എന്റെ പൂക്കളെ എന്തോ തിന്നുന്നുണ്ട്. ഒരു ദിവസം മുമ്പ് തലയുയർത്തി നിന്ന പുഷ്പങ്ങളാണ്. ഇപ്പോൾ തലയില്ലാത്ത തണ്ടുകൾ മാത്രം. ഞാൻ തോട്ടത്തിൽ ഒരു പരിശോധന നടത്തി. എന്റെ വേലിയിൽ ഒരു മുയലിന്റെ പാകത്തിനുള്ള സുഷിരം കണ്ടു. മുയലുകൾ മനോഹര ജീവികളാണ്. എന്നാൽ ഈ ശല്യങ്ങൾക്ക് ഒരു പൂന്തോട്ടത്തിലെ പൂക്കളെ മുഴുവൻ മിനിറ്റുകൾ കൊണ്ട് കൂട്ടക്കുരുതി കഴിക്കാനാകും.

എന്റെ ജീവിതത്തിൽ ദൈവീക സ്വഭാവമാകുന്ന പുഷ്പങ്ങൾ ഇല്ലാതാക്കാൻ പോന്ന “നുഴഞ്ഞുകയറ്റക്കാർ” ഉണ്ടോ എന്ന് ഞാൻ അതിശയിക്കുന്നു? സദൃശ്യവാക്യങ്ങൾ 25:28 പറയുന്നു: “ആത്മസംയമം ഇല്ലാത്ത പുരുഷൻ മതിൽ ഇല്ലാതെ ഇടിഞ്ഞു കിടക്കുന്ന പട്ടണം പോലെയാകുന്നു.” പണ്ട് കാലത്ത്, പട്ടണങ്ങളെയെല്ലാം മതിൽ കെട്ടിയാണ് ആക്രമണങ്ങളിൽ നിന്ന് സംരക്ഷിച്ചിരുന്നത്. മതിലിലെ ഒരു ചെറിയ സുഷിരം പോലും മുഴുവൻ പട്ടണത്തെയും ആക്രമണത്തിന് വിധേയമാക്കാൻ മതിയായതാണ്.

നിരവധി സദൃശ്യവാക്യങ്ങൾ ആത്മനിയന്ത്രണത്തെപ്പറ്റിയാണ്. “നിനക്ക് തേൻ കിട്ടിയാൽ വേണ്ടുന്നതേ ഭുജിക്കാവൂ,” ജ്ഞാനിയായവൻ എഴുതി (25:16 ). ആത്മനിയന്ത്രണം എന്നത് ഒരു ആത്മാവിന്റെ ഒരു ഫലമാണ്. അത് നമ്മെ കാക്കുകയും ക്ഷമയില്ലായ്മ, വെറുപ്പ്, അത്യാഗ്രഹം എന്നിങ്ങനെയുള്ള ക്ഷുദ്രജീവികൾ നമ്മുടെ ജീവിതത്തിലെ ദൈവീക ഫലങ്ങളെ  നശിപ്പിക്കുന്നതിൽ നിന്ന്  നമ്മെ സംരക്ഷിക്കുന്നു (ഗലാത്യർ 5:22-23 കാണുക). നമ്മുടെ ജീവിതത്തിന്റെ ഭിത്തിയിലെ സുഷിരങ്ങളെ അടച്ച് സംരക്ഷിക്കുന്ന ആരോഗ്യമുള്ള മനസ്സാണ് ആത്മനിയന്ത്രണം.

ഞാൻ എന്റെ ജീവിത ചുറ്റുപാടുകളെ നിരീക്ഷിക്കുമ്പോൾ അപകടകരമായ സുഷിരങ്ങൾ പലപ്പോഴും കാണാറുണ്ട്. ഞാൻ വീണ്ടും വീണ്ടും പ്രലോഭനത്തിന് വശപ്പെടുന്ന ഒരിടം; ക്ഷമയില്ലാത്ത ഒരു മേഖല. ഈ ആക്രമണകാരികളിൽ നിന്ന് രക്ഷപ്പെടാൻ ദൈവികമായ ആത്മനിയന്ത്രണം എന്ന ആരോഗ്യമുള്ള മനസ്സ് എനിക്ക് എത്ര അനിവാര്യമാണ്!