മുംബൈയിലെ തെരുവിൽ കഴിയുന്ന കുറെ കുട്ടികളുടെ പേര് ചേർത്ത് രഞ്ജിത്ത് ഒരു പാട്ട് ഉണ്ടാക്കി. ഓരോ പേരിനും വ്യത്യസ്തമായ സംഗീതം നല്കി അതിന്റെ ട്യൂൺ അവരെ പഠിപ്പിച്ചു, അവരുടെ പേരിനെക്കുറിച്ച് അവർക്ക് ശുഭകരമായ ഒരു ഓർമ്മ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സ്നേഹപൂർവ്വമായ വിളി അന്യമായിരുന്ന ആ കുഞ്ഞുങ്ങൾക്ക് അദ്ദേഹം ഒരു ആദരം അർപ്പിക്കുകയായിരുന്നു.
ബൈബിളിൽ പേരുകൾക്ക് പ്രാധാന്യം കല്പിച്ചിട്ടുണ്ട്. പലപ്പോഴും അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ പുതുതായി ലഭിച്ച ദൗത്യത്തെയോ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, അബ്രാമിന്റെയും സാറായിയുടെയും പേരുകൾ ദൈവം മാറ്റി: ദൈവം അവരുടെ ദൈവവും അവർ ദൈവത്തിന്റെ ജനവുമായിരിക്കും എന്ന് അവരുമായി ഒരു സ്നേഹത്തിന്റെ ഉടമ്പടി ചെയ്തപ്പോഴാണ് ഈ പേരുകൾ മാറ്റിയത്. “ശ്രേഷ്ഠനായ പിതാവ്” എന്നർത്ഥമുള്ള അബ്രാം എന്നത്, ” ബഹു ജാതികൾക്ക് പിതാവ്” എന്നർത്ഥമുള്ള അബ്രാഹാം എന്നാക്കി; ” രാജകുമാരി ” എന്നർത്ഥമുളള സാറായി എന്നത് “അനേകർക്ക് രാജകുമാരി” എന്നർത്ഥമുള്ള സാറാ എന്നാക്കി (ഉല്പത്തി 17:5, 15).
ദൈവം നല്കിയ ഈ പേരുകളിൽ അവർ ഇനി സന്തതിയില്ലാത്തവരായിരിക്കില്ല എന്ന വാഗ്ദത്തം കൂടി ഉണ്ടായിരുന്നു. സാറാ ഇസഹാക്കിനെ പ്രസവിച്ചപ്പോൾ അവർ അത്യാഹ്ലാദം മൂലം “അവൻ ചിരിക്കുന്നു” എന്നർത്ഥത്തിൽ ഇസഹാക്ക് എന്ന് പേരിട്ടു. സാറാ പറഞ്ഞു: “ദൈവം എനിക്ക് ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും ” (ഉല്പത്തി 21:6).
നാം ആളുകളെ പേര് ചൊല്ലി വിളിക്കുമ്പോൾ നാം അവരെ ബഹുമാനിക്കുകയും അവർ ആരായിരിക്കേണം എന്ന് ദൈവം ഉദ്ദേശിക്കുന്ന കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ പ്രത്യേക ഗുണങ്ങളെ സൂചിപ്പിക്കുന്ന ഒരു ചെല്ലപ്പേര് പോലും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട വ്യക്തിയെ ആ ഉദ്ദേശ്യത്തിൽ ഉറപ്പിക്കുന്നു.
നിങ്ങളുടെ പേരിനെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു? ഒരു സുഹൃത്തിലോ കുടുംബാംഗത്തിലോ ഉള്ള എന്തെങ്കിലും ഒരു കാര്യത്തെ അവർ ആരാണെന്ന് പ്രതിബിംബിക്കുന്ന പേര് നല്കാൻ നിങ്ങൾക്ക് എപ്പോളാണ് സാധിച്ചത്?
സകല നാമങ്ങളുടെയും ദൈവമേ, അവിടുന്ന് എന്നെ അങ്ങയുടെ ഛായയിൽ സൃഷ്ടിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. എന്നെ അങ്ങയെപ്പോലെയാകാൻ രൂപപ്പെടുത്തുകയും പണിയുകയും ചെയ്യണമേ.