ഞാൻ ഒരു പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു. അവിടെ അലങ്കാരങ്ങളും സമ്മാനങ്ങളും വിശേഷ ഭക്ഷണവും ഒരുക്കിയിരുന്നു. ജന്മദിനം ആഘോഷിക്കുന്ന പെൺകുട്ടിക്ക് പനീറും പഴങ്ങളും ചുവന്ന വെൽവെറ്റ് കേക്കും പ്രിയങ്കരമായിരുന്നതുകൊണ്ട് അതെല്ലാം തയ്യാറാക്കിയിരുന്നു. ഒരാൾക്ക് ഇഷ്ടവിഭവമായ ഭക്ഷണം ഒരുക്കുമ്പോൾ നാം വിളിച്ചോതുന്നത്, “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്നാണ്.

ബൈബിളിൽ വിരുന്നും ആഘോഷങ്ങളും ഉത്സവങ്ങളും ഒക്കെ പരാമർശിക്കപ്പെടുന്നുണ്ട്; ഇതിനെയൊക്കെ ദൈവത്തിന്റെ വിശ്വസ്തതയുടെ ആഘോഷവുമായി ബന്ധിപ്പിക്കുന്നുണ്ട്. ഇസ്രായേലിന്റെ യാഗാർപ്പണങ്ങളോടനുബന്ധിച്ച് വിരുന്നിന് വലിയ സ്ഥാനമുണ്ടായിരുന്നു. (സംഖ്യ 28:11-31). പെസഹ, വാരോത്സവം, മാസം തോറുമുള്ള അമാവാസി എന്നീ ആഘോഷങ്ങളിലൊക്കെ വിരുന്നുണ്ടായിരുന്നു. സങ്കീർത്തനം 23:5-ൽ, നന്മയും കരുണയും കവിഞ്ഞൊഴുകുന്ന പാനപാത്രവും സമൃദ്ധമായ ഭക്ഷണവും ഒക്കെയായി ദൈവം മേശയൊരുക്കുന്നതിനെപ്പറ്റി പറയുന്നു. യേശു ഒരു അപ്പം നുറുക്കി, പാനപാത്രം എടുത്ത്, നമ്മുടെ രക്ഷക്കായുള്ള തന്റെ ക്രൂശുമരണത്തെ സൂചിപ്പിച്ച് സംസാരിച്ചതാകും ഭക്ഷണ പാനീയങ്ങളെ സംബന്ധിച്ച ഏറ്റവും മനോഹരമായ ചിത്രീകരണം. “എന്റെ ഓർമ്മക്കായി ഇത് ചെയ്യുവിൻ” എന്ന് അവൻ ആഹ്വാനവും നല്കി. (ലൂക്കൊസ് 22:19)

ഇന്ന് നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ, തന്റെ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും പ്രദർശനമായി നമുക്ക് ഭക്ഷണം നൽകിയ, വായും വയറും സൃഷ്ടിച്ച, ദൈവത്തെ ഓർക്കുവാൻ ഒരു നിമിഷം മാറ്റി വെക്കണം. നമ്മുടെ ദൈവം തന്റെ വിശ്വസ്തരോടു കൂടെ ഭക്ഷണം കഴിക്കുന്നവനാണ്; നമ്മുടെ ഏറ്റവും വലിയ ആവശ്യത്തിന് അനിവാര്യമായ നന്മ പ്രദാനം ചെയ്ത് “ഞാൻ നിന്നെ സ്നേഹിക്കുന്നു” എന്ന് പറയുന്നവനാണ്.