും തങ്ങൾക്കില്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രയാസപ്പെട്ടില്ല; മറ്റെയാൾക്ക് ഇല്ലാത്തതും തനിക്കുള്ളതുമായ കഴിവിനെയോർത്ത് അഹങ്കരിച്ചുമില്ല. മറിച്ച്, അവർക്കുള്ള “കൃപാവര”ത്തെ സന്തോഷത്തോടെ മറ്റെയാൾക്കുവേണ്ടി ഉപയോഗിക്കുന്നു; ഒരുമിച്ച് പ്രവർത്തിക്കുന്നത് അന്യോന്യം എത്ര പ്രയോജനകരമാണെന്നവർ തിരിച്ചറിയുന്നു. നമുക്കും, ദൈവം നല്കിയ കൃപാവരങ്ങളെ  മറ്റുള്ളവരുടെതിനൊപ്പം നിസ്വാർത്ഥമായി ഒരുമിച്ച് ഉപയോഗിക്കാം – ക്രിസ്തുവിനെ പ്രതി.