ചെറിയ കുട്ടിയായിരുന്നപ്പോൾ സ്കൂളിൽ പോകുവാൻ എനിക്ക് ഭയമുണ്ടായിരുന്നു. ചില പെൺകുട്ടികൾ എന്നെ കോമാളിവേഷം കെട്ടിച്ച് അപഹസിക്കുമായിരുന്നു. അതുകൊണ്ട് ഒഴിവുസമയത്തെല്ലാം ഞാൻ ലൈബ്രറിയിൽ അഭയം തേടി ക്രിസ്തീയ കഥകളുടെ പുസ്തകങ്ങൾ വായിച്ചു. യേശു എന്ന പേര് ആദ്യമായി വായിച്ചത് ഞാൻ ഓർക്കുന്നുണ്ട്. എന്നെ സ്നേഹിക്കുന്ന ഒരാളുടെ പേരാണിത് എന്ന് എനിക്ക് എങ്ങനെയോ മനസ്സിലായിരുന്നു. പിന്നീടുള്ള മാസങ്ങളിൽ, ഉപദ്രവം പേടിച്ച് ഞാൻ സ്കൂളിൽ എത്തുമ്പോഴൊക്കെ “യേശുവേ, എന്നെ സംരക്ഷിക്കണമേ” എന്ന് ഞാൻ പ്രാർത്ഥിച്ചു. അവൻ എന്നെ കാക്കുന്നുണ്ട് എന്ന ചിന്ത എനിക്ക് ധൈര്യവും ശാന്തിയും നല്കി. പതിയെപ്പതിയെ, എന്നെ ഉപദ്രവിക്കുന്നതിൽ മനം മടുത്ത് ആ കുട്ടികളത് നിർത്തി.
വർഷങ്ങൾ നിരവധി കടന്നു പോയി, അവന്റെ നാമത്തിലുള്ള ആശ്രയം ഇന്നും എന്നെ പ്രയാസങ്ങളിൽ സഹായിക്കുന്നു. അവന്റെ നാമത്തിൽ ആശ്രയിക്കുക എന്നത് അവൻ തന്റെ സ്വഭാവത്തെപ്പറ്റി പറഞ്ഞിരിക്കുന്നത് വിശ്വസിക്കുന്നതും അവനിൽ വിശ്രമം കണ്ടെത്തുന്നതുമാണ്.
ദൈവത്തിന്റെ നാമത്തിൽ ആശ്രയിക്കുന്നതിലെ സുരക്ഷിതത്വം ദാവീദിന് അറിയാമായിരുന്നു. സങ്കീർത്തനം 9 എഴുതിയപ്പോൾ നീതിമാനും വിശ്വസ്തനും ആയ ദൈവം സർവ്വാധികാരിയാണെന്ന യാഥാർത്ഥ്യം ദാവീദ് ഗ്രഹിച്ചിരുന്നു(വാ. 7, 8, 10, 16). ശത്രുക്കളോട് യുദ്ധത്തിന് പോയപ്പോഴൊക്കെ ദാവീദ് ഈ ദൈവത്തിന്റെ നാമത്തിലാണ് ആശ്രയിച്ചത്; തന്റെ യുദ്ധ മികവിലും ആയുധങ്ങളിലുമല്ല. “പീഢിതന് അഭയസ്ഥാന” (വാ. 9) മായ ദൈവം അദ്ദേഹത്തിന്റെയും ആത്യന്തിക ശരണമായിരുന്നു.
ഒരു ചെറിയ പെൺകുട്ടിയായിരുന്ന ഞാൻ അവന്റെ നാമം വിളിച്ചപേക്ഷിക്കുകയും സംരക്ഷണം അനുഭവിക്കുകയും ചെയ്തു. യേശു എന്ന, നമ്മെ സ്നേഹിക്കുന്നവന്റെ, നാമത്തിൽ എപ്പോഴും ആശ്രയിക്കാൻ നമുക്ക് കഴിയട്ടെ.
എന്ത് വെല്ലുവിളികളാണ് നിങ്ങളെ പ്രയാസപ്പെടുത്തുന്നത്? യേശുവിന്റെ നാമം ധ്യാനിക്കുന്നത് അവനിലുള്ള ആശ്രയത്തെ വർദ്ധിപ്പിക്കുന്നില്ലേ?
സ്വർഗീയ പിതാവേ, ജീവിതത്തിൽ ഞാൻ അഭിമുഖീകരിക്കുന്ന യാതൊരു സാഹചര്യത്തിലും അങ്ങയെ അവിശ്വസിക്കാത്ത വിധം അവിടുന്ന് ആരാണ് എന്ന് ഗ്രഹിക്കുവാൻ എന്നെ സഹായിക്കണമെ.