റേഷ്മയുടെ കണ്ണ് ആ പുരാതന ഡ്രസ്സിങ്ങ് ടേബിളിൽ ഉടക്കി, മടിച്ചു നില്ക്കാതെ അവളത് വാങ്ങി. അതിന്റെ വലിപ്പുകൾ തുറന്നപ്പോൾ ഒരു സ്വർണ്ണ മോതിരവും കുറച്ച് കുടുംബ ഫോട്ടോകളും ലഭിച്ചു. ഫോട്ടോകളുടെ പുറകിൽ പേര്, സ്ഥലം തിയതിയൊക്കെ കുറിച്ചിട്ടുണ്ടായിരുന്നു. മോതിരം ഉടമസ്ഥന് തിരിച്ചു കൊടുക്കണമെന്ന് അവളുടെ മനസ്സ് പറഞ്ഞു. ജെന്നിഫർ ഫെയ്സ്ബുക്ക് വഴി ഫോട്ടോയിലുള്ള ഒരാളെ കണ്ടുപിടിച്ചു. മോതിരം അവർക്ക് എത്തിച്ച് നല്കിയപ്പോൾ, തലമുറകളായി അവരുടെ കുടുംബം ഇത് കൈമാറി വന്നിരുന്നതാണെന്നും എപ്പോഴോ നഷ്ടപ്പെട്ടു പോയതാണെന്നും, ഇപ്പോൾ കണ്ടെത്താനായതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു.

2 രാജാക്കന്മാർ 22:8-ൽ ഹില്ക്കീയാവ് ഒരു അസാധാരണ കണ്ടെത്തൽ നടത്തിയതായി നാം വായിക്കുന്നു: “ന്യായപ്രമാണ പുസ്തകം യഹോവയുടെ ആലയത്തിൽ കണ്ടെത്തിയിരിക്കുന്നു.” “യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീർക്കുവാൻ” (വാ.5) യോശിയാവ് രാജാവ് കല്പന കൊടുത്തപ്പോൾ, ന്യായപ്രമാണ പുസ്തകം അവർ കണ്ടെത്തുകയായിരുന്നു.  മിക്കവാറും അത് ആവർത്തന പുസ്തകമായിരിക്കും. “രാജാവ് ന്യായപ്രമാണ പുസ്തകത്തിലെ വാക്യങ്ങളെ കേട്ടപ്പോൾ” വികാരാധീനനാകുകയും വല്ലാതെ അസ്വസ്ഥനാകുകയും ചെയ്തു (വാ.11). യഹൂദയിലെ ദേവാലയവും, ദൈവവും, ദൈവം അരുളിച്ചെയ്ത വചനങ്ങളുമെല്ലാം ആ കാലത്ത് അവഗണിക്കപ്പെട്ടിരിക്കുകയായിരുന്നു. വലിയ മാനസാന്തരത്തോടെ, രാജാവ് ദേവാലയം ശുദ്ധീകരിച്ചു; ദൈവത്തിന് അനിഷ്ടമായിരുന്ന വിഗ്രഹങ്ങളും മറ്റും നീക്കം ചെയ്ത് രാജ്യത്ത് വലിയൊരു നവീകരണം വരുത്തി (23:1-24).

ഇന്ന്, ദൈവത്തിന്റെ ജ്ഞാനവും കല്പനകളും ആയ  66 പുസ്തകങ്ങൾ – ആവർത്തന പുസ്തകം ഉൾപ്പെടെ – അടങ്ങിയ ബൈബിൾ നമുക്കുണ്ട്. അതു നാം ശ്രദ്ധയോടെ വായിക്കുമ്പോൾ പരിശുദ്ധാത്മാവ് നമ്മുടെ വഴികളെയും മനസ്സുകളെയും നവീകരിക്കട്ടെ. തിരുവെഴുത്തിലെ രൂപാന്തരം വരുത്തുന്ന സത്യങ്ങളിൽ ആമഗ്നരായി, ഒരായുസ്സിന് മതിയായ ജ്ഞാനം നമുക്ക് പ്രാപിക്കാം.