“നിങ്ങളുടെ അധികസമയം നിങ്ങൾ എങ്ങനെ ചെലവഴിക്കുന്നു?” 1930-ൽ സാമ്പത്തിക വിദഗ്‌ദ്ധന്‍ ജോൺ മെയ്നാർഡ് കെയിൻസ് പ്രസിദ്ധീകരിച്ച പ്രബന്ധത്തിന്റെ കേന്ദ്രമായ ചോദ്യമായിരുന്നു ഇത്. അതിൽ അദ്ദേഹം പറഞ്ഞത് 100 വർഷത്തിനുള്ളിൽ, സാങ്കേതികവും സാമ്പത്തികവുമായ പുരോഗതി കൈവരിക്കുന്ന മനുഷ്യൻ, ഒരു ദിവസം 3 മണിക്കൂറും ആഴ്ചയിൽ 15 മണിക്കൂറും മാത്രം ജോലി ചെയ്യുന്ന സ്ഥിതി വരും എന്നാണ്.

ഈ പ്രസിദ്ധമായ ലേഖനം പ്രസിദ്ധീകരിച്ചിട്ട് ഇപ്പോൾ 90 വർഷം കഴിഞ്ഞു. എന്നാൽ സാങ്കേതിക പുരോഗതി, കൂടുതൽ വിശ്രമമല്ല, മറിച്ച് കൂടുതൽ തിരക്കാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. ആർക്കും ദിവസം തികയുന്നില്ല. യാത്രയും ഭക്ഷണം തയ്യാറാക്കലും കൂടുതൽ എളുപ്പമായെങ്കിലും എല്ലാവരും വല്ലാത്ത തിരക്കിലാണ്.

ജീവിതത്തിന്റെ വലിയ തിരക്കിനിടയിലും എങ്ങനെ സമചിത്തതയോടെയിരിക്കാമെന്ന് ദാവീദിന്റെ ജീവിതത്തിലെ ഒരു സംഭവം കാണിച്ചു തരുന്നു. തന്നെ കൊല്ലാൻ അന്വേഷിച്ച ശൗൽ രാജാവിൽ നിന്നും ഓടിയൊളിച്ചു കൊണ്ടിരുന്ന ഒരു സമയം ദാവീദ് മൊവാബ് രാജാവിനോട് ചോദിച്ചു, “ദൈവം എനിക്കു വേണ്ടി എന്തു ചെയ്യും എന്നറിയുവോളം എന്റെ അപ്പനും അമ്മയും നിങ്ങളുടെയടുക്കൽ വന്നു പാർക്കുവാൻ അനുവദിക്കണമേ” (1ശമുവേൽ 22:3). ദാവീദ് വലിയ പ്രതിസന്ധിയിലായിരുന്നു. തന്നെ കൊല്ലുവാനുള്ള ശൗലിന്റെ നീക്കങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതോടൊപ്പം കുടുംബത്തെ സംരക്ഷിക്കേണ്ടിയുമിരുന്നു. ഈ തിരക്കിനിടയിലും ദൈവത്തിന്റെ ഇടപെടലിനെ കാത്തിരിക്കുവാൻ ദാവീദിന് കഴിഞ്ഞു.

ജീവിതത്തിന്റെ സംഭ്രമകരമായ സംഭവങ്ങൾ നമ്മെ കീഴ്മേൽ മറിക്കുവാൻ ശ്രമിക്കുമ്പോൾ സമാധാനത്തിൽ കാക്കുവാൻ കഴിയുന്നവനെ നമുക്ക് ആശ്രയിക്കാം (യെശയ്യാവ് 26:3). ദാവീദിന്റെ വാക്കുകൾ തന്നെ ഇക്കാര്യം ഉചിതമായി പ്രസ്താവിക്കുന്നു: “യഹോവയിൽ പ്രത്യാശ വെക്കുക; ധൈര്യപ്പെട്ടിരിക്കുക. നിന്റെ ഹൃദയം ഉറച്ചിരിക്കട്ടെ” (സങ്കീർത്തനങ്ങൾ 27:14).