2015 ഡിസംബറിലെ മഹാദുരന്തമായ പേമാരിയിൽ ചെന്നെയിൽ 24 മണിക്കൂറിൽ 494 മില്ലീമീറ്റർ മഴ പെയ്തു. മഴയ്ക്ക് പുറമെ ചില അണക്കെട്ടുകളും തുറന്നത് പ്രളയ ദുരന്തം വർദ്ധിപ്പിച്ചു. 250 ലധികം ആളുകൾ മരിക്കുകയും ചെന്നൈയെ ഒരു “ദുരന്തമേഖലയായി” പ്രഖ്യാപിക്കുകയും ചെയ്തു. പ്രകൃതി ചെന്നൈയെ പ്രളയത്തിലാഴ്ത്തിയപ്പോൾ, അവിടുത്തെ മത്സ്യത്തൊഴിലാളികൾ കരുണയുടെ പ്രവാഹത്താൽ നഗരത്തെ നിറച്ചു.
അവർ 400ലധികം ആളുകളെ വീരോചിതമായി രക്ഷിച്ചു. അനവധി വീടുകൾ വെള്ളത്തിനടിയിലാവുകയും കാറുകളും മറ്റു വാഹനങ്ങളും ഒഴുകി നടക്കുകയും ചെയ്തു. ഈ സമർപ്പിതരായ മത്സ്യത്തൊഴിലാളികളുടെ മനസ്സലിവും വൈദഗ്ദ്ധ്യവും ഇല്ലായിരുന്നെങ്കിൽ ഇതിലും അധികം മനുഷ്യജീവനുകൾ നഷ്ടപ്പെടുമായിരുന്നു.
ജീവിതത്തിൽ നാം പലപ്പോഴും അനുഭവിക്കുന്ന പ്രളയം ആക്ഷരികമല്ല- എന്നാൽ യഥാർത്ഥമാണ്. അനിശ്ചിതത്വങ്ങളുടെയും അസ്ഥിരതയുടെയും നാളുകളിൽ മാനസികമായും വൈകാരികമായും, ആത്മീകമായും അമിതഭാരവും അരക്ഷിതത്വവും “നമ്മുടെ തലക്കുമുകളിൽ” നമുക്ക് അനുഭവപ്പെടാം. എന്നാൽ നാം നിരാശപ്പെട്ടു പോകേണ്ടതില്ല.
സങ്കീർത്തനങ്ങൾ 18 ൽ നാം വായിക്കുന്നത്, ദാവീദിന്റെ എതിരാളികൾ എത്ര അസംഖ്യവും ശക്തരും ആയിരുന്നെങ്കിലും, തന്റെ ദൈവം അവരെക്കാൾ വലിയവനാണ് എന്നാണ്. എത്ര വലിയവൻ? അതിമഹത്വവും ബലവും ഉള്ളവൻ (വാ.1) അവിടുത്തെ വിവരിക്കുവാൻ നിരവധി വർണ്ണനകൾ ദാവീദ് ഉപയോഗിച്ചിരിക്കുന്നു (വാ. 2). പെരുവെള്ളത്തിൽ നിന്നും ബലമുള്ള വൈരിയിൽ നിന്നും വിടുവിക്കുവാൻ ദൈവം ശക്തനായിരുന്നു (വാ.16, 17 ). എത്ര വലിയവൻ? ജീവിതത്തിൽ നമ്മെ വലയം ചെയ്യുന്ന “പെരുവെള്ളത്തിന്റെ” ആഴവും പരപ്പും എത്രതന്നെ ആയിരുന്നാലും, യേശുവിന്റെ നാമത്തിൽ നമുക്ക് അവിടുത്തെ വിളിച്ചപേക്ഷിക്കാവുന്നത്ര വലിയവൻ.
ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്ന എന്ത് പെരുവെള്ളമാണ് നിങ്ങൾ അഭിമുഖീകരിക്കുന്നത്? അവനെ ആശ്രയിക്കുന്നതിൽ നിന്ന് നിങ്ങളെ തടയുന്നത് എന്താണ്?
ശക്തനും വിടുവിക്കുന്നവനും രക്ഷിക്കുന്നവനുമായ ദൈവമേ, ജീവിതത്തിൽ പ്രതിസന്ധികൾ ഉണ്ടാകുമ്പോൾ, പ്രവാഹം ഇരച്ചു വരുമ്പോൾ, ഏത് കൊടുങ്കാറ്റിലും, അങ്ങയെ കാണുവാനും അങ്ങയോട് ചേർന്നു നില്ക്കാനും എന്നെ സഹായിക്കണമേ.