ബഹിരാകാശ സഞ്ചാരികളുടെ കമാൻഡർ  ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലേക്ക് ഒരു യാത്ര നിശ്ചയിച്ചപ്പോൾ ബഹിരാകാശ സഞ്ചാരിയായ ക്രിസ് ഫെർഗൂസൻ ഒരു കഠിനമായ തീരുമാനം എടുത്തു. ഈ തീരുമാനം യാത്രയുടെ സാങ്കേതികത്വമോ സഹയാത്രികരുടെ സുരക്ഷിതത്വമോ സംബന്ധിച്ചതൊന്നുമായിരുന്നില്ല. മറിച്ച്, അത് താൻ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടതായി കരുതിയ ഒരു ദൗത്യവുമായി ബന്ധപ്പെട്ടതായിരുന്നു; തന്റെ കുടുംബം. ഫെർഗൂസൻ തന്റെ മകളുടെ വിവാഹത്തിൽ സംബന്ധിക്കാൻ തന്റെ കാൽ ഭൂമിയിൽ തന്നെ ഉറപ്പിച്ച് നിർത്താൻ തീരുമാനിച്ചു. 

നാമെല്ലാം ജീവിതത്തിൽ പലപ്പോഴും തീരുമാനങ്ങളെടുക്കാൻ പ്രയാസപ്പെടാറുണ്ട്- നമ്മുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്തെന്ന് വിലയിരുത്താൻ കാരണമായ തീരുമാനങ്ങൾ, കാരണം ഒരു കാര്യം സ്വീകരിക്കാൻ മറ്റൊന്ന് ഒഴിവാക്കിയേ മതിയാകൂ. എന്നെ അനുഗമിക്കുക എന്ന് പറഞ്ഞപ്പോൾ യേശു തന്റെ ശിഷ്യന്മാരോടും കേവലം കൂടെ കൂടിയ ജനക്കൂട്ടത്തോടും ജീവതത്തിലെ ഏറ്റവും നിർണ്ണായകമായ തീരുമാനം എന്താണെന്ന് പറയുകയായിരുന്നു. ഒരു ശിഷ്യൻ ആയി യേശുവിന്റെ കൂടെ നടക്കാൻ “തന്നെത്താൻ ത്യജിക്കണം” എന്ന് യേശു പറഞ്ഞു (മർക്കൊസ് 8:34). ക്രിസ്തുവിനെ അനുഗമിക്കുന്നതിൽ വന്നു ചേരുന്ന ത്യാഗങ്ങളെ അവഗണിച്ച് സ്വന്തം താല്പര്യങ്ങളെ മുറുകെപ്പിടിക്കാൻ അവർക്ക് പ്രലോഭനം ഉണ്ടാകാം, അതിനാൽ വില കൊടുക്കാതെ ശിഷ്യരാകാൻ കഴിയില്ല എന്ന് ക്രിസ്തു അവരെ ഓർമിപ്പിച്ചു.

നമുക്കും ജീവിതത്തിൽ മൂല്യമുള്ളതെന്ന് കരുതുന്ന പല കാര്യങ്ങളും പിന്തുടരാൻ പ്രേരണയുണ്ടാകും; എന്നാൽ അവ നമ്മെ യേശുവിനെ അനുഗമിക്കുന്നതിൽ നിന്നും വ്യതിചലിപ്പിക്കും. ജീവിതത്തിൽ ഓരോ ദിവസവും നേരിടുന്ന തിരഞ്ഞെടുപ്പുകൾ ജ്ഞാനത്തോടെ ദൈവമഹത്വത്തിനായി ചെയ്യുവാൻ ദൈവത്തിന്റെ സഹായം തേടാം.