അമേരിക്കൻ ഐഡൽ എന്ന സംഗീത മത്സരം അരങ്ങേറിയത് 2002 ജൂൺ 11 നാണ്. ഓരോ ആഴ്ചയും മത്സരാർത്ഥികൾ പ്രസിദ്ധമായ ഗാനങ്ങൾ അവരുടേതായ രീതിയിൽ അവതരിപ്പിക്കുകയും പ്രേക്ഷകർ നല്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയും ചെയ്യും.

ഇതിന്റെ പാനൽ ജഡ്ജിമാരിലൊരാളായിരുന്ന റാൻഡി ജാക്സന്റെ സരസമായ ഒരു കമന്റ് ഇതായിരുന്നു: “ആ പാട്ട് നീയങ്ങ് സ്വന്തമാക്കിയല്ലോ, കൂട്ടുകാരാ!” ആ പാട്ടുകാരൻ ഒരു പ്രസിദ്ധമായ ട്യൂൺ ആഴത്തിൽ പഠിച്ച്, തന്റേതായ ഒരു വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചപ്പോഴാണ് അദ്ദേഹം ഈ പ്രശംസ ചൊരിഞ്ഞത്. “തനതാക്കി മാറ്റുക” എന്നത് ഒരു കാര്യത്തെ മുഴുവനായി സ്വാംശീകരിച്ചിട്ട് സ്വന്തമായി അവതരിപ്പിക്കുന്നതാണ്.

നമ്മുടെ വിശ്വാസത്തിന്റെയും അതിന്റെ അവതരണത്തിന്റെയും കാര്യത്തിൽ ഇങ്ങനെയായിരിക്കണമെന്ന് പൗലോസ് ആഗ്രഹിക്കുന്നു. ഫിലിപ്പിയർ 3 ൽ, ദൈവമുമ്പിൽ നേട്ടങ്ങളുടെ കണക്കുകളുമായി നില്ക്കുന്നതിനെ അദ്ദേഹം നിരാകരിക്കുന്നു (വാ. 7, 8). പകരം, “ക്രിസ്തുവിങ്കലുള്ള വിശ്വാസം മൂലം ദൈവം വിശ്വസിക്കുന്നവർക്കു നല്കുന്ന നീതിയെ” (വാ.9) പുല്കാൻ പഠിപ്പിക്കുന്നു. ദാനമായി ലഭിക്കുന്ന പാപക്ഷമയും വീണ്ടെടുപ്പും നമ്മുടെ ലക്ഷ്യത്തെയും താല്പര്യങ്ങളെയും വ്യത്യാസപ്പെടുത്തുന്നു. “ഞാൻ ക്രിസ്തുയേശുവിനാൽ പിടിക്കപ്പെട്ടിരിക്കുന്നതുകൊണ്ട് എനിക്കും അതു പിടിക്കാമോ എന്നു വെച്ച് പിന്തുടരുന്നതേയുള്ളു.” (വാ. 12)

യേശു നമ്മുടെ വിജയം ഉറപ്പാക്കിയിരിക്കുന്നു. ഇനി നമ്മുടെ ദൗത്യമോ? ഈ സത്യത്തെ മുറുകെപ്പിടിച്ച്, ദൈവത്തിന്റെ ദാനമായ സുവിശേഷത്തെ സ്വാംശീകരിച്ച് തകർന്ന ലോകത്തിൽ ജീവിച്ച് കാണിക്കണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ വിശ്വാസത്തെ നമ്മുടെ സ്വന്തമാക്കി മാറ്റുക; അതിനായി “നാം പ്രാപിച്ചിരിക്കുന്ന പരിജ്ഞാനം തന്നെ അനുസരിച്ച് നടക്കുക” (വാ.16).