അതിശയകരം എന്ന് പറയട്ടെ, വർഷം തോറും ആയിരക്കണക്കിന് തവണ അവതരിപ്പിക്കപ്പെടുന്നതും ഒരുപക്ഷേ ലോകത്തിൽ ഏറ്റവും പ്രസിദ്ധവുമായ സംഗീത സൃഷ്ടിയായ മിശിഹാ എന്ന ഓറേറ്റോറിയോയുടെ (ഒരു സംഗീത രചന) സംഗീതം രചിക്കാൻ ഹാൻഡലിന് കേവലം 24 ദിവസമേ വേണ്ടിവന്നുള്ളൂ. ആരംഭിച്ച് 2 മണിക്കൂർ പിന്നിട്ട്, അതിന്റെ ഏറ്റവും പ്രസിദ്ധമായ “ഹല്ലേലൂയ്യ” കോറസ് എത്തുമ്പോഴാണ് ഈ അതിശയ സൃഷ്ടി അതിന്റെ ഉച്ചസ്ഥായി പ്രാപിക്കുന്നത്.
ട്രംപെറ്റും റ്റിമ്പണിയും ഈ കോറസിന്റെ തുടക്കം കുറിക്കുമ്പോൾ, ഒരു ശബ്ദം മറ്റൊന്നിനു മീതെയായി ഗായക സംഘം വെളിപ്പാട് 11:15 ലെ “അവൻ എന്നെന്നേക്കും വാഴും” എന്നത് പാടുന്നു. സ്വർഗത്തിൽ യേശുവിനോടു കൂടെയുള്ള നിത്യതയുടെ പ്രത്യാശയുടെ പ്രൗഢമായ ഒരു ഘോഷണമാണത്.
മിശിഹായിലെ മിക്കവാറും വാക്കുകൾ, ക്രിസ്തുവിന്റെ വീണ്ടും വരവിനോടനുബന്ധിച്ച് അന്ത്യകാലത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് യോഹന്നാൻ അപ്പസ്തോലന് ദർശനം ലഭിച്ച വെളിപ്പാട് പുസ്തകത്തിൽ നിന്നാണ്. ഇതിൽ ഉയിർത്തെഴുന്നേറ്റ യേശു ഭൂമിയിലേക്ക് വീണ്ടും വരുന്നു എന്ന പുസ്തകത്തിന്റെ പ്രതിപാദ്യ വിഷയത്തിലേക്ക് യോഹന്നാൻ വീണ്ടും വീണ്ടും പോകുന്നുണ്ട് – അപ്പോഴെല്ലാം വലിയ സന്തോഷവും ഗായകവൃന്ദത്തിന്റെ ശബ്ദവും കേൾക്കാം (19:1-8 ). യേശു അന്ധകാര ശക്തികളെയും മരണത്തേയും തോല്പിച്ച് സമാധാനത്തിന്റെ രാജ്യം സ്ഥാപിച്ചതിനാൽ ലോകം ആനന്ദിക്കുകയാണ്.
ഒരിക്കൽ, സ്വർഗം മുഴുവൻ യേശുവിന്റെ മഹത്വകരമായ അധികാരത്തെയും നിത്യമായ വാഴ്ചയെയും ഘോഷിച്ചു കൊണ്ട് പാടും (7: 9). അതുവരെ നാം ജോലി ചെയ്യുന്നു, പ്രാർത്ഥിക്കുന്നു, പ്രത്യാശയോടെ കാത്തിരിക്കുന്നു.
യേശു ലോകത്തിൽ വാഴാൻ വരും എന്നത് നിങ്ങൾക്ക് എങ്ങനെയാണ് ഇപ്പോൾ പ്രത്യാശ നല്കുന്നത്? യേശുവിന്റെ വല്ലഭത്വം ഓർക്കുവാൻ നിങ്ങളെ സഹായിക്കുന്ന പാട്ടുകൾ ഏതൊക്കെയാണ് ?
യേശുവേ, ഈ ഭൂമിയെ വാഴുവാൻ വേഗം വരേണമേ.