എന്റെ കോളേജ് പഠനകാലത്ത് ഞാനൊരു ലേഡീസ് വസ്ത്രാലയത്തിൽ പാർട്ട് ടൈം ജോലി ചെയ്തു. അവിടുത്തെ ഒരു വനിതാ സെക്യൂരിറ്റി ഗാർഡ്, സാധനം വാങ്ങാൻ വന്നയാൾ എന്ന വ്യാജേന, എന്തെങ്കിലും മോഷ്ടിച്ചെടുക്കും എന്ന് സംശയമുള്ളയാളുകളെ നിരീക്ഷിച്ച് പിന്തുടർന്നിരുന്നു. ചിലയാളുകളുടെ മുഖഭാവം കണ്ടാൽത്തന്നെ ഉടമസ്ഥൻ സംശയം തോന്നി നിരീക്ഷിക്കും. എന്നാൽ കുഴപ്പക്കാരല്ല എന്ന് തോന്നുന്നവരെ ശ്രദ്ധിക്കാറേയില്ല. ഈ തന്ത്രം തിരിച്ചറിഞ്ഞതിന് ശേഷം ഞാനും ചില കടകളിൽ ബോധപൂർവം കള്ളത്തരമുള്ള ഭാവം കാണിക്കുകയും അവർ എന്നെ നിരീക്ഷിച്ച് പിന്തുടരുന്നത് ആസ്വദിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന് വിരുദ്ധമായി, ദാവീദ് പറയുന്നത് ദൈവത്തിന്റെ നന്മയും കരുണയും തന്നെ പിന്തുടരുന്നു എന്നാണ്. ഈ രണ്ട് ഗുണങ്ങളും എപ്പോഴും ഒരുമിച്ച് നില്ക്കുന്നു; സംശയദൃഷ്ടിയോടെയല്ല യഥാർത്ഥ സ്നേഹത്തോടെ തന്നെ പിന്തുടരുകയും ചെയ്യുന്നു. സുവിശേഷകനായ ചാൾസ് സ്പർജൻ വിശേഷിപ്പിച്ച ഈ “ഇരട്ട കാവൽമാലാഖമാർ” വിശ്വാസികളുടെ ജീവിതത്തിലെ ഇരുളടഞ്ഞതും പ്രകാശമാനമായതുമായ എല്ലാ ദിനങ്ങളിലും ചേർന്ന് സഞ്ചരിക്കുന്നു. “ശരത്ക്കാലത്തിന്റെ ഭയാനക ദിനങ്ങളിലും വസന്തത്തിന്റെ ശോഭന നാളുകളിലും; നന്മ നമ്മുടെ ആവശ്യങ്ങളെ നടത്തിത്തരികയും കരുണ നമ്മുടെ പാപങ്ങളെ തുടച്ചുനീക്കുകയും ചെയ്യുന്നു.”
ഒരിക്കൽ ഒരു ആട്ടിടയൻ ആയിരുന്നതിനാൽ, ബോധപൂർവ്വമാണ് ദാവീദ് ദൈവത്തിന്റെ നന്മയെയും കരുണയെയും ഒരുമിച്ച് ചേർത്ത് കണ്ടത്. ഭയം, ആകുലത, പ്രലോഭനം, സംശയം എന്നിവയെല്ലാം വിശ്വാസികളെ പിന്തുടരാൻ ഇടയുണ്ട്. എന്നാൽ ദൈവത്തിന്റെ ദയാപൂർവ്വമായ നന്മയും സ്നേഹത്തോടെയുള്ള കരുണയും നിശ്ചയമായും നമ്മെ എല്ലായ്പ്പോഴും പിന്തുടരുമെന്ന് ദാവീദ് ഉറപ്പിച്ച് പറയുന്നു.
ദാവീദ് ആനന്ദത്തോടെ പാടുന്നു: ” നന്മയും കരുണയും എന്റെ ആയുഷ്ക്കാലമൊക്കെയും എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും ” (23:6). നമ്മെ വീട്ടിലെത്തുവോളം അനുഗമിക്കുന്ന അത്ഭുതകരമായ സമ്മാനം!
ദൈവത്തിന്റെ നന്മയും കരുണയും അനുദിനം നിങ്ങളെ പിന്തുടരുന്നു എന്നത് ജീവിതത്തെ എങ്ങനെ അനുഗ്രഹകരമാക്കുന്നു? നിങ്ങളെ പിന്തുടരുന്ന ദൈവിക നന്മയെയും കരുണയെയും കുറിച്ച് എങ്ങനെ കൂടുതൽ അവബോധം പ്രാപിക്കാം?
പ്രിയ ദൈവമേ, നല്ല താല്പര്യങ്ങളോടെ, അങ്ങയുടെ നന്മയും കരുണയും എന്ന മനോഹരമായ രണ്ട് അനുഗ്രഹങ്ങളുമായി, എന്നെ പിന്തുടരുന്നതിന് നന്ദി.