സഭയിലെ ഒരു കൃതജ്ഞതാ സമ്മേളനത്തിനൊടുവിൽ എല്ലാവരും അവരുടെ ആനന്ദവും ഐക്യവും പ്രകടിപ്പിക്കാനായി വട്ടത്തിൽ നിന്ന് നൃത്തച്ചുവടുകൾ വെച്ചു. ബാരി ഒരു വലിയ പുഞ്ചിരിയോടെ മാറി നിന്ന് നിരീക്ഷിക്കുകയായിരുന്നു. ഇത്തരം അവസരങ്ങളെ താൻ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് അവൻ പറഞ്ഞു. “ഇത് ഇനി എന്റെ കുടുംബമാണ്. ഇതാണെന്റെ സമൂഹം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ഒരിടം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഇവിടെയാണ് എനിക്ക് സ്വന്തമായ ഇടം. “

ചെറുപ്പത്തിൽ ബാരി  മാനസികവും ശാരീരികവുമായി ക്രൂരമായ പീഡനം സഹിച്ചു; ജീവിതത്തിൽ സന്തോഷം നഷ്ടപ്പെട്ടു. എന്നാൽ അവന്റെ സ്ഥലത്തെ സഭ അവനെ യേശുവുമായുള്ള ബന്ധത്തിലേക്ക് നടത്തി. അവരുടെ കലർപ്പില്ലാത്ത സന്തോഷവും ഐക്യവും കണ്ട് അവൻ ക്രിസ്തുവിനെ അനുകരിക്കുവാനും, സ്നേഹവും അംഗീകാരവും അനുഭവിക്കുവാനും തുടങ്ങി.

സങ്കീർത്തനങ്ങൾ 133-ൽ, ദൈവജനത്തിന്റെ “ശുഭവും മനോഹരവുമായ” ഐക്യത്തിന്റെ ദൂരവ്യാപകമായ സത്ഫലങ്ങൾ വിവരിക്കുവാൻ, ദാവീദ് രാജാവ് ശക്തമായ പ്രതീകങ്ങൾ ഉപയോഗിക്കുന്നു. അമൂല്യ തൈലം കൊണ്ട് ഒരാളെ അഭിഷേകം ചെയ്തിട്ട് ആ തൈലം വസ്ത്രാഗ്രങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നതുപോലെ (വാ.2 ) ആണെന്ന് താൻ പറഞ്ഞിരിക്കുന്നു. ഇങ്ങനെ അഭിഷേകം ചെയ്യുന്നത് പുരാതന കാലത്ത് പതിവായിരുന്നു; പ്രത്യേകിച്ചും ഒരാളെ ഭവനത്തിലേക്ക് സ്വീകരിക്കുമ്പോൾ. ദാവീദ്, ഈ ഐക്യത്തെ വീണ്ടും, പർവ്വതത്തിൽ പെയ്ത് ജീവനും സമൃദ്ധിയും ഉളവാക്കുന്ന മഞ്ഞിനോടും ഉപമിക്കുന്നു (വാ. 3).

തൈലം ഒരു മുറിയിൽ സുഗന്ധം പരത്തുകയും മഞ്ഞ് വരണ്ട പ്രദേശത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഏകാന്തത അനുഭവിക്കുന്നവർക്ക് സ്വീകരണം നല്കുന്നതുപോലെ, ഐക്യവും നല്ലതും ആനന്ദദായകവുമാണ്. നമ്മിലൂടെ നന്മ ഉണ്ടാകുവാനായി ക്രിസ്തുവിൽ ഒരുമിച്ചായിരിക്കാൻ നമുക്ക് പരിശ്രമിക്കാം.