നീലഗിരിയിൽ നിന്നാണ് ആ പൂക്കൾ എത്തിയത്. വീട്ടിൽ കൊണ്ടുവന്നപ്പോഴേക്കും അതൊക്കെ വാടിത്തളർന്നിരുന്നു. ഉണർവേകുന്ന നല്ല തണുത്ത വെള്ളത്തിൽ വെച്ച് അവയെ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശത്തിൽ പറഞ്ഞിരുന്നു. അതിന് മുൻപ് നന്നായി വെള്ളം വലിച്ചെടുക്കാൻ അവയുടെ തണ്ട് അല്പം മുറിക്കണമായിരുന്നു. എന്നാൽ അവ അതിജീവിക്കുമോ?

അടുത്ത ദിവസം രാവിലെ എനിക്ക് ഉത്തരം കിട്ടി. നീലഗിരിയിൽ നിന്ന് എത്തിയ ആ പൂച്ചെണ്ട്,  ഞാൻ മുമ്പ് കണ്ടിട്ടില്ലാത്ത പൂക്കളുടെ മനോഹരമായ ഒരു കാഴ്ചയായിരുന്നു. ശുദ്ധജലം ആണ് ആ വ്യത്യാസം വരുത്തിയത് – യേശു ജലത്തെപ്പറ്റി പറഞ്ഞതും വിശ്വസിക്കുന്നവർക്ക് അത് എന്ത് അർത്ഥമാണ് നല്കുന്നത് എന്നും ഓർക്കാൻ ഇത് കാരണമായി.

ശമര്യക്കാരി സ്ത്രീയോട് യേശു കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ – അവൾ കിണറ്റിൽ നിന്ന് കോരുന്ന വെള്ളം താൻ കുടിക്കുമെന്ന സൂചന നൽകി – അവൻ അവളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. യേശുവിന്റെ ചോദ്യം അവളെ ആശ്ചര്യപ്പെടുത്തി. കാരണം യഹൂദർ ശമര്യക്കാരെ താഴ്ന്നവരായി കണക്കാക്കിയിരുന്നു. എന്നാൽ യേശു പറഞ്ഞു: “നീ ദൈവത്തിന്റെ ദാനവും നിന്നോട് കുടിക്കുവാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കുകയും അവൻ ജീവനുള്ള വെള്ളം നിനക്ക് തരികയും ചെയ്യുമായിരുന്നു ” (യോഹന്നാൻ 4:10). പിന്നീട് ദേവാലയത്തിൽ വെച്ച് അവൻ വിളിച്ചു പറഞ്ഞു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” (7:37). അവനിൽ വിശ്വസിക്കുന്നവരിൽ നിന്ന് “ജീവജലത്തിന്റെ നദികൾ ഒഴുകും. അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്ക് ലഭിക്കുവാനുള്ള ആത്മാവിനെക്കുറിച്ച് ആകുന്നു പറഞ്ഞത്” (വാ . 38,39).

ഇന്ന് നാം ജീവിതത്തിൽ തളരുമ്പോൾ ദൈവത്തിന്റെ ആത്മാവ് നമ്മെ ഉന്മേഷം നല്കി ഉണർത്തുന്നു. നമ്മുടെ ആത്മാക്കളിൽ വസിച്ച് ഉന്മേഷമുള്ളവരാക്കുന്ന ജീവ ജലം അവിടുന്നാണ്.  നമുക്കിന്ന് ആഴത്തിൽ ആ വെള്ളം കുടിക്കാം.