Month: ജൂലൈ 2022

തോട്ടത്തിലെ ദൈവം

വർഷങ്ങൾക്കുമുമ്പ് നന്ദിതയും ഭർത്താവ് വിശാലും വലിയ ശമ്പളമുണ്ടെങ്കിലും അതീവ സമ്മർദ്ദമനുഭവിച്ച കമ്പ്യൂട്ടർ മേഖലയിലെ ജോലി ഉപേക്ഷിച്ച് ലളിതവും സംഘർഷ രഹിതവുമായ കൃഷി ജീവിതം ആരംഭിച്ചു. കൂടുതൽ സമയം ദൈവത്തോടും തമ്മിൽ തമ്മിലും ഒരുമിച്ച് ചെലവഴിക്കാനായി അവർ ഒരു ശാന്തമായ മലമ്പ്രദേശത്തേക്ക് മാറി. പ്രകൃതി സുന്ദരമായ അവിടെ പ്രശാന്തമായ ഒരു ജീവിതം തുടങ്ങി - ഒരു "തോട്ടത്തിലേക്കുള്ള" മടങ്ങിപ്പോക്ക്.

ആരംഭത്തിൽ ദൈവം നമുക്കുവേണ്ടി സൃഷ്ടിച്ച പറുദീസയായിരുന്നു ഏദൻ. ഇവിടെ ആദവും ഹവ്വയും സ്ഥിരമായി ദൈവത്തെ കണ്ടിരുന്നു - പിശാചിനോട് വിലപേശൽ തുടങ്ങുന്നതുവരെ (ഉല്പത്തി 3:6,7). ആ സമയം എല്ലാം വ്യത്യാസപ്പെട്ടു. "വെയിലാറിയപ്പോൾ യഹോവയായ ദൈവം തോട്ടത്തിൽ നടക്കുന്ന ഒച്ച അവർ കേട്ടു; മനുഷ്യനും ഭാര്യയും യഹോവയായ ദൈവം തങ്ങളെ കാണാതിരിക്കുവാൻ തോട്ടത്തിലെ വൃക്ഷങ്ങളുടെയിടയിൽ ഒളിച്ചു " (വാ.8).

അവർ എന്താണ് ചെയ്തതെന്ന് ദൈവം ചോദിച്ചപ്പോൾ ആദവും ഹവ്വയും ആരോപണ പ്രത്യാരോപണങ്ങൾ നിരത്തി. അവർ ദൈവത്തെ തള്ളിക്കളഞ്ഞെങ്കിലും ദൈവം അവരെ ഉപേക്ഷിച്ചില്ല. ദൈവം "തോൽ കൊണ്ട് ഉടുപ്പുണ്ടാക്കി അവരെ ഉടുപ്പിച്ചു" (വാ.21). ഇത് പാപങ്ങളെ മറയ്ക്കുന്ന യേശുവിന്റെ യാഗമരണത്തിന്റെ ഒരു സൂചനയായിരുന്നു.

ദൈവം നമ്മെ ഏദനിലേക്കല്ല തിരികെ കൊണ്ടു പോകുന്നത്. നഷ്ടപ്പെട്ടു പോയ ദൈവബന്ധത്തിലേക്കാണ് വഴി തുറന്നത്. നമുക്കാ തോട്ടത്തിലേക്ക് തിരികെപ്പോകാനാകില്ല. എന്നാൽ തോട്ടത്തിലെ ദൈവത്തിന്റെ പക്കലേക്ക് മടങ്ങിച്ചെല്ലാം.

ഭാരം കുറച്ചുള്ള യാത്ര

ജെയിംസ് എന്ന് പേരുള്ള ഒരാൾ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തുകൂടി 2011 കി.മീ ദൂരം സൈക്കിൾ യാത്ര നടത്തി. യാത്ര 1496 കി.മീ. പിന്നിട്ട സമയം എന്റെ ഒരു സുഹൃത്ത് അയാളെ സന്ദർശിച്ചു. അദ്ദേഹത്തിന്റെ ടെന്റും മറ്റും അടങ്ങിയ ബാഗ് മോഷണം പോയി എന്നറിഞ്ഞ സുഹൃത്ത് തന്റെ ബ്ലാങ്കറ്റും സെറ്ററും നല്കാമെന്ന് പറഞ്ഞു. അയാൾ ഇത് നിരസിച്ചു കൊണ്ട് പറഞ്ഞത് തെക്കോട്ട് യാത്ര ചെയ്യുന്തോറും ചൂട് കൂടി വരുന്നതുകൊണ്ട് ഇങ്ങനെയുള്ള വസ്തുക്കൾ ഒഴിവാക്കേണ്ടിവരുമെന്നാണ്. ലക്ഷ്യത്തിലേക്ക് എത്തുന്തോറും കൂടുതൽ ക്ഷീണിതനാകും എന്നതുകൊണ്ട് ചുമക്കുന്ന ഭാരം പരമാവധി കുറച്ച് കൊണ്ടുവരണം പോലും.

