2001 സെപ്റ്റംബർ 11ന് വേൾഡ് ട്രേഡ് സെന്റർ ടവറുകൾ തകർന്നപ്പോൾ ഗ്രെഗ് റോഡ്രിഗസും കൊല്ലപ്പെട്ടു. അയാളുടെ അമ്മ ഫില്ലിസും പിതാവും അതീവദു:ഖിതരായെങ്കിലും ആ ഭീകരാക്രമണത്തോട് അവർ വളരെ കരുതലോടെയാണ് പ്രതികരിച്ചത്. 2002 ൽ ഫില്ലിസ്, ഈ ആക്രമണത്തിൽ ഭീകരരെ സഹായിച്ചതായി ആരോപിക്കപ്പെട്ട ഒരാളുടെ അമ്മ ഐക്ക-എൽ-വേഫിനെ കാണുവാൻ ഇടയായി. ഫില്ലിസ് പറഞ്ഞത്: “ഞാൻ വിടർന്ന കരങ്ങളോടെ അവരെ സമീപിച്ചു. പരസ്പരം ആലിംഗനം ചെയ്ത് പൊട്ടിക്കരഞ്ഞു… ഐക്കയും ഞാനും തമ്മിൽ പെട്ടെന്ന് അടുപ്പത്തിലായി… ഞങ്ങൾ രണ്ടു പേരും പുത്രന്മാർ നിമിത്തം പ്രയാസം അനുഭവിക്കുന്നവരാണ്. “

വലിയ ദുഃഖത്തോടും വേദനയോടും കൂടിയാണ് ഫില്ലിസ് ഐക്കയെ കണ്ടത്. തന്റെ മകന്റെ മരണം മൂലം തോന്നുന്ന ക്രോധം, ന്യായമാണെങ്കിലും, അതിന് തന്റെ മനോവേദനയെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് ഫില്ലിസ് വിശ്വസിച്ചു. ഐക്കയുടെ കുടുംബ കഥ കേട്ട ഫില്ലിസിന് അവരെ ശത്രുവായി കാണാൻ കഴിഞ്ഞില്ല; പകരം സഹതാപം തോന്നി. നീതി നടപ്പാകണം എന്ന് ആഗ്രഹിച്ചു; എന്നാൽ നമ്മോട് ദോഷം ചെയ്യുന്നവരോട് പ്രതികാരം ചെയ്യാനുള്ള പ്രലോഭനത്തിൽ നിന്ന് മുക്തരാകേണ്ടതാണ് എന്നും ബോധ്യമുണ്ടായിരുന്നു.

ഈ തിരിച്ചറിവാണ് പൗലോസ് അപ്പസ്തോലൻ നല്കുന്നത്; “എല്ലാ കയ്പ്പും കോപവും ക്രോധവും… സകല ദുർഗുണവുമായി നിങ്ങളെ വിട്ട് ഒഴിഞ്ഞു പോകട്ടെ” (എഫെസ്യർ  4:31) എന്ന് പറയുന്നതിലൂടെ. ഈ നശീകരണ പ്രവണതകളെ നാം വിട്ടൊഴിയുമ്പോൾ ദൈവാത്മാവ് നമ്മെ പുതിയ താല്പര്യങ്ങൾ കൊണ്ട് നിറക്കും. “നിങ്ങൾ തമ്മിൽ ദയയും മനസ്സലിവുമുള്ളവരാകാൻ” (വാ:32) പൗലോസ് പറയുന്നു. അനീതികൾ പരിഹരിക്കപ്പെടാനായി പ്രവർത്തിക്കാം എങ്കിലും വൈരാഗ്യ പൂർവ്വമുള്ള പ്രതികാരം ഒഴിവാക്കേണ്ടതാണ്. വിദ്വേഷത്തെ വെല്ലുന്ന ദയ കാണിക്കാൻ ദൈവത്മാവ് നമ്മെ സഹായിക്കട്ടെ.