“എല്ലാ സത്യവും പറയുക, പക്ഷേ അത് വളച്ചുകെട്ടി പറയുക,” കവി എമിലി ഡിക്കിൻസൺ എഴുതി. ദൈവത്തിന്റെ സത്യവും മഹത്വവും ദുർബലരായ മനുഷ്യർക്ക് ഒരേസമയം മനസ്സിലാക്കാനോ സ്വീകരിക്കാനോ കഴിയാത്തവിധം “വളരെ തിളക്കമുള്ളതാണ്’.” ദൈവത്തിന്റെ കൃപയും സത്യവും “വളച്ചുകെട്ടിയ” നിലയിൽ – സൗമ്യമായി, പരോക്ഷമായവഴികളിൽ – പങ്കിടുകയും സ്വീകരിക്കുകയുമാണു നമുക്കു നല്ലത്. കാരണം “സത്യം ക്രമേണ കണ്ണഞ്ചിപ്പിക്കും/അല്ലെങ്കിൽ ഓരോ മനുഷ്യനും അന്ധനായിരിക്കണം.”
അപ്പൊസ്തലനായ പൗലൊസ് എഫെസ്യർ 4-ൽ സമാനമായ ഒരു വാദം ഉന്നയിച്ചു, “പൂർണ്ണവിനയത്തോടും സൗമ്യതയോടും” കൂടെ നടക്കാനും ദീർഘക്ഷമയുള്ളവരായിരിപ്പാനും സ്നേഹത്തിൽ അന്യോന്യം ക്ഷമിക്കാനും (വാ. 2) അവൻ വിശ്വാസികളെ ആഹ്വാനം ചെയ്തു. വിശ്വാസികളുടെ പരസ്പരമുള്ള സൗമ്യതയ്ക്കും കൃപയ്ക്കും അടിസ്ഥാനം നമ്മോടുള്ള ക്രിസ്തുവിന്റെ കൃപയുള്ള വഴികളാണെന്ന് പൗലൊസ് വിശദീകരിച്ചു. അവന്റെ ജഡധാരണത്തിൽ (വാ. 9-10), അവനെ വിശ്വസിക്കാനും സ്വീകരിക്കാനും ആളുകൾക്ക് കഴിയേണ്ടതിന് ആവശ്യമായ ശാന്തവും സൗമ്യവുമായ വഴികളിൽ യേശു തന്നെത്തന്നെ വെളിപ്പെടുത്തി.
അങ്ങനെയുള്ള സൗമ്യവും സ്നേഹനിർഭരവുമായ വഴികളിൽ – തന്റെ ജനത്തിന് വളരാനും പക്വത പ്രാപിക്കാനും ആവശ്യമായ വഴികളിൽ അവരെ പ്രാപ്തരാക്കുകയും ശക്തീകരിക്കുകയും ചെയ്യുന്ന വഴികളിൽ – അവൻ തന്നെത്തന്നെ വെളിപ്പെടുത്തുന്നത് തുടരുന്നു. “നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം” (വാ. 12-13) അതു തുടരുന്നു. നാം വളരുന്തോറും, പ്രത്യാശക്കായി മറ്റെവിടെയെങ്കിലും നോക്കാനുള്ള സാധ്യത കുറയുകയും (വാ. 14), യേശുവിന്റെ സൗമ്യമായ സ്നേഹത്തിന്റെ മാതൃക പിന്തുടരുന്നതിൽ കൂടുതൽ ആത്മവിശ്വാസം പുലർത്തുകയും ചെയ്യുന്നു (വാ. 15-16).
ദൈവത്തിന്റെ കൃപയും സത്യവും സൗമ്യവും പരോക്ഷവുമായ വഴികളിലൂടെ നിങ്ങൾ എങ്ങനെയാണ് അനുഭവിച്ചിട്ടുള്ളത്? മറ്റുള്ളവരുമായി ബന്ധപ്പെടാൻ അവന്റെ സൗമ്യമായ വഴികൾക്ക് നിങ്ങളെ എങ്ങനെയാണ് സഹായിക്കാൻ കഴിയുന്നത്?
പ്രിയ ദൈവമേ, അങ്ങയുടെ നന്മയും കൃപയും സത്യവും എനിക്കു വെളിപ്പെടുത്തുന്ന സൗമ്യമായ വഴികൾക്കു നന്ദി. അങ്ങയുടെ സ്നേഹനിർഭരമായ പരിചരണത്തിൽ ഞാൻ ആശ്രയിക്കുന്നതിലൂടെ ക്ഷമയും വിശ്രമവും കണ്ടെത്താൻ എന്നെ സഹായിക്കേണമേ.