ജെയിംസിന്റെ തിരിച്ചറിവ് കൊള്ളാം. ഇത് തന്നെയാണ് എബ്രായ ലേഖനക്കാരന്റെ ചിന്തയും. ജീവിതയാത്ര തുടരുന്തോറും "സകല ഭാരവും മുറുകെപ്പറ്റുന്ന പാപവും വിട്ട് " (12:1) ഭാരം കുറച്ച് യാത്ര ചെയ്യണം.

യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ ഈ ഓട്ടം ഓടുന്നതിന് "സ്ഥിരത" (വാ.1) ആവശ്യമാണ്. മുന്നോട്ട് പോകുന്നു എന്ന് ഉറപ്പാക്കുന്നതിന് ക്ഷമയില്ലായ്മ, നിസ്സാര കാര്യങ്ങൾ മനസ്സിൽ വെക്കൽ എന്നുതുടങ്ങി, യാത്രയെ തടയുന്ന ഭാരങ്ങളൊക്കെ ഉപേക്ഷിക്കേണ്ടതുണ്ട്.

യേശുവിന്റെ സഹായമില്ലാതെ നന്നായും ഭാരമില്ലാതെയും ഈ ഓട്ടം പൂർത്തിയാക്കാനാകില്ല. നമ്മുടെ "ഉള്ളിൽ ക്ഷീണിച്ച് മടുക്കാതെ" ഇരിക്കുവാൻ "വിശ്വാസത്തിന്റെ നായകനും പൂർത്തി വരുത്തുന്നവനുമായവനെ" നോക്കാം (വാ. 2,3).

 

ദൈവം അറിയുന്നു

ഒരു വലിയ പെയിന്റിംഗ് കണ്ട് അത് ആസ്വദിക്കാനായി ആ ദമ്പതികൾ അതിന്റെയടുത്ത് ചെന്നു. ചിത്രത്തിന്റെ ചുവട്ടിൽ തുറന്നുവെച്ച പെയിന്റ് പാത്രങ്ങളും ബ്രഷും കണ്ടപ്പോൾ, ഇത് പൂർത്തിയാകാത്ത ചിത്രമാണെന്നും ആർക്കും അതിൽ ചേർന്നു വരക്കാമെന്നും അവർ വിചാരിച്ചു; ചില വരകൾ അവരും നടത്തിയിട്ട് പോയി. ചിത്രകാരൻ തന്റെ പൂർത്തിയായ ചിത്രത്തിന്റെ പ്രദർശനത്തിന് ഒരു വൈവിധ്യമായിട്ട് മാത്രമായിരുന്നു പെയിന്റും ബ്രഷും അവിടെ വെച്ചിരുന്നത്. സംഭവത്തിന്റെ വീഡിയോ പരിശോധിച്ച സംഘാടകർക്ക് ഇതിൽ സംഭവിച്ച തെറ്റിദ്ധാരണ ബോധ്യപ്പെട്ടതുകൊണ്ട് ആ ദമ്പതികളെ വെറുതെ വിട്ടു.

യോർദ്ദാന്റെ കിഴക്ക് താമസിച്ചിരുന്ന ഇസ്രായേൽക്കാർ ഒരു വലിയ യാഗപീഠം പണിതത് തെറ്റിദ്ധാരണയുളവാക്കി. സമാഗമനകൂടാരമല്ലാതെ മറ്റൊരു ഇടവും ആരാധനക്കായി ദൈവം അംഗീകരിച്ചിട്ടില്ലാതിരിക്കെ,  ഇതൊരു മത്സര നീക്കമായി മറ്റ് ഇസ്രായേൽക്കാർ കണക്കാക്കി (യോശുവ 22:16).

വലിയ സംഘർഷം ഉടലെടുത്തു; എന്നാൽ ഇത് യാഗപീഠത്തിന്റെ ഒരു മാതൃക മാത്രമായിരുന്നു എന്ന് കിഴക്കേ ഗോത്രക്കാർ വിശദീകരിച്ചു. അവരുടെ വരും തലമുറകളെ മറ്റ് ഇസ്രായേൽ ഗോത്രങ്ങളുമായുള്ള ആത്മീയ ബന്ധവും പാരമ്പര്യവും ഓർമ്മിപ്പിക്കാനുള്ള ഒരു പ്രതീകമായിട്ടായിരുന്നു അവരത് നിർമ്മിച്ചത് (വാ. 28, 29). അവർ പറഞ്ഞു: "സർവ്വവല്ലഭനാകുന്ന ദൈവമായ യഹോവ...അറിയുന്നു " (വാ.22). ഭാഗ്യവശാൽ, മറ്റുള്ളവർക്ക് അത് ബോധ്യമായി. എന്താണ് സംഭവിക്കുന്നത് എന്ന് അവർ കണ്ട് മനസ്സിലാക്കി, ദൈവത്തെ സ്തുതിച്ച്, മടങ്ങിപ്പോയി.

"യഹോവ സർവ്വഹൃദയങ്ങളേയും പരിശോധിക്കുകയും വിചാരങ്ങളും നിരൂപണങ്ങളുമെല്ലാം ഗ്രഹിക്കുകയും " (1 ദിനവൃത്താന്തം 28: 9) ചെയ്യുന്നതുകൊണ്ട്, ഓരോരുത്തരുടെയും താല്പര്യങ്ങൾ അവിടുത്തേക്ക് അറിയാം. ആശയക്കുഴപ്പങ്ങളുടെ സന്ദർഭങ്ങളിൽ ദൈവത്തോട് നാം സഹായം അഭ്യർത്ഥിച്ചാൽ, നമ്മെത്തന്നെ വിശദീകരിക്കുന്നതിനും മറ്റുള്ളവരുടെ ചെയ്തികൾ ക്ഷമിക്കുന്നതിനും ഒക്കെ ദൈവം ഇട വരുത്തും. ഐക്യം നിലനിർത്താനായി പാടുപെടുമ്പോഴെല്ലാം നമുക്ക് ദൈവത്തിങ്കലേക്ക് തിരിയാം.

വളരാനായി വിളിക്കപ്പെട്ടിരിക്കുന്നു

കടൽക്കണവ ഒരു വിചിത്ര ജീവിയാണ്. പാറയിലും കക്കയിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവ മൃദുവായതും വെള്ളത്തിൽ ഉലയുന്നതുമായ ഒരു പ്ലാസ്റ്റിക് റ്റ്യൂബ് പോലെയിരിക്കും. ഒഴുക്കുജലത്തിൽ നിന്ന് പോഷകം സ്വീകരിക്കുന്ന ഇവ സജീവമായ ഒരു യൗവ്വനകാലത്തിനു ശേഷം തികച്ചും നിഷ്ക്രിയമായി കഴിയുന്നു.

ഭക്ഷണം കണ്ടെത്തുന്നതിനും ശത്രുവിന്റെ ആക്രമണത്തിൽ നിന്ന് രക്ഷതേടുന്നതിനും സഹായകരമായി,വാൽമാക്രിക്കുള്ളതു പോലെയുള്ള നട്ടെല്ലും തലയുമായിട്ടാണ് കടൽക്കണവയും ജീവിതം തുടങ്ങുന്നത്. ചെറുപ്പത്തിൽ അവ കടൽ മുഴുവൻ സഞ്ചരിക്കുന്നു. എന്നാൽ പ്രായപൂർത്തിയാകുമ്പോൾ മറ്റെന്തോ സംഭവിക്കുന്നു.സഞ്ചാരവും വളർച്ചയും അവസാനിപ്പിച്ച് പാറയിൽ പറ്റിപ്പിടിച്ചിരിക്കുന്നു. ഒരു ഭീകരമായ സത്യം, അവ പിന്നീട് സ്വന്തം തലച്ചോറ് ആഹരിച്ച് ജീവിക്കുന്നു എന്നതാണ്.

നട്ടെല്ലില്ല, ചിന്തകളില്ല, ഒഴുക്കിനൊത്ത് പോകുന്നു. കടൽക്കണവയുടെ ഈ ജീവിതം നമുക്കുണ്ടാകരുതെന്നാണ് പത്രോസ് അപ്പസ്തോലൻ പറയുന്നത്. പക്വതയെന്നത് നമ്മെ സംബന്ധിച്ച്, ദൈവത്തിന്റെ ദിവ്യസ്വഭാവത്തിനു കൂട്ടാളികളായിത്തീരുക എന്നതാണ് (2 പത്രൊസ് 1:4). നിങ്ങളും ഞാനും വളരുന്നതിനായി വിളിക്കപ്പെട്ടവരാണ് - മാനസികമായി, ക്രിസ്തുവിന്റെ പരിജ്ഞാനത്തിലുള്ള വളർച്ചയിലും (3: 18); ആത്മീയമായി നന്മ, സ്ഥിരത, ഇന്ദ്രിയജയം എന്നിങ്ങനെയുള്ള  ഗുണങ്ങളിലും (1:5-7); പ്രായോഗികമായി സ്നേഹം, അതിഥിസത്കാരം, കൃപാവരങ്ങളുടെ ഉപയോഗം എന്നിവയിൽ പുതിയ വഴികൾ കണ്ടെത്തിയും വളരണം (1 പത്രൊസ് 4:7-11). ഇപ്രകാരമുള്ള വളർച്ചയുണ്ടായാൽ നാം " ഉത്സാഹമില്ലാത്തവരും നിഷ്ഫലന്മാരും ആയിരിക്കുകയില്ല" (2 പത്രൊസ് 1:8).

വളർച്ചക്കായുള്ള വിളി, എഴുപത് വയസ്സുകാരനും ചെറുപ്പക്കാരനും ഒരുപോലെ ജീവൽ പ്രധാനമാണ്. ദൈവത്തിന്റെ സ്വഭാവം, സമുദ്രം പോലെ വിശാലമാണ്. അതിന്റെ ഏതാനും വാര മാത്രമേ നാം നീന്തിയിട്ടുള്ളൂ. പുതിയ ആത്മീയ സാഹസിക യാത്രകൾ നടത്താം, ദൈവത്തിന്റെ അപാരമായ അഭേദ്യഗുണങ്ങളിലേക്ക്. പഠിക്കുക, ശുശ്രൂഷിക്കുക, ദൗത്യങ്ങൾ ഏറ്റെടുക്കുക: അങ്ങനെ വളരുക.

സൃഷ്ടിയുടെ വിസ്മയം ആഘോഷിക്കുമ്പോൾ

രത്കാല ഇലകൾ പോലെ നമ്മുടെ ശരീരങ്ങൾ നശ്വരതയുടെ അടയാളങ്ങൾ വഹിക്കുന്നു. എന്നാൽ ഭാവിയിൽ അക്ഷയമായ ശരീരങ്ങൾ പകരം ലഭിക്കും എന്നുള്ളത് കൊണ്ട് നാം ഇപ്പോൾ നമ്മുടെ ശരീരങ്ങളെ അനാദരിക്കുകയും അവഗണിക്കുകയും ചെയ്യുന്നുണ്ടോ? അധ്യാപകനും പ്രകൃതി ശാസ്ത്രജ്ഞനുമായ ഡീൻ ഓൾമൻ, ചുവടെയുള്ള ലേഖനത്തിൽ, നാം നമ്മുടെ സ്വന്തം ശരീരത്തെ പരിപാലിക്കുമ്പോൾ നമുക്ക് ചുറ്റുമുള്ള ലോകത്തെ പരിപാലിക്കുവാനും കാരണമായിത്തീരും എന്ന് കാണുവാൻ സഹായിക്കുന്നു. രണ്ടും ദൈവത്തിൻ്റെ കൈപണിയുടെ ഉൽപന്നങ്ങളാണ്. രണ്ടും നമ്മുടെ വിശ്വസ്ത മേൽനോട്ടം ആവശ്യപ്പെടുന്നു, ഭാവിയിലെ പുനഃസ്ഥാപനത്തിൻ്റെ വാഗ്ദത്തം പങ്കിടുകയും ചെയ്യുന്നു.

മാർട്ടിൻ ആർ. ഡി ഹാൻ